News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 09-05-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ സെബദീപുത്രന്മാരുടെ യാചന, അന്ധനായ ബര്‍തിമേയൂസ് എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ബീഡ്, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ പോളിക്കാര്‍പ്പ്, നസിയാന്‍സിലെ ഗ്രിഗറി, വിശുദ്ധ അംബ്രോസ്, അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: സെബദീപുത്രന്മാരുടെ യാചന- വിശുദ്ധ മര്‍ക്കോസ് 10:32-45 (മത്താ 20:20-28)

32 അവര്‍ ജറുസലെമിലേക്കുള്ള വഴിയെ നടന്നുപോവുകയായിരുന്നു. ഈശോ അവരുടെ മുമ്പില്‍ നടന്നിരുന്നു. അവര്‍ വിസ്മയിച്ചു. അനുയാത്ര ചെയ്തിരുന്നവര്‍ ഭയപ്പെടുകയും ചെയ്തു. അവന്‍ പന്ത്രണ്ടുപേരെയും അടുത്തു വിളിച്ച്, തനിക്കു സംഭവിക്കുവാനിരിക്കുന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. 33 ഇതാ, നമ്മള്‍ ജറുസലെമിലേക്കു പോകുന്നു. മനുഷ്യപുത്രന്‍ പ്രധാന പുരോഹിതന്‍മാര്‍ക്കും നിയമജ്ഞന്‍മാര്‍ക്കും ഏല്പിക്കപ്പെടും. 34 അവര്‍ അവനെ മരണത്തിനു വിധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. അവര്‍ അവനെ പരിഹസിക്കുകയും അവന്റെമേല്‍ തുപ്പുകയും അവനെ പ്രഹരിക്കുകയും വധിക്കുകയും ചെയ്യും. മൂന്നു ദിവസത്തിനുശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.

35 സെബദീപുത്രന്‍മാരായ യാക്കോബും യോഹന്നാനും അവനെ സമീപിച്ച് അപേക്ഷിച്ചു: ഗുരോ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നതെന്തും ഞങ്ങള്‍ക്കു ചെയ്തുതരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. 36 അവന്‍ ചോദിച്ചു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

37 അവര്‍ പറഞ്ഞു: അങ്ങയുടെ മഹത്ത്വത്തില്‍ ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ വലത്തുവശത്തും മറ്റെയാള്‍ ഇടത്തുവശത്തും ഉപവിഷ്ടരാകാന്‍ അനുവദിക്കണമേ! 38 ഈശോ പ്രതിവചിച്ചു: നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം സ്വീകരിക്കാനോ നിങ്ങള്‍ക്കു കഴിയുമോ? 39 ഞങ്ങള്‍ക്കു കഴിയും എന്ന് അവര്‍ മറുപടി പറഞ്ഞു. ഈശോ അവരോടു പറഞ്ഞു: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കും; ഞാന്‍ സ്വീകരിക്കുന്ന സ്‌നാനം നിങ്ങള്‍ സ്വീകരിക്കും. 40 എന്നാല്‍, എന്റെ വലത്തുവശത്തോ ഇടത്തുവശത്തോ ഇരിക്കാനുള്ള വരം തരേണ്ടതു ഞാനല്ല. അത് ആര്‍ക്കുവേണ്ടി സജ്ജമാക്കപ്പെട്ടിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്. 41 ഇതുകേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്ക് യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി.

42 ഈശോ അവരെ അടുത്തു വിളിച്ചു പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍ യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറി യാമല്ലോ. 43 എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. 44 നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായി രിക്കണം. 45 മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷി ക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രേ.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

ആരുടെ കൈകളാലാണ് താന്‍ വധിക്കപ്പെടുകയെന്ന് ഈശോ മുന്‍കൂട്ടി വ്യക്തമാക്കി. കുരിശുമരണത്തെക്കുറിച്ച് വ്യക്തമായ സൂചന അവിടുന്ന് ഇവിടെ നല്കിയില്ല. എന്നാല്‍ യഹൂദന്മാര്‍ തന്നെ വിജാതീയര്‍ക്ക്, അതായത് റോമാക്കാര്‍ക്ക് ഏല്പിച്ചുകൊടുക്കുമെന്ന് അവിടുന്ന് വ്യക്തമാക്കി. എന്തെന്നാല്‍ പീലാത്തോസ് റോമാക്കാരനായിരുന്നു; റോമാക്കാര്‍ ഗവര്‍ണ്ണറാക്കി യൂദയായിലേക്ക് അയച്ചതായിരുന്നു അയാളെ (Tractates on John 94.5).

