News
ബിഷപ്പ് ഒസോറിയോയുടെ കൊലപാതകം: സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് മൊസാംബിക്ക് മെത്രാൻ സമിതി
പ്രവാചകശബ്ദം 11-07-2026 - Saturday
മൊസാംബിക്കിലെ മെത്രാൻ സമിതി അംഗവും, ക്വെലിമാന്‍ രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ഒസോറിയോ അഫോൻസോയുടെ കൊലപാതകം സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരണമെന്ന ആവശ്യവുമായി രാജ്യത്തെ മെത്രാൻ സമിതി നേതൃത്വം. ബിഷപ്പ് ഒസോറിയോ സ്വന്തം വസതിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതുമുതൽ രാജ്യത്തെ വിശ്വാസികളുൾപ്പെടെയുള്ളവർ ദുഃഖത്തിലും ആശങ്കയിലുമാണെന്ന് ഇക്കഴിഞ്ഞ ആഴ്ച വത്തിക്കാന്‍ സന്ദര്‍ശിച്ച മൊസാംബിക്കിലെ മെത്രാന്മാർ പറഞ്ഞു.
അധികാരികളുടെ ഭാഗത്തുനിന്ന് സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നും ആരാണ് ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഇനിയും വ്യക്തമല്ലെന്നും അവർ കൂട്ടിച്ചേർത്തു. കൊലപാതകത്തിന് പിന്നിൽ സഭയ്ക്കുള്ളിലെ പ്രശ്നങ്ങളാണെന്ന നിലയിലുള്ള അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സത്യാന്വേഷണത്തെ ബാധിക്കുന്നുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
മൊസാംബിക്കിലെ സാഹചര്യങ്ങളെക്കുറിച്ച് ലെയോ പതിനാലാമൻ പാപ്പയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം സഭയോട് ഐക്യദാർഢ്യവും സാമീപ്യവും പ്രകടിപ്പിച്ചുവെന്നും വത്തിക്കാൻ ന്യൂസിനോട് സംസാരിക്കവെ മെത്രാന്മാർ പറഞ്ഞു. ദുരന്തത്തെ പ്രത്യാശയ്ക്കുള്ള ഉപകരണമാക്കി മാറ്റാനാണ് പരിശുദ്ധ പിതാവ് തങ്ങളോട് ആവശ്യപ്പെട്ടതെന്ന് രാജ്യത്തെ സഭാനേതൃത്വം അറിയിച്ചു. ജീവനെ സ്നേഹിക്കുകയും വിശ്വാസസാക്ഷ്യത്തില്‍ ജീവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തുവരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സഭാനേതൃത്വം പ്രസ്താവിച്ചു.
മൊസാംബിക്ക് മെത്രാൻ സമിതി പ്രസിഡന്റും നമ്പൂല അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് ഇഞ്ഞാസിയോ സൗറെ, മെത്രാൻ സമിതി വൈസ് പ്രസിഡന്റും മപ്പൂത്തോ അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജോവോ കാർലോസ്, ബെയ്റ അതിരൂപതയുടെ എമിരിറ്റസ് ആർച്ച് ബിഷപ്പ് മോൺ. ക്ലൗദിയോ ദല്ല സുവാന എന്നിവരായിരുന്നു പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
രക്തസാക്ഷികളുടെ സഭ കൂടുതൽ ശക്തമാകുമെന്നും അതിയായ ദുഃഖത്തിനിടയിലും തങ്ങൾ പ്രത്യാശ കൈവിടുന്നില്ലെന്നും ആർച്ച് ബിഷപ്പ് ഇഞ്ഞാസിയോ സൗറെ പറഞ്ഞു. ജൂൺ 6ന് പുലർച്ചെയാണ് കൺസോളറ്റ മിഷ്ണറി സമൂഹത്തിലെ അംഗം കൂടിയായ ബിഷപ്പ് ഒസോറിയോ സിറ്റോറയെ സായുധധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി സ്വരമുയർത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. മെത്രാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















