News

നൂറ്റാണ്ടിനോടടുത്ത ജീവിതം സഭയ്ക്കായി സമർപ്പിച്ച കർദ്ദിനാൾ ജൂലിയോ ലംഗ വിടവാങ്ങി

പ്രവാചകശബ്ദം 05-08-2026 - Wednesday

മാപുടോ: മൊസാംബിക്കിലെ രണ്ടാമത്തെ തദ്ദേശീയ കർദ്ദിനാളും ഷായ്-ഷായ് കത്തോലിക്കാ അതിരൂപതയുടെ മുന്‍ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ജൂലിയോ ഡുവാർട്ടെ ലംഗ ദിവംഗതനായി. 99-ാം വയസ്സിലാണ് നിത്യസമ്മാനത്തിനായുള്ള യാത്ര. തന്റെ ഭൗമിക തീർത്ഥാടനം പൂർത്തിയാക്കുമ്പോൾ, മൊസാംബിക്കിലെ കത്തോലിക്കാ സഭയുടെയും, പ്രത്യേകിച്ച് ഷായ്-ഷായ് രൂപതയുടെയും സേവനത്തിനായി വിശ്വസ്തതയോടെ സ്വയം സമർപ്പിച്ച കർദ്ദിനാൾ ലംഗയുടെ ജീവിതത്തിനും ശുശ്രൂഷയ്ക്കും നന്ദി അര്‍പ്പിക്കുകയാണെന്നു മൊസാംബിക്കിലെ ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി പ്രസ്താവിച്ചു.

1927 ഒക്ടോബറിൽ രാജ്യത്തെ ഗാസ പ്രവിശ്യയിലെ മംഗുൻസെയിൽ ജനിച്ച കർദ്ദിനാൾ ലംഗ, 1957 ജൂണിൽ വൈദികനായി അഭിഷിക്തനായി. അന്നത്തെ മാര്‍പാപ്പയായ പോൾ ആറാമൻ പാപ്പ 1976-ൽ, പുതുതായി സ്ഥാപിതമായ സായ്-സായ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. യുദ്ധം, അരക്ഷിതാവസ്ഥ, തുടങ്ങീ ദുഷ്കരമായ സാഹചര്യങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തെ രണ്ട് പതിറ്റാണ്ടിലേറെക്കാലം നയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഇക്കാലയളവിൽ, സംഘർഷങ്ങൾക്കും പകർച്ചവ്യാധികൾക്കും പ്രകൃതിദുരന്തങ്ങൾക്കും ഇരയായ സമൂഹങ്ങൾക്ക് പുതുജീവിതം സമ്മാനിക്കുവാനും രൂപതയുടെ ആത്മീയവും ഭൗതീകവുമായ തലങ്ങളില്‍ പുരോഗതി കൈവരിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തു. തന്റെ ഇടയശുശ്രൂഷകൾക്ക് പുറമേ, പ്രാദേശിക ഭാഷകളിലുള്ള അറിവ് വഴി സുവിശേഷവത്ക്കരണത്തിന് വേര് പാകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖകൾ മൊസാംബിക്കിലെ പ്രധാന ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുവാന്‍ അദ്ദേഹം നിര്‍ണ്ണായക ഇടപെടല്‍ നടത്തി.

സഭയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ സേവനത്തോടുള്ള ആദരസൂചകമായി, 2015 ഫെബ്രുവരി 14-ന് നടന്ന കൺസിസ്റ്ററിയിൽവെച്ച് ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 87-ാം വയസ്സിലാണ് അദ്ദേഹത്തിന് കര്‍ദ്ദിനാള്‍ പദവി ലഭിച്ചത്. കർദ്ദിനാൾ ജൂലിയോ ഡുവാർട്ടെയുടെ വിയോഗത്തോടെ തിരുസഭയിലെ ആകെ കര്‍ദ്ദിനാളുമാരുടെ എണ്ണം 240 ആയി കുറഞ്ഞു. ഇവരിൽ 116 പേർ വോട്ടവകാശമുള്ളവരും 124 പേർ വോട്ടവകാശമില്ലാത്തവരുമാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »