News - 2026
യൂറോപ്പിലെ ഏറ്റവും വലിയ മരിയന്‍ രൂപം പോളണ്ടില്‍
പ്രവാചകശബ്ദം 18-08-2026 - Tuesday
വാര്‍സോ: പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ കന്യകാമറിയത്തിന്റെ രൂപം പോളണ്ടില്‍ അനാച്ഛാദനം ചെയ്തു. കൊനോടോപി പട്ടണത്തിൽ നിർമ്മിച്ച രൂപത്തിന് തറയില്‍ നിന്നു 55.6 മീറ്റർ (182 അടി) ഉയരമുണ്ട്. വ്ലോക്ലാവെക് രൂപതയിലെ ബിഷപ്പ് ക്രിസ്റ്റോഫ് വെറ്റ്‌കോവ്‌സ്‌കി അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു ഈ സമർപ്പണം. ഗ്രസീന - റോമൻ കർക്കോസിക് ദമ്പതികളാണ് സ്മാരക നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നൽകിയത്.
ദൈവമാതാവിന്റെ മാധ്യസ്ഥത്തിലൂടെ ദൈവം നല്‍കിയ അനുഗ്രഹത്തിനുള്ള കൃതജ്ഞതയുടെ ഭാഗമായി വ്യക്തിപരമായ നേർച്ച എന്ന നിലയിലാണ് നിര്‍മ്മാണത്തിന് സഹായം നല്‍കിയതെന്ന് ദമ്പതികള്‍ വ്യക്തമാക്കി. തീർത്ഥാടന കേന്ദ്രമായ 'ഔവർ ലേഡി ഓഫ് സോറോസ് സ്ഥിതി ചെയ്യുന്ന ചാപ്പലിന് സമീപമാണ് പുതിയ രൂപം. പുതിയ സ്മാരകം നിലകൊള്ളുന്ന സ്ഥലം സാധാരണമായ ഒരിടമല്ല, മറിച്ച് തീർത്ഥാടകരുടെ പ്രാർത്ഥനകളാൽ വിശുദ്ധീകരിക്കപ്പെട്ട ഒരിടമാണെന്നും വ്ലോക്ലാവെക്കിലെ ബിഷപ്പ് ബിഷപ്പ് ക്രിസ്റ്റോഫ് വെറ്റ്‌കോവ്‌സ്‌കി പറഞ്ഞു.
ക്രിസ്തു തന്റെ ദൈവിക കാരുണ്യം വെളിപ്പെടുത്തിയ വിശുദ്ധ ഫൗസ്റ്റിന കൊവാൽസ്ക ജനിച്ചതും, മാമ്മോദീസയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയതും വ്ലോക്ലാവെക് രൂപതയുടെ ഭാഗമായ സ്ഥലത്താണെന്ന് ബിഷപ്പ് വെറ്റ്കോവ്സ്കി ചൂണ്ടിക്കാട്ടി. ജപമാല പ്രാർത്ഥനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്മാരകത്തിന് മുകളിൽ വട്ടമിട്ടു പറന്ന ഹെലികോപ്റ്ററുകളിൽ നിന്ന് ചുവന്ന റോസാപ്പൂവിതളുകൾ വർഷിച്ചിരിന്നു. പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

















