India - 2026
ധന്യൻ മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു ആരംഭം
പ്രവാചകശബ്ദം 11-07-2026 - Saturday
തിരുവനന്തപുരം: ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന 46 -ാമത് തീർത്ഥാടന പദയാത്ര റാന്നി-പെരുന്നാട് കുരിശുമല ദേവാലയത്തിൽനിന്ന് ആരംഭിച്ചു. പദയാത്ര ഇന്നലെ പത്തനംതിട്ടയിൽ സമാപിച്ചു. ഇന്നു രാവിലെ ആരംഭിക്കുന്ന പദയാത്ര അടൂരിൽ എത്തിച്ചേരും. തിരുവല്ലയിൽനിന്നും മൂവാറ്റുപുഴയിൽനിന്നുമുള്ള തീർത്ഥാടകർ പ്രധാന പദയാത്രയോട് ചേരും.
ഇന്നലെ രാവിലെ റാന്നി-പെരുനാട് ദേവാലയത്തിൽ നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻ്റ് സഭാതല സമിതിയും തിരുവനന്തപുരം പത്തനംതിട്ട ഭദ്രാസന സമിതികളും സംയുക്തമായാണ് പദയാത്രയ്ക്ക് നേതൃത്വം നൽകുന്നത്. കാതോലിക്ക ബാവയിൽ നിന്നും പദയാത്രയ്ക്കുള്ള വെള്ളിക്കുരിശ് എംസിവൈഎം പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് സാം ഏബ്രഹാമും, പതാക ഭദ്രാസന സെക്രട്ടറി അബിൻ പി. ബിജുവും ഏറ്റുവാങ്ങി.
പദയാത്രയ്ക്ക് വികാരി ജനറാൾരായ ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ, മോ ൺ. വർഗീസ് മാത്യു കാലായിൽ വടക്കേതിൽ, പദയാത്ര കോ-ഓർഡിനേറ്റർ ഫാ. തോമസ് കയ്യാലയ്ക്കൽ, സഭാതല ഡയറക്‌ടർ ഫാ. ഡോ. പ്രഭീഷ് ജോർജ്, തിരുവനന്തപുരം മേജർ അതിഭദ്രാസന ഡയറക്‌ടർ ഫാ. ജോഷ്വാ കൊച്ചുവിളയിൽ, അസിസ്റ്റന്റ് ഡയറക്‌ടർ ഫാ. അലോഷ്യസ് തെക്കേടത്ത്, പത്തനംതിട്ട ഭദ്രാസന ഡയറക്‌ടർ ഫാ. ജോർജ് വർഗീസ് പുതുപ്പറ മ്പിൽ, അസി. ഡയറക്‌ടർ ഫാ. സുബിൻ കാലായിക്കൽ, സഭാതല സമിതി പ്രസിഡൻ്റ് ക്രിസ്റ്റി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

