ഉന്നതിക്കുള്ള മാര്‍ഗ്ഗം

അവര്‍ മഹത്ത്വത്തിനുവേണ്ടിയാണ് യാചിച്ചത്. എന്നാല്‍ ഉന്നതിക്കുമുമ്പേ താഴ്മയെ പുല്‍കാനാണവിടുന്നാഗ്രഹിച്ചത്. താഴ്‌വരയിലൂടെ ഉന്നതിയിലേക്കു വഴിയൊരുക്കാനാണവിടുന്നു തയാറായത്. ഇടത്തും വലത്തും ഇരിക്കാനുള്ള വരം ചോദിച്ചവരും മഹത്ത്വത്തിനുവേണ്ടിയാണ് യാചിച്ചത് (മത്താ 20,20-23; മര്‍ക്കോ 10,35-40). അവര്‍ അന്വേഷിക്കുകയായിരുന്നു; എന്നാല്‍ വഴി കണ്ടെത്തിയില്ല. ശരിയായ വഴിയിലൂടെ അവര്‍ സ്വദേശത്തെത്തുന്നതിനുവേണ്ടി ഈശോ അവരെ ഇടുങ്ങിയ മാര്‍ഗ്ഗത്തിലേക്കു തിരികെ വിളിച്ചു.

സ്വദേശം ഉന്നതങ്ങളിലാണെങ്കിലും അവിടേക്കുള്ള വഴി താഴ്ന്നതാണ്. മാതൃദേശം മിശിഹായിലുള്ള ജീവിതമാണ്; അവിടേക്കുള്ള വഴി മിശിഹായോടൊത്തുള്ള മരണമാണ് (മത്താ 6,25; മര്‍ക്കോ 8,35; ലൂക്കാ 9,24; 17,33). ലക്ഷ്യം മിശിഹായോടൊത്തുള്ള നിത്യവാസമാണ്; മാര്‍ഗ്ഗം അവനോടൊത്തുള്ള സഹനമാണ്. സ്വദേശത്തെ ആഗ്രഹിക്കുന്നവര്‍ അവിടേയ്ക്കുള്ള പാത പുല്‍കണം (Tractates on John 28.5.2).

കാസാ എന്നതിന്റെ അര്‍ത്ഥം

എളിമയുടെയും പീഡാസഹനത്തിന്റെയും കാസയെയാണ് അവിടുന്നുദ്ദേശിച്ചത് (Tractates on John 28.5.2).

പാപത്തെ ഇല്ലാതാക്കിയവന്‍

അവന്‍ നമ്മോടൊപ്പം ശിക്ഷയേറ്റു; എന്നാല്‍ പാപം ചെയ്തില്ല. പാപത്തിന്റെ ശിക്ഷ മരണമാണ്. കര്‍ത്താവീശോമിശിഹാ മരിക്കാന്‍ ആഗതനായി; എന്നാല്‍ പാപം ചെയ്യാനല്ല. പാപം ചെയ്യാതെ അതിനുള്ള ശിക്ഷയേറ്റതുവഴി അവിടുന്ന് പാപത്തെയും മരണത്തെയും ഇല്ലാതാക്കി (2 കോറി 5,21; ഹെബ്രാ 4,15; 9,26-28; 10,1-18) (Sermons on the Liturgical Season- For the Easter Season, Sermon 231.2).

വിശുദ്ധ ബീഡ്:

