Seasonal Reflections - 2026

സ്നേഹത്തിന്റെ ഉറവിടമായ ഈശോയിലേയ്ക്ക് വരിക | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 23

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 10-03-2026 - Tuesday

"ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ" (യോഹ. 7:37).

യഹൂദരുടെ കൂടാരപ്പെരുന്നാളിന്റെ അവസാന ദിനത്തിലാണ് ഈശോ ഈ ആഹ്വാനം നടത്തുന്നത്. മരുഭൂമിയിലൂടെയുള്ള യാത്രയിൽ പാറയിൽ നിന്ന് വെള്ളം നൽകി ദൈവം ഇസ്രായേൽ ജനത്തിന്റെ ദാഹം തീർത്തതിന്റെ (പുറപ്പാട് 17:6) ഓർമ്മ പുതുക്കലായിരുന്നു ഈ പെരുന്നാൾ. പഴയനിയമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട "ജീവജലത്തിന്റെ ഉറവിടം" താനാണെന്ന് ഈശോ ഇവിടെ വെളിപ്പെടുത്തുന്നു.

പ്രവാചകനായ ഏശയ്യാ മുൻകൂട്ടി പറഞ്ഞതുപോലെ, "ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്‌ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. (ഏശയ്യാ 55 : 1) എന്ന പ്രവചനത്തിന്റെ പൂർത്തീകരണമാണ് ഈശോ. പാറയിൽ നിന്ന് വെള്ളം പുറപ്പെട്ടത് പഴയനിയമമെങ്കിൽ, കുരിശിൽ തറയ്ക്കപ്പെട്ട ഈശോയുടെ പാർശ്വത്തിൽ നിന്ന് ഒഴുകിയ രക്തവും വെള്ളവുമാണ് പുതിയനിയമത്തിലെ രക്ഷാകരമായ ഉറവിടം.

"ദൈവമേ, അങ്ങേയ്ക്കായി ഞങ്ങളെ സൃഷ്ടിച്ചു, അങ്ങയിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും." എന്നു പറഞ്ഞതുവഴി ആഗസ്തിനോസ് മനുഷ്യന്റെ ആത്മീയ ദാഹം ലോകവസ്തുക്കൾക്ക് തീർക്കാനാവില്ലെന്ന് പഠിപ്പിക്കുന്നു.

കൽക്കട്ടയിലെ വിശുദ്ധ മദർ തെരേസ, കുരിശിൽ കിടന്ന് യേശു പറഞ്ഞ "എനിക്ക് ദാഹിക്കുന്നു" (യോഹന്നാൻ 19:28) എന്ന വാക്കിനെ നമ്മുടെ ആത്മാക്കൾക്കായുള്ള ദൈവത്തിന്റെ ദാഹമായിട്ടാണ് വിശേഷിപ്പിക്കുന്നത്. നാം അവനിലേക്ക് ചെല്ലുമ്പോൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ ദാഹമാണ് നാം ശമിപ്പിക്കുന്നത്.

ക്രിസ്തു വാഗ്ദാനം ചെയ്യുന്ന ഈ വെള്ളം പരിശുദ്ധാത്മാവാണെന്നും, അത് സ്വീകരിക്കുന്നവന്റെ ഉള്ളിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകുമെന്നും പൗരസ്ത്യ സഭാ പിതാവായ വിശുദ്ധ ജോൺ ക്രിസോസ്തം വ്യാഖ്യാനിക്കുന്നു. "നാം ദൈവത്തോട് ചോദിച്ചാലും ഇല്ലെങ്കിലും, ദൈവം നമ്മോട് ചോദിക്കുന്നത് 'എനിക്ക് കുടിക്കാൻ തരുക' എന്നാണ്. പ്രാർത്ഥന എന്നത് ദൈവത്തിന്റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള കൂടിക്കാഴ്ചയാണന്നു" (CCC 2560).

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഈ വചനത്തെ വ്യാഖ്യാനിക്കുന്നു. ആധുനിക ലോകം ഉപഭോഗസംസ്കാരത്തിന്റെ മരീചികകൾക്ക് പിന്നാലെ ഓടി ദാഹം തീർക്കാൻ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പു ഫ്രാൻസിസ് മാർപ്പാപ്പ നൽകുന്നു. കർത്താവിന്റെ സന്നിധിയിൽ ലഭിക്കുന്ന സമാധാനത്തിന് മാത്രമേ ആന്തരിക ദാഹം മാറ്റാൻ കഴിയൂ എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

"ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വരട്ടെ." ഈ വിളി ഇന്നും സഭയിൽ മുഴങ്ങുന്നു. വിശുദ്ധ കുർബാനയിലൂടെയും കുമ്പസാരത്തിലൂടെയും ദൈവം ഈ ജീവജലം നമുക്ക് നൽകുന്നു. ഈ നോമ്പ്കാലത്ത്, പാപത്തിന്റെ ചെളിക്കുണ്ടുകളിൽ ദാഹം തീർക്കാൻ ശ്രമിക്കാതെ, സ്നേഹത്തിന്റെ ഉറവിടമായ ഈശോയിലേയ്ക്ക് നമുക്ക് മടങ്ങാം. അവന്റെ പാർശ്വത്തിൽ നിന്ന് ഒഴുകുന്ന ആത്മീയ ചൈതന്യം നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും നിത്യജീവനിലേക്ക് നയിക്കുകയും ചെയ്യട്ടെ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »