News

“അത് ചെയ്തത് ഞാനല്ല, അത് ദൈവമായിരിന്നു”; 4 മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ഓസ്ട്രേലിയന്‍ ബാലന് പറയാനുള്ളത്

പ്രവാചകശബ്ദം 04-02-2026 - Wednesday

സിഡ്‌നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തിയ 13 വയസുള്ള ഓസ്ട്രേലിയന്‍ ബാലന് നവമാധ്യമങ്ങളില്‍ ഇന്നു സൂപ്പര്‍ ഹീറോ പരിവേഷമാണ്. എന്നാല്‍ ഓസ്റ്റിൻ ആപ്പെല്‍ബി എന്ന ഈ അത്ഭുതബാലന് പറയാനുള്ളത് അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് മാത്രമാണ്. കഴിഞ്ഞ വെള്ളിയാഴ്ച‌യാണ് പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു (12), ഗ്രേസ് (എട്ട്) എന്നിവരടങ്ങുന്ന സംഘം ബോട്ടിൽ ചുറ്റികറങ്ങുന്നതിനിടെ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.

തീരത്തുനിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ ഒരു അപ്പന്റെ ഉത്തരവാദിത്വബോധത്തോടെ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി തീരം ലക്ഷ്യമാക്കി കടലിലൂടെ നീന്തുകയായിരുന്നു. അതിവേഗത്തിലുള്ള കാറ്റും പ്രതികൂല കാലാവസ്ഥയും, ആക്രമണകാരികളായ ഭീമൻ മത്സ്യങ്ങളുടെ വിഹാരകേന്ദ്രമായ കടലിലൂടെ നാലുമണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് അവന്‍ തീരത്തെത്തിയത്.

ക്ഷീണം വകവെയ്ക്കാതെ തീരത്ത് നിന്നു ഓടി ജനവാസമേഖലയില്‍ നിന്നു ഫോണ്‍ സംഘടിപ്പിച്ചാണ് വിവരം അധികൃതരെ അറിയിക്കുന്നത്. രാത്രിയോടെ രക്ഷാപ്രവര്‍ത്തകര്‍ കടലില്‍ എത്തി രക്ഷപ്പെടുത്തുകയായിരിന്നു. മകനെ നഷ്ട്ടമായെന്നും തങ്ങളുടെ ജീവന്‍ നഷ്ട്ടപ്പെടുമെന്നും കുടുംബം കരുതിയിടത്തേക്കാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത്. എന്നാല്‍ താന്‍ ചെയ്ത കാര്യങ്ങള്‍ക്ക് അപ്പുറം അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണെന്ന് ഏറ്റുപറയുകയാണ് ഈ ബാലന്‍. “അത് ചെയ്തത് ഞാനാണെന്ന് ഞാൻ കരുതുന്നില്ല. മുഴുവൻ സമയവും ദൈവമായിരുന്നു”- 7ന്യൂസ് ഓസ്‌ട്രേലിയയോട് സംസാരിക്കവേ ഓസ്റ്റിൻ ആപ്പെല്‍ബി പറഞ്ഞു.

“ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു”. പ്രാർത്ഥനയും ക്രിസ്തീയ ഗാനങ്ങളും ശുഭ പ്രതീക്ഷയുള്ള ചിന്തകളുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് കൗമാരക്കാരൻ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച താൻ പള്ളിയിൽ പോയിരിന്നുവെന്നും ഒരു ഹീറോ ആണെന്ന് ഞാൻ കരുതിയില്ലായെന്നും ചെയ്യേണ്ടത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഓസ്ട്രേലിയുടെ പുതിയ സൂപ്പര്‍ ഹീറോ ബാലന്‍ പറയുന്നു. ഓസ്റ്റിന്റെ ധീരതയ്ക്കു സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »