News

കൊളംബിയ, പെറു, ഓസ്ട്രേലിയ, യുക്രൈന്‍...; ലെയോ പാപ്പയെ സന്ദര്‍ശിച്ച് വിവിധ രാഷ്ട്രതലവന്മാര്‍

പ്രവാചകശബ്ദം 21-05-2025 - Wednesday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ച് വിവിധ രാഷ്ട്രതലവന്മാര്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തി. കൊളംബിയായുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രാൻസിസ്കൊ പേത്രൊ ഉറേഗൊ, ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി അന്തോണി അൽബനേസെ, ലെയോ പാപ്പ ഒരു പതിറ്റാണ്ട് നീണ്ട കാലയളവില്‍ സേവനം ചെയ്ത പെറു രാഷ്ട്രത്തിന്റെ ഭരണാധികാരി എർസിലിയ ബൊലുവാർട്ടെ സെഗാര, യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി എന്നിവരുമായും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി.

മെയ് 19 തിങ്കളാഴ്ചയാണ് തെക്കെ അമേരിക്കൻ നാടായ കൊളംബിയായുടെ പ്രസിഡൻറ് ഗുസ്താവൊ ഫ്രാൻസിസ്കൊ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അൽബനേസെ എന്നിവർക്ക് ലെയോ പതിനാലാമൻ പാപ്പാ പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചത്. അപ്പസ്തോലിക കൊട്ടാരത്തില്‍ ഇരു നേതാക്കളെയും പാപ്പ സ്വീകരിച്ചു. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും പരിശുദ്ധസിംഹാസനവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, കത്തോലിക്കസഭ നടത്തുന്ന സാമൂഹ്യ സേവനങ്ങൾ, വിധ്യാഭ്യാസ മേഖലയിൽ നല്‍കുന്ന സംഭാവനകൾ, അന്നാട്ടിലെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകൾ തുടങ്ങിയവ കൂടിക്കാഴ്ച വേളയിൽ പരാമർശ വിഷയങ്ങളായി.

മെയ് പതിനെട്ടാം തീയതിയാണ് പെറുവിന്റെയും, യുക്രൈനിന്റെയും രാഷ്ട്രത്തലവന്മാരുമായി പരിശുദ്ധ പിതാവ് പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത്. “പെറുവിലെ മുഴുവൻ ജനതയുടെയും വാത്സല്യപൂർണ്ണമായ അടുപ്പം, പരിശുദ്ധ പിതാവിന് കൊണ്ടുവന്നിരിക്കുന്നു”വെന്നാണ് കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രസിഡന്റ് 'എക്സ്' സന്ദേശത്തിൽ കുറിച്ചത്. ലെയോ പതിനാലാമൻ പാപ്പ, പെറുവിൽ നടത്തിയ അജപാലനസേവനങ്ങളെയും പ്രസിഡന്റ് പ്രത്യേകം സ്മരിച്ചു. സുവിശേഷ ദൗത്യത്തിനും, രാജ്യത്തെ ഏറ്റവും ദരിദ്രരുടെ സേവനത്തിനുമായി നിരവധി വർഷങ്ങൾ സമർപ്പിച്ച ദൈവദാസൻ എന്നാണ് പെറുവിന്റെ ഭരണാധികാരി എർസിലിയ ബൊലുവാർട്ടെ സെഗാര, ലെയോ പതിനാലാമൻ പാപ്പയെ വിശേഷിപ്പിച്ചത്.

തുടര്‍ന്നു യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയെയും അദ്ദേഹത്തിന്റെ പത്നി ഒലീന സെലിൻസ്കിയെയും ലെയോ പതിനാലാമന്‍ പാപ്പ സദസ്സിൽ സ്വീകരിച്ചു. മധ്യാഹ്‌ന പ്രാർത്ഥനാവേളയിൽ യുക്രൈൻ ദേശത്തെ പ്രത്യേകം പരാമർശിച്ച പാപ്പയ്ക്ക് പ്രസിഡന്‍റ് നന്ദിയര്‍പ്പിച്ചു. "എല്ലാവരുടെയും നീതിയുക്തമായ സമാധാനത്തിനും മാന്യമായ ജീവിതത്തിനും വേണ്ടിയുള്ള" പാപ്പയുടെ ആഹ്വാനം ഏവരും ചെവിക്കൊള്ളുമെന്ന പ്രത്യാശ പ്രസിഡന്റ് 'എക്സി'ല്‍ പ്രകടിപ്പിച്ചു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »