News

മൊസാംബിക്കില്‍ കത്തോലിക്ക മെത്രാന്‍ കൊല്ലപ്പെട്ട സംഭവം: അന്വേഷണം തുടരുന്നു

പ്രവാചകശബ്ദം 09-06-2026 - Tuesday

മാപുടോ: മൊസാംബിക്കിലെ കത്തോലിക്ക മെത്രാന്‍ ഒസോറിയോ അഫോൻസോ സിറ്റോറ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. പ്രതികളെ തിരിച്ചറിയാനും കുറ്റകൃത്യത്തിന്റെ കാരണം കണ്ടെത്താനും മൊസാംബിക്കൻ അന്വേഷണ-ഫോറൻസിക് പോലീസ് വിഭാഗങ്ങള്‍ സംയുക്തമായി ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജൂൺ 6-ന് പുലർച്ചെയോടെ അജ്ഞാതരായ ആക്രമികൾ മെത്രാസന്ന മന്ദിരത്തില്‍ അതിക്രമിച്ച് കയറി മെത്രാനെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്.

സ്പെയിനിലേക്കു നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടെ വിവരമറിഞ്ഞ ലെയോ പതിനാലാമൻ പാപ്പ, ബിഷപ്പിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ചിരിന്നു. ദുരിതഘട്ടത്തിൽ മൊസാംബിക്കിലെ വിശ്വാസികളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുന്നതായി പാപ്പ പറഞ്ഞു. നംപുല അതിരൂപതാധ്യക്ഷൻ ബിഷപ്പ് ഇന്നാസിയോ സൗറെയുൾപ്പെടെ മൊസാംബിക്കിലെ സഭയിലെയും പൊതു സമൂഹത്തിലെയും നിരവധി പ്രമുഖർ കൊലപാതകത്തെ ശക്തമായി അപലപിച്ചു രംഗത്ത് വന്നിരിന്നു.

ആഫ്രിക്കയുടെയും മഡഗാസ്കറിന്റെയും മെത്രാൻസമിതികളുടെ കൂട്ടായ്മ സംഭവത്തെ “ക്രൂരമായ കുറ്റകൃത്യം” എന്ന് വിശേഷിപ്പിച്ചു. ജീവനും മനുഷ്യാന്തസ്സിനും സമാധാനത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണമാണിതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയ മെത്രാന്മാർ, കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി അടിയന്തരവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് മൊസാംബിക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു.

മതം മനുഷ്യരെ വിഭജിക്കുന്നതല്ല, ഒന്നിപ്പിക്കുന്നതാണെന്ന് ഊന്നിപറയുന്നതായിരിന്നു ബിഷപ്പ് ഒസോറിയോ നടത്തിയ അവസാന പൊതുപ്രസംഗം. മൊസാംബിക്കിൽ സമാധാനത്തിനും നീതിക്കും വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അതേസമയം ഇസ്ലാമിക തീവ്രവാദത്തെ അപലപിച്ചും ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളും തീവ്രവാദവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ തീവ്രവാദികളെ പ്രകോപിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »