News
മൊസാംബിക്കിൽ കത്തോലിക്ക മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 07-06-2026 - Sunday
മാപുടോ: മൊസാംബിക്കിലെ ക്വെലിമാനിലെ ബിഷപ്പ് ഒസോറിയോ സിറ്റോറ വെടിയേറ്റ് കൊല്ലപ്പെട്ടു. ജൂൺ 6ന് പുലർച്ചെയാണ് സംഭവം. മെത്രാന്റെ മൃതദേഹം മെത്രാസന്ന മന്ദിരത്തിന്റെ ഇടനാഴിയിൽ നിന്ന് കണ്ടെത്തുകയായിരിന്നുവെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്യുന്നു. 54 വയസ്സുള്ളപ്പോഴാണ് ബിഷപ്പിന്റെ ദാരുണാന്ത്യം. കൺസോളറ്റ മിഷ്ണറി സമൂഹത്തിലെ അംഗം കൂടിയായ ബിഷപ്പ് ഒസോറിയോ സിറ്റോറ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി സ്വരമുയർത്തിയിരിന്നു.
ദേശീയ അന്വേഷണ ഏജൻസികൾ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഠിനമായ വേദനയുടെയും പ്രതിസന്ധിയുടെയും ഘട്ടത്തിൽ വിശ്വാസികൾ പ്രാർത്ഥനയോടെയും ശാന്തതയോടെയും തുടരണമെന്നു സഭാനേതൃത്വം അഭ്യർത്ഥിച്ചു. വടക്കൻ മൊസാംബിക്കിൽ ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ഗ്രാമങ്ങൾ വേട്ടയാടി നശിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ അദ്ദേഹം പരസ്യമായി പ്രതികരിച്ചിരുന്നു.
ബിഷപ്പിന്റെ നെഞ്ചിലും ഹൃദയത്തിനടുത്തും വെടിയേറ്റിട്ടുണ്ടെന്നും ജീവനറ്റ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നും രാജ്യത്തെ മെത്രാൻ സമിതി പ്രസിഡന്റും നമ്പുലയിലെ ആർച്ച് ബിഷപ്പുമായ ഇനാസിയോ വെളിപ്പെടുത്തി. മൊസാംബിക്കൻ സമൂഹത്തിനും ക്രിസ്ത്യൻ സമൂഹത്തിനും നഷ്ടം നികത്താനാവാത്തതാണെന്ന് രാജ്യത്തിന്റെ പ്രസിഡന്റ് ഡാനിയേൽ ചാപ്പോ പറഞ്ഞു.
തന്റെ ജീവിതത്തിലുടനീളം വിനയം, അജപാലന സമർപ്പണം, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും മൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ എന്നിവയാൽ അദ്ദേഹം സ്വയം വ്യത്യസ്തനായിരുന്നുവെന്നും കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്പെയിനിൽ അപ്പസ്തോലിക സന്ദർശനം തുടരുന്ന ലെയോ പാപ്പ ബിഷപ്പിന്റെ ദാരുണ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചു. മൊസാംബിക്കിലെ ജനങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയാണെന്നും കർത്താവ് അവർക്ക് ആശ്വാസം നൽകട്ടെയെന്നും പാപ്പ പറഞ്ഞു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















