News
യഹൂദര്‍ക്കു നേരെയുള്ള ആക്രമണം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണമെന്ന് സിഡ്നി ആര്‍ച്ച് ബിഷപ്പ്
പ്രവാചകശബ്ദം 16-12-2025 - Tuesday
സിഡ്‌നി: ഓസ്ട്രേലിയന്‍ നഗരമായ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക ആഘോഷത്തിൽ 16 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭാനേതൃത്വം ദുഃഖം പ്രകടിപ്പിച്ചു. തന്റെ മുതുമുത്തശ്ശി ഒരു യഹൂദയായിരിന്നുവെന്നും ക്രൈസ്തവര്‍ യഹൂദരുടെ പരമ്പരയിലുള്ളതാണെന്നും യഹൂദര്‍ക്കെതിരായ ആക്രമണം നമുക്കെല്ലാവർക്കും നേരെയുള്ള ആക്രമണമാണെന്നും സിഡ്‌നിയിലെ ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു.
ഹനുക്ക എന്ന യഹൂദ പെരുന്നാളിന്റെ ആഘോഷത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണം ഒരു കൊച്ചുകുട്ടി ഉൾപ്പെടെ കുറഞ്ഞത് 16 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയത് സാധാരണ ഓസ്‌ട്രേലിയക്കാരെ ഭയപ്പെടുത്തുകയാണെന്നു ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. രണ്ട് വർഷത്തിലേറെയായി സിഡ്‌നിയിൽ യഹൂദവിരുദ്ധതയുടെ അന്തരീക്ഷം വളർന്നുവന്നിട്ടുണ്ടെന്നും മനുഷ്യജീവനോടുള്ള ധിക്കാരപരവും നിർദയവുമായ അവഗണനയും യഹൂദരോടുള്ള വെറുപ്പും, ഓരോരുത്തരും തള്ളിക്കളയേണ്ട തിന്മയാണെന്നും ആര്‍ച്ച് ബിഷപ്പ് ഫിഷർ മുന്നറിയിപ്പ് നൽകി.
ഹൈഡ് പാർക്കിലെ തന്റെ സ്വന്തം കത്തീഡ്രലിന് എതിർവശത്ത് ആഴ്ചതോറും പ്രകടനങ്ങൾ നടന്നിട്ടുണ്ടെന്നും അവിടെ പ്രകോപനപരമായ സന്ദേശങ്ങൾ പതിവായുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വെളിപ്പെടുത്തി. ഇത്തരത്തിലുള്ള നടപടി തീവ്രവാദത്തിന് കാരണമായേക്കാമെന്നും ഇത് അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതേസമയം അക്രമികൾക്ക് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന കാര്യം ഓസ്ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എഎസ്ഐഒ അന്വേഷിക്കുകയാണ്. അക്രമികളുടെ കാറിൽനിന്ന് ഐഎസിൻ്റെ പതാക കണ്ടെത്തിയത് ഈ നിഗമനത്തിലേക്ക് വിരല്‍ചൂണ്ടുകയാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















