News - 2026

രാഷ്ട്രീയ പ്രതിസന്ധി: നവംബര്‍ 10ന് ഉപവാസ പ്രാര്‍ത്ഥന ദിനം പ്രഖ്യാപിച്ച് പോളിഷ് മെത്രാന്‍ സമിതി

പ്രവാചകശബ്ദം 07-11-2026 - Saturday

വാര്‍സോ: പോളണ്ടിലെ ഭരണഘടനാ ട്രിബ്യൂണലുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് സമാധാനവും അനുരഞ്ജനവും പുനഃസ്ഥാപിക്കുന്നതിനായി നവംബർ 10 ചൊവ്വാഴ്ച ഉപവാസ പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ ആഹ്വാനം. വാര്‍സോയിൽ അടിയന്തരമായി ചേർന്ന പോളിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെ പെർമനന്റ് കൗൺസിൽ യോഗത്തിന് ശേഷമാണ് നിർണായക ആഹ്വാനം പുറപ്പെടുവിച്ചത്.

വർഷങ്ങളായി നിലനിൽക്കുന്ന ആഴത്തിലുള്ള സാമൂഹിക - രാഷ്ട്രീയ ഭിന്നതകൾ ഇപ്പോൾ വിദ്വേഷത്തിലേക്കും ആക്രമണങ്ങളിലേക്കും വഴിമാറുന്നതിൽ മെത്രാന്‍ സമിതി കടുത്ത ആശങ്ക രേഖപ്പെടുത്തി. സാമൂഹിക സമാധാനത്തിനും ദേശീയ ധാരണയ്ക്കും അനുരഞ്ജനത്തിനുമായി വിശ്വാസികൾ തീക്ഷ്ണമായ പ്രാർത്ഥനയിൽ പങ്കുചേരണം. ഭരണാധികാരികൾക്ക് ജ്ഞാനവും വിവേകവും ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമെന്നും നവംബർ 10 ചൊവ്വാഴ്ച വിശ്വാസികൾ ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിക്കണമെന്നും മെത്രാൻ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പോളണ്ട് റിപ്പബ്ലിക് എന്നത് എല്ലാ പൗരന്മാരുടെയും പൊതുനന്മയാണ് ഉള്‍ക്കൊള്ളുന്നതെന്നും രാഷ്ട്രീയ നേതാക്കൾ ദൈവത്തിനും രാജ്യത്തിനും ചരിത്രത്തിനും മുന്നിൽ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്നും മെത്രാന്മാർ മുന്നറിയിപ്പ് നൽകി. മാതൃരാജ്യത്തിന്റെ നന്മയെയും സാമൂഹിക സമാധാനത്തെയും മുൻനിർത്തി, സംഘർഷങ്ങൾ കൂടുതൽ വഷളാക്കരുതെന്നും ക്രിയാത്മകമായ സംഭാഷണങ്ങൾക്ക് തുടക്കം കുറിക്കണമെന്നും വീണ്ടും ആഹ്വാനം ചെയ്യുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു.

പോളണ്ട് നിലവിൽ ഭരണഘടനാപരമായതും രാഷ്ട്രീയപരവുമായ ഗുരുതര പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തെ പരമോന്നത കോടതിയായ 'കോൺസ്റ്റിറ്റ്യൂഷണൽ ട്രൈബ്യൂണലി'ന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഈ തർക്കം ഉടലെടുത്തിരിക്കുന്നത്. 2015-നും 2023-നും ഇടയിൽ 'ലോ ആൻഡ് ജസ്റ്റിസ്' (PiS) പാർട്ടി ഭരണത്തിലിരിക്കെ നീതിന്യായ വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങൾ, ജനാധിപത്യപരമായ നിയന്ത്രണങ്ങളെയും സന്തുലിതാവസ്ഥകളെയും ദുർബലപ്പെടുത്തിയെന്ന് വിമർശകരും യൂറോപ്യൻ യൂണിയനും വാദിച്ചിരുന്നു. 2023-ന്റെ അവസാനത്തിൽ അധികാരത്തിലെത്തിയ ടസ്കിന്റെ സർക്കാർ, ഈ മാറ്റങ്ങളെ തിരുത്താനാണ് ശ്രമിക്കുന്നത്. ഇതിനെതിരെയുളള ഭിന്നതയാണ് പ്രശ്നം കലുഷിതമാക്കുന്നത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »