India - 2025
മാർ ഈവാനിയോസിന്റെ കബറിടത്തിനരികെ മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രം
പ്രവാചകശബ്ദം 15-07-2025 - Tuesday
തിരുവനന്തപുരം: വിശുദ്ധമായ ജീവിതത്തിലൂടെ സഭയുടെ ധന്യനായകനായ മാർ ഈവാനിയോസ് പിതാവിനരികെ വിശ്വാസിസമൂഹം പദയാത്രയായെത്തി. കേരളത്തിനകത്തു നിന്നും ഇതര സംസ്ഥാനങ്ങളിലെ ഭദ്രാസനങ്ങളിൽ നിന്നും ആരംഭിച്ച് ദിവസങ്ങൾ നീണ്ട പദയാത്രകളാണ് ഇന്നലെ വൈകുന്നേരം പട്ടത്തെ മാർ ഈവാനിയോസ് കബറിടത്തിൽ സംഗമിച്ചത്. തുടർന്നു നടന്ന മെഴുകുതിരി പ്രദക്ഷിണം അജഗണങ്ങളുടെ വിശ്വാസപ്രഖ്യാപനമായി.
ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി- പെരുനാട്ടിൽ നിന്നും മറ്റ് വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട തീർഥാടക സംഘങ്ങൾ ഇന്നലെ വൈകുന്നേരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ പ്രവേശിച്ചു. പദയാത്രികർ വിവിധ സംഘങ്ങളായാണ് ഓരോ ഇടത്തുനിന്നും പദയാത്രയിൽ പങ്കുചേർന്നത്.
റാന്നി-പെരുനാട്ടിൽ നിന്നും കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവരുന്ന പ്രധാന പദയാത്ര സംഘത്തെ കബറിടത്തിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാർ ഈവാനിയോസ് മെത്രാ പ്പോലീത്തായുടെ ജന്മഗൃഹമായ മാവേലിക്കരയിൽ നിന്നു പുറപ്പെട്ട പദയാത്രയ്ക്ക് ബിഷപ്പുമാരായ മാത്യൂസ് മാർ പോളികാർപ്പസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ നേതൃത്വം നൽകി.
മാർത്താണ്ഡം, പാറശാല ഭദ്രാസനങ്ങളിൽ നിന്നുമുള്ള പദയാത്രയ്ക്ക് ഭദ്രാസനാധ്യന്മാരായ ബിഷപ് വിൻസെൻ്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ് എന്നിവർ നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ മലങ്കര കത്തോലിക്ക സമൂഹങ്ങളിൽ നിന്നും എത്തിച്ചേർന്ന തീർഥാടകരും പ്രധാന പദയാത്രയോടൊപ്പം ചേർന്നു. തുടർന്ന് സന്ധ്യാ നമസ്‌കാരത്തിനുശേഷം ആയിരങ്ങൾ കത്തിച്ച മെഴുകുതിരികളുമായി കത്തീഡ്രലിൽ നിന്നും പ്രദക്ഷിണമായി പുറപ്പെട്ടു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെയും രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെയും പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗറും മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കുചേർന്ന് ജനത്തെ ആശീർവദിക്കാൻ കത്തീഡ്രൽ ബാൽക്കണിയിൽ എത്തിയിരുന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
