News
ഓസ്ട്രേലിയയിലെ വാർഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കുചേര്‍ന്ന് പതിനായിരകണക്കിന് വിശ്വാസികൾ
പ്രവാചകശബ്ദം 25-11-2026 - Wednesday
സിഡ്നി: 2028-ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ സിഡ്നി പൂർണ്ണ സജ്ജമാണെന്ന് വിളിച്ചോതി നഗരവീഥികളിൽ വൻ വിശ്വാസപ്രവാഹം. നവംബർ 22 ഞായറാഴ്ച നടന്ന വാർഷിക ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ 30,000-ത്തിലധികം വിശ്വാസികളാണ് അണിനിരന്നത്. അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരകണക്കിന് കത്തോലിക്കാ വിശ്വാസികൾ ഒത്തുചേർന്നതോടെ സിഡ്നി നഗരം ഭക്തിസാന്ദ്രമായി.
സാധാരണയായി ജൂൺ മാസത്തിലെ തിരുശ്ശരീര-തിരുരക്ത തിരുനാളിലാണ് പ്രദക്ഷിണം നടക്കാറുള്ളത്. എന്നാൽ ഇത്തവണ ആദ്യമായി ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ദിനത്തിലേക്ക് പ്രദക്ഷിണം മാറ്റുകയായിരുന്നു. മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയർന്ന പങ്കാളിത്തമായിരുന്നു ഇത്തവണയുണ്ടായിരിന്നത്. 20,000 എന്ന റെക്കോർഡ് മറികടന്ന് ഏകദേശം 10,000 പേർ അധികമായി ഇത്തവണ പങ്കെടുത്തു. ഉച്ചയ്ക്ക് 1:30-ന് മാർട്ടിൻ പ്ലേസിൽ 'വാക്കിംഗ് വിത്ത് ക്രൈസ്റ്റ്' ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫാ. റോബ് ഗാലിയയും ഗ്രിഗോറിയൻ ഗാനങ്ങളിലൂടെ സദസ്സിനെ ഭക്തിയിലാഴ്ത്തിയ 'ജൂബിലാത്തെ ദേവോ' ഗായകസംഘവും പരിപാടിക്ക് മാറ്റുകൂട്ടി.
2024-ല്‍ ഇക്വഡോറിലെ ക്വിറ്റോയിൽ നടന്ന 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് സമാപനമായതോടെ അന്നു പുതിയ വേദിയായി സിഡ്നി പ്രഖ്യാപിക്കുകയായിരിന്നു. മഹത്തായ പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് 100 വർഷങ്ങൾക്ക് ശേഷം 2028-ൽ തങ്ങളുടെ തുറമുഖ നഗരത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസെന്ന സവിശേഷത സമാഗതമാകുന്ന കോണ്‍ഗ്രസിനുണ്ട്. 1928-ൽ 29-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടന്ന സ്ഥലമായിരുന്നു സിഡ്നി.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate



