മറ്റു ശ്ലീഹന്‍മാര്‍ക്കിടയില്‍ തങ്ങള്‍ മിശിഹായാല്‍ സവിശേഷമായി സ്‌നേഹിക്കപ്പെടുന്നുണ്ടെന്നും പത്രോസിനോടൊപ്പം പലപ്പോഴും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളെക്കുറിച്ച് അറിവു നേടിയിട്ടുണ്ടെന്നും സെബദീപുത്രന്‍മാര്‍ക്കറിയാമായിരുന്നു (മത്താ 17,1-3; മര്‍ക്കോ 5,37; 9,2-4; 14,33; ലൂക്കാ 8,51; 9,28-30). പത്രോസിനെന്നതുപോലെ അവര്‍ക്കും പുതിയ പേരു നല്‍കപ്പെട്ടിരുന്നു. തന്റെ അടിയുറച്ച വിശ്വാസത്തിന്റെയും ഉറപ്പിന്റെയും പേരില്‍ ശിമയോന് പത്രോസെന്ന പേരു നല്‍കപ്പെട്ടതുപോലെ പത്രോസിനോടൊപ്പം സ്വര്‍ഗത്തില്‍നിന്നുള്ള സ്വരം കേട്ടതിനാല്‍ അവര്‍ ഇടിമുഴക്കത്തിന്റെ പുത്രന്‍മാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു (മര്‍ക്കോ 3,16-17; മത്താ 17,5).

മറ്റു ശിഷ്യരെക്കാള്‍ കൂടുതലായി അവര്‍ രഹസ്യങ്ങള്‍ അറിഞ്ഞു. നമ്മുടെ കര്‍ത്താവിനെ മുഴുവന്‍ ഹൃദയത്തോടെയും വലിയ സ്‌നേഹത്തോടെയും ആശ്ലേഷിച്ച് അവിടുത്തോടു ചേര്‍ന്നുനില്ക്കുന്നവരാണ് തങ്ങളെന്ന് അവര്‍ക്കുള്ളില്‍ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ അവന്റെ രാജ്യത്തില്‍ തങ്ങളിരുവരും അവന്റെ ഇടത്തും വലത്തും ഇരിക്കുമെന്ന കാര്യത്തില്‍ അവര്‍ക്കു സംശയമേ ഉണ്ടായിരുന്നില്ല. കൂടാതെ ആത്മാവിലും ശരീരത്തിലും വിശുദ്ധിനിറഞ്ഞ യോഹന്നാല്‍ അന്ത്യഅത്താഴവേളയില്‍ അതീവ സ്‌നേഹത്തോടെ അവിടുത്തെ വക്ഷസ്സില്‍ ചാരിക്കിടക്കുകയും ചെയ്തല്ലോ (യോഹ 13,23) (Exposition on the Gospel of Mark 2.21).

അവരുടെ യാചന മറികടക്കപ്പെടുന്നു

സെബദീപുത്രന്‍മാര്‍ ഈശോയോട് അവന്റെ രാജ്യത്തില്‍ സിംഹാസനങ്ങള്‍ യാചിച്ചപ്പോള്‍ അവന്‍ അവരെ തന്റെ കാസയില്‍നിന്നു പാനം ചെയ്യാന്‍ ക്ഷണിച്ചു (മത്താ 20,22; മര്‍ക്കോ 10,38). അതായത് തന്റെ പീഡാസഹനത്തോട് അനുരൂപപ്പെടാനാവശ്യപ്പെട്ടു (Exposition on the Gospel of Mark 2.21).

വിശുദ്ധ ക്രിസോസ്‌തോം:

അവര്‍ പ്രതീക്ഷിച്ചത് അവന്‍ തന്റെ രാജ്യത്തിലേക്കു പ്രവേശിക്കാറായിരിക്കുന്നുവെന്നാണ്. കുരിശിലേക്കും മരണത്തിലേക്കും കടക്കുമെന്നായിരുന്നില്ല. അനേകംതവണ കേട്ടിട്ടും അവരതു ഗ്രഹിച്ചിരുന്നില്ല. അവന്റെ പ്രബോധനത്തെപ്പറ്റി വ്യക്തവും തീര്‍ച്ചയുള്ളതുമായ അറിവ് അവര്‍ക്കു ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍, അവിടുന്ന് ഭൗമിക രാജാവാകുമെന്നും ജറുസലേമില്‍ ഭരിക്കുമെന്നും അവര്‍ വിചാരിച്ചു.

വഴിയില്‍വച്ച് അവര്‍ക്ക് ഈശോയുടെ പക്കല്‍ അനുകൂലമായ ഒരവസരം വന്നിരിക്കുന്നതായി കരുതി, അവര്‍ യാചിച്ചു. മറ്റു ശിഷ്യരില്‍നിന്നു വിദൂരത്തായിരുന്ന അവസരമുപയോഗിച്ച് അവര്‍ പ്രമുഖസ്ഥാനങ്ങള്‍ക്കും ഒന്നാമത്തെ ഇരിപ്പിടങ്ങള്‍ക്കുംവേണ്ടി യാചിച്ചു (മര്‍ക്കോ 10,35-37). എല്ലാം പൂര്‍ത്തിയായിരിക്കുന്നുവെന്ന മിഥ്യാധാരണയിലാണവര്‍ ഇതുചെയ്തത്. അത് കിരീടങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുമുള്ള സമയമാണെന്ന് അവര്‍ കരുതിയിരുന്നു (On the Incomprehensible Nature of God 8.31)..

അസമയത്തെ യാചന

അവര്‍ യാചിക്കുന്നതെന്തെന്നവര്‍ക്കറിവില്ലായിരുന്നു. എന്തെന്നാല്‍ മത്സരം തുടങ്ങുന്നതിനു മുമ്പുതന്നെ അവര്‍ കിരീടങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കുംവേണ്ടി യാചിച്ചു. ''നിങ്ങളെന്താണ് ചോദിക്കുന്നതെന്ന് നിങ്ങളറിയുന്നില്ല'' എന്നു പറഞ്ഞപ്പോള്‍ മിശിഹാ രണ്ടു തലങ്ങളില്‍ സംസാരിക്കുകയായിരുന്നു (മത്താ 20,22; മര്‍ക്കോ 10,38). ഒന്നാമതായി, അവര്‍ ചോദിക്കുന്നത് ഭൗമിക രാജ്യത്തെക്കുറിച്ചാണ്; താനാകട്ടെ, അതിനെക്കുറിച്ച് യാതൊന്നും സംസാരിച്ചിട്ടില്ല.

ഭൂമിയിലെ ദൃശ്യ സാമ്രാജ്യത്തെക്കുറിച്ച് പ്രഖ്യാപനമോ വാഗ്ദാനമോ താന്‍ നടത്തിയിട്ടില്ല. രണ്ടാമതായി, മറ്റുള്ളവരെക്കാള്‍ അധികം പരിശ്രമശാലികളും കഠിനാദ്ധ്വാനികളുമായി കാണപ്പെടേണ്ട ഈ സമയത്ത് അവര്‍ ആനുകൂല്യങ്ങള്‍ക്കും ബഹുമതികള്‍ക്കുംവേണ്ടി യാചിച്ചിരിക്കുന്നതിനാല്‍ തെറ്റായ സമയത്താണ് അതു ചെയ്തത്. തീര്‍ത്തും അസമയത്തായിപ്പോയി അവരുടെ യാചന. എന്തെന്നാല്‍ ഇത് സമ്മാനങ്ങള്‍ക്കും കിരീടങ്ങള്‍ക്കും വേണ്ടിയുള്ള സമയമായിരുന്നില്ല. മറിച്ച് ക്ലേശങ്ങളുടെയും പോരാട്ടങ്ങളുടെയും അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും മല്‍പ്പിടുത്തങ്ങളുടെയും യുദ്ധത്തിന്റെയും സമയമായിരുന്നു (On the Incomprehensible Nature of God 8.32-33).

മിശിഹായുടെ പങ്കാളികള്‍

അവിടുന്ന് ഇതിനെ 'മാമ്മോദീസാ' എന്നു വിളിക്കാന്‍ കാരണം ലോകം മുഴുവന്‍ അതുവഴി വലിയ ശുദ്ധീകരണം നേടുമെന്നതിനാലാണ്. അവര്‍ മറുപടി പറഞ്ഞു: ''ഞങ്ങള്‍ക്കു കഴിയും'' ചോദിച്ചത് നേടിയെടുക്കാനുള്ള തിടുക്കത്തില്‍, പറയുന്നെതെന്താണെന്നറിയാതെ, തീക്ഷ്ണതയോടെ അവര്‍ വാഗ്ദാനം ചെയ്തു. അവന്‍ അവരോട് വലിയ കാര്യങ്ങളാണ് പ്രവചിച്ചത്: എന്നെപ്രതി നിങ്ങള്‍ രക്തസാക്ഷികളാകും, ഞാന്‍ സഹിക്കുന്നവ നിങ്ങളും സഹിക്കും; അക്രമത്തിനിരയായി നിങ്ങളുടെ ഇഹലോകജീവിതം അവസാനിക്കും. ഇക്കാര്യത്തിലും നിങ്ങള്‍ എന്റെ പങ്കാളികളായിരിക്കും (The Gospel of St. Matthew, Homily 65).

മാമ്മോദീസായില്‍ നല്‍കപ്പെടുന്ന കൃപാവരം

നമ്മള്‍ ജലത്തില്‍ മുക്കപ്പെടുമ്പോള്‍ നമ്മിലെ പഴയമനുഷ്യന്‍ ഒരു കല്ലറയിലെന്നപോലെ എന്നെന്നേക്കുമായി ആഴ്ത്തപ്പെടുകയാണ്. ജലത്തില്‍നിന്നു പുറത്തുവരുമ്പോള്‍ പുതിയ മനുഷ്യന്‍ ഉയര്‍ന്നുവരുന്നു. നമുക്കു ശിരസ്സ് വീണ്ടും ജലത്തില്‍ മുക്കിയുയര്‍ത്താന്‍ കഴിയുന്നതുപോലെ നമ്മിലെ പഴയമനുഷ്യനെ താഴ്ത്താനും പുതിയ മനുഷ്യനെ ഉയര്‍ത്തി പ്രദര്‍ശിപ്പിക്കാനും ദൈവത്തിനു കഴിയും. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും ശക്തിയാണ് ഇതു നിറവേറ്റുന്നതെന്നു കാണിക്കാന്‍ മൂന്നു പ്രാവശ്യം ഇപ്രകാരം ചെയ്യുന്നു (മത്താ 28,19). (Homilies on John 25.2).

കുരിശാകുന്ന കാസയും മരണമാകുന്ന മാമ്മോദീസായും

ഇവിടെ ഈശോ തന്റെ കുരിശാരോഹണത്തെ കാസയായും മരണത്തെ മാമ്മോദീസായായും വിശേഷിപ്പിച്ചു. കുരിശിനെ കാസയായി വിശേഷിപ്പിച്ചത് അവന്‍ സന്തോഷത്തോടെ അതിനെ സമീപിക്കുന്നതിനാലാണ്. മരണത്തെ മാമ്മോദീസാ എന്നു വിളിക്കാന്‍ കാരണം അതുവഴി അവന്‍ ലോകത്തെ കഴുകി ശുദ്ധി വരുത്തിയതാണ്. മരണത്തെ മാമ്മോദീസയായി വിശേഷിപ്പിക്കാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. അതായത് അവന്‍ അനായാസം അതില്‍ നിന്നു പുറത്തുവരും. മാമ്മോദീസായില്‍ ജലത്തില്‍ മുക്കപ്പെടുന്നവന്‍ തടസംകൂടാതെ ഉയര്‍ന്നുവരുന്നതുപോലെ മിശിഹാ വളരെ എളുപ്പത്തില്‍ താന്‍ ആഴ്ന്നിറങ്ങിയ മരണത്തില്‍നിന്നു ഉയര്‍ന്നുവന്നു (On the Incomprehensible Nature of God 8.35).

താഴ്മകൊണ്ടുണ്ടാക്കിയ നേട്ടം

അവന്‍ ശാപത്തെ തുടച്ചുനീക്കി (ഗലാ 3,10-13), മരണത്തിനുമേല്‍ ജയമാര്‍ന്നു (1 കോറി 15,55-57; 2 തിമോ 1,10). പറുദീസ തുറന്നു (ലൂക്ക 23,43; 2 കോറി 12,4). അവന്‍ പാപത്തെ പരാജയപ്പെടുത്തി, ആകാശകവാടങ്ങള്‍ മലര്‍ക്കെ തുറന്നു; നമ്മിലെ ആദ്യഫലങ്ങളെ സ്വര്‍ഗത്തിലേക്കുയര്‍ത്തി (1 കോറി 15,20). ലോകം മുഴുവനായും ദൈവഭക്തികൊണ്ടു നിറച്ചു. അവന്‍ തെറ്റിനെ പുറത്താക്കുകയും സത്യത്തെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. നമ്മിലെ ആദ്യഫലങ്ങളെ രാജകീയ സിംഹാസനത്തില്‍ ഉപവിഷ്ടമാക്കി. എനിക്കോ മനുഷ്യകുലം മുഴുവനുമോ വിവരിക്കാനാവാത്തവിധം നല്ല കാര്യങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി (യോഹ 21,25).

അവന്‍ തന്നെത്തന്നെ വിനീതനാക്കുന്നതിനു മുമ്പ് മാലാഖമാര്‍ മാത്രമേ അവനെ അറിഞ്ഞുള്ളൂ. അതിനുശേഷം മനുഷ്യപ്രകൃതി മുഴുവന്‍ അവനെ അറിഞ്ഞു. തന്നെത്തന്നെ താഴ്ത്തിയതുകൊണ്ട് അവനു നഷ്ടം ഭവിച്ചില്ല. മറിച്ച് അത് അസംഖ്യം നന്മകള്‍ക്കും എണ്ണമറ്റ പുണ്യപ്രവര്‍ത്തികള്‍ക്കും കാരണമാകുകയും അവന്റെ മഹത്ത്വം പൂര്‍വ്വോപരി ശോഭിക്കുകയും ചെയ്തു (ഫിലി 2,6-11). ദൈവത്തിന് ഒന്നിന്റെയും കുറവില്ല. ഒന്നും ആവശ്യവുമില്ല. എന്നിട്ടും അവന്‍ തന്നെത്തന്നെ ശൂന്യനാക്കിയപ്പോള്‍ അവന്റെ ഭവനം വലുതായി, രാജ്യം വിസ്തൃതമായി എങ്കില്‍ നിന്നെത്തന്നെ വിനീതനാക്കുന്നതിന് നീ എന്തിനു ഭയപ്പെടുന്നു? (On the Incomprehensible Nature of God 8.46-47).

വിശുദ്ധ പോളിക്കാര്‍പ്പ്:

കര്‍ത്താവേ, ഞാനങ്ങയെ വാഴ്ത്തുന്നു. എന്തെന്നാല്‍, അങ്ങയുടെ രക്തസാക്ഷികളുടെ ഗണത്തില്‍ എണ്ണപ്പെടാനുള്ള ഈ ദിവസത്തിനും മണിക്കൂറിനും അങ്ങ് എന്നെ യോഗ്യനാക്കി. ''നിത്യജീവിതത്തിലേക്കുള്ള ആത്മശരീരങ്ങളുടെ ഉയിര്‍പ്പിനും'' (യോഹ 5,29; 6,54) പരിശുദ്ധാരൂപിയിലുള്ള അനശ്വരജീവിതത്തിനുംവേണ്ടി അങ്ങയുടെ മിശിഹായുടെ കാസയില്‍ പങ്കുചേരാന്‍ അങ്ങെന്നെ തിരഞ്ഞെടുത്തിരിക്കുന്നു. കളങ്കമില്ലാത്ത സത്യദൈവമേ, അങ്ങ് മുന്‍കൂട്ടി ഒരുക്കുകയും വെളിപ്പെടുത്തുകയും നിറവേറ്റുകയും ചെയ്തതുപോലെ അങ്ങേ രക്തസാക്ഷികളുടെയിടയില്‍ സമ്പുഷ്ടവും സ്വീകാര്യവുമായ ഒരു ബലിയായി ഇന്നു ഞാന്‍ സ്വീകരിക്കപ്പെടട്ടെ (The Martyrdom of Polycarp 14).

നസിയാന്‍സിലെ ഗ്രിഗറി:

അവന്‍ നമ്മുടെ വിശുദ്ധീകരണമാണ്. അവന്‍തന്നെ വിശുദ്ധിയാണ്. നിര്‍മ്മലമാനസര്‍ അവന്റെ വിശുദ്ധിയില്‍ പൊതിയപ്പെടുന്നു (തീത്തോ 2,14). അവന്‍ നമ്മുടെ രക്ഷയാണ്. എന്തെന്നാല്‍ പാപത്തിന്റെ തടവില്‍ പ്പെട്ടവരെ അവന്‍ വിട്ടയച്ചു (2 തിമോ 2,26). അവന്‍ നമുക്കുവേണ്ടി മോചനദ്രവ്യമായിത്തീര്‍ന്നു (മത്താ 20,28; മര്‍ക്കോ 10,45). അവന്റെ ബലി ലോകത്തിന്റെ പാപത്തിനു പരിഹാരമായിത്തീര്‍ന്നു (ഹെബ്രാ 7,26-27; 9,24-26; 10,10-12). അവന്‍ നമ്മുടെ പുനരുത്ഥാനമാകുന്നു. എന്തെന്നാല്‍ പാപത്താല്‍ കൊല ചെയ്യപ്പെട്ടവരെ അവന്‍ ഉയിര്‍പ്പിച്ച് ജീവനിലേക്കു കൊണ്ടുവരുന്നു (യോഹ 6,40) (Oration 30, On the Son 20).

വിശുദ്ധ അംബ്രോസ്: എന്നെപ്രതി മിശിഹാ ബലഹീനതകള്‍ ഏറ്റെടുക്കുകയും ശരീരം സ്വീകരിക്കുകയും ചെയ്തു എന്ന അറിവ് എന്നെ സംബന്ധിച്ച് പ്രയോജനകരമാണ്. എനിക്കും മറ്റുള്ളവര്‍ക്കുംവേണ്ടി അവന്‍ പാപിയും ശാപവുമായി ഗണിക്കപ്പെട്ടു. എനിക്കുവേണ്ടിയും എന്നിലും അവന്‍ താഴ്ത്തപ്പെടുകയും വിധേയനാകുകയും ചെയ്തു (ഹെബ്രാ 9,24-28). എന്നെപ്രതി അവന്‍ കുഞ്ഞാടും (യോഹ 1,29-36) മുന്തിരിവള്ളിയും (യോഹ 15,15) പാറയും (1 കോറി 10,4) ദാസനും (ഏശ 53,11; മത്താ 12,18; ഫിലി 2,7) കന്യകാസുതനും (ലൂക്കാ 1,38) ആയിത്തീര്‍ന്നു. വിധിയുടെ ദിവസമേതെന്നറിയാത്ത എന്നെപ്രതി ആ ദിവസത്തെയും മണിക്കൂറിനെയുംകുറിച്ച് അവന്‍ അജ്ഞനായിത്തീര്‍ന്നു (മത്താ 24,36; മര്‍ക്കോ 13,32) (On the Christian Faith 2.92).

♦️ വചനഭാഗം: അന്ധനായ ബര്‍തിമേയൂസ്- വിശുദ്ധ മര്‍ക്കോസ് 10:46-52

46 അവര്‍ ജറീക്കോയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടും കൂടെ ജറീക്കോ വിട്ടു പോകുമ്പോള്‍ തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു. 47 നസറായനായ ഈശോയാണു പോകുന്നതെന്നറിഞ്ഞപ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രനായ ഈശോയേ, എന്നില്‍ കനിയണമേ! 48 നിശ്ശബ്ദ നായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു. എന്നാല്‍, അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ!

49 ഈശോ പെട്ടെന്ന് നിന്നിട്ടു പറഞ്ഞു: അവനെ വിളിക്കുക. അവര്‍ അന്ധനെ വിളിച്ച് അവനോടു പറഞ്ഞു: ധൈര്യമായിരിക്കൂ; എഴുന്നേല്‍ക്കുക; ഈശോ നിന്നെ വിളിക്കുന്നു. 50 അവന്‍ പുറങ്കുപ്പായം ദൂരെയെറിഞ്ഞ്, കുതിച്ചുചാടി ഈശോയുടെ അടുത്തെത്തി. 51 ഈശോ ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. 52 ഈശോ പറഞ്ഞു: നീ പൊയ്‌ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ഈശോയെ അനുഗമിച്ചു.

***************************************************************

വിശുദ്ധ ആഗസ്തീനോസ്:

മറ്റു രോഗശാന്തി വിവരണങ്ങളില്‍നിന്നു വ്യത്യസ്തമായി, മര്‍ക്കോസ് ഇവിടെ ബര്‍തിമേയൂസിന്റെയും അവന്റെ പിതാവിന്റെയും പേരുകള്‍ നല്കുന്നുണ്ട് (മര്‍ക്കോ 10,46). അതിനാല്‍ ഇത് തിമേയൂസിന്റെ പുത്രനായ ബര്‍തിമേയൂസാണെന്നതിനും സമ്പല്‍സമൃദ്ധിയില്‍നിന്ന് അധഃപതിച്ച് അങ്ങേയറ്റം നിസ്സഹായാവസ്ഥയില്‍ വീണവനാണെന്നതിനും തര്‍ക്കമില്ല. എന്തെന്നാല്‍ അന്ധനാണെന്നതിനു പുറമേ അവന് ഇരുന്നു യാചിക്കേണ്ടിയും വന്നിരുന്നു (Harmony of the Gospels 2.65).

വിശുദ്ധ ക്രിസോസ്‌തോം:

അവന്‍ തീര്‍ച്ചയായും രക്ഷിക്കും (സങ്കീ 145,19; സുഭാ 20,22; ഏശ 25,9; സെഫാ 3,17). എന്നാല്‍ അത് അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന വഴിയിലൂടെ മാത്രമായിരിക്കും. നമ്മള്‍ രക്ഷ ആഗ്രഹിക്കുകയും അവനെ ശ്രവിക്കുകയും വേണം. എന്തെന്നാല്‍ നിര്‍ജീവ വസ്തുക്കളോടല്ല അവന്‍ രക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നത് (ഏശ 1,19-20; യോഹ 5,40) (Homily on 2 Thessalonians 3.4)..

അലക്‌സാണ്ഡ്രിയായിലെ ക്ലെമന്റ്:

കര്‍ത്താവിന്റെ കല്‍പനകള്‍ കണ്ണുകളെ പ്രകാശിപ്പിച്ചുകൊണ്ട് വിളങ്ങുന്നു. ദൈവത്തെയും മനുഷ്യരെയും തിരിച്ചറിയാന്‍ നിന്റെ കാഴ്ചശക്തിയും പ്രകാശവുമായ മിശിഹായെ സ്വീകരിക്കുക. നമ്മെ പ്രകാശിപ്പിക്കുന്ന വചനം പൊന്നിനെയും വിലയേറിയ കല്ലിനെയുംകാള്‍ അമൂല്യവും തേനിനെയും തേന്‍കട്ടയെയുംകാള്‍ അഭികാമ്യവുമാണ് (സങ്കീ 19,10). അന്ധകാരത്തിലാണ്ട മനസ്സുകളെ പ്രകാശിപ്പിക്കുകയും ആത്മാവിന്റെ 'പ്രകാശം വഹിക്കുന്ന' നേത്രങ്ങള്‍ക്ക് വ്യക്തമായ കാഴ്ച പകരുകയും ചെയ്യുന്ന അവന്‍ തീര്‍ച്ചയായും അഭികാമ്യനാണ്. അവനെ സ്തുതിക്കുക. കര്‍ത്താവേ, പിതാവായ ദൈവത്തെ എനിക്കു കാണിച്ചുതരണമേ. നിന്റെ വചനം എന്നെ രക്ഷിക്കുകയും നിന്റെ ഗാനം എന്നെ പ്രബോധിപ്പിക്കുകയും ചെയ്യും.

ദൈവത്തെ തേടിനടന്ന് ഞാന്‍ വഴിതെറ്റിപ്പോയി. എന്നാല്‍ ഇപ്പോള്‍, കര്‍ത്താവേ അങ്ങെന്റെ പാതകളെ പ്രകാശിപ്പിക്കുന്നതിനാല്‍ അങ്ങയിലൂടെ ഞാന്‍ ദൈവത്തെ കാണുകയും അങ്ങയില്‍നിന്ന് ഞാന്‍ പിതാവിനെ സ്വീകരിക്കുകയും ചെയ്യുന്നു. എന്നെ സഹോദരനായി കണക്കാക്കുന്നതില്‍ ലജ്ജിക്കാത്തതിനാല്‍ നിന്നോടൊപ്പം ഞാന്‍ അവകാശിയാണ്. മറവിയും അജ്ഞതയും അന്ധകാരവും കുടഞ്ഞുകളഞ്ഞ് സത്യദൈവത്തെ ധ്യാനിക്കാം. ''എല്ലാവരും വാഴ്ത്തുക, പ്രകാശമേ...'' എന്ന ഗാനമാലപിക്കാം. എന്തെന്നാല്‍ അന്ധകാരത്തിലാഴ്ന്നവരും മരണത്തിന്റെ നിഴലില്‍ തടവിലാക്കപ്പെട്ടവരുമായ നമ്മുടെമേല്‍ സ്വര്‍ഗീയ പ്രകാശമുദിച്ചിരിക്കുന്നു. അതാകട്ടെ, സൂര്യനെക്കാള്‍ ശോഭയേറിയതും ഭൗമികമായ എല്ലാറ്റിനെയുംകാള്‍ മാധുര്യമുള്ളതുമാണ് (Exhortation to the Greeks 11).

---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪




Related Articles »