India

വടക്ക് കിഴക്കന്‍ മേഖലയുടെ 'സമാധാനത്തിന്റെ ദൂതന്‍' ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ കാലം ചെയ്തു

പ്രവാചകശബ്ദം 25-11-2026 - Wednesday

ന്യൂഡൽഹി: വടക്ക് കിഴക്കന്‍ മേഖലയിലെ 'സമാധാനത്തിന്റെ ദൂതന്‍' എന്നറിയപ്പെട്ടിരിന്ന ഗുവാഹത്തി മുന്‍ ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിൽ എസ്.ഡി.ബി (90) കാലം ചെയ്തു. ഇന്നു നവംബർ 25 ബുധനാഴ്ച പുലർച്ചെ 5.40ന് ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽവെച്ച് അന്തരിച്ചു. ദിബ്രുഗഢ് ബിഷപ്പ് (1981-1992), ഗുവാഹത്തി ബിഷപ്പ് (1992-1995), ഗുവാഹത്തി ആർച്ച് ബിഷപ്പ് (1995-2012) എന്നീ നിലകളിലും ജോവായ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും (2014-2016) അദ്ദേഹം സേവനം ചെയ്തിരിന്നു.

1936 ഒക്ടോബർ 22-ന് തോമസ് മേനാംപറമ്പിൽ പാലായ്ക്കടുത്ത് വാകക്കാട്ടാണ് ജനനം. കേരളത്തിലെ പാലായിലുള്ള സെന്റ് തോമസ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലാല്‍ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തമിഴ്നാട്ടിലെ യേർക്കാടിൽ ഒരു വർഷത്തെ പരിശീലനം നേടിയ ശേഷം, 1955 മെയ് 24-ന് അദ്ദേഹം ഡോൺ ബോസ്‌കോ സമൂഹത്തില്‍ ചേർന്നു. 1965 മെയ് രണ്ടിന് അദ്ദേഹം വൈദികനായി അഭിഷിക്തനായി.

പൗരോഹിത്യം സ്വീകരിച്ചതിനു പിന്നാലെ, 1965-ൽ മേഘാലയയിലെ ഷില്ലോങ്ങിലുള്ള 'സാവിയോ ജൂനിയറേറ്റ്' എന്ന ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായി അദ്ദേഹം നിയമിതനായി. 1969 മുതൽ 1972 വരെ അദ്ദേഹം സെന്റ് ആന്റണീസ് കോളേജ് ഹോസ്റ്റലിന്റെ വാർഡനായും സേവനമനുഷ്ഠിച്ചു. 1995 ഓഗസ്റ്റ് 1-ന് ഗുവാഹത്തി രൂപതയെ അതിരൂപതയായി ഉയർത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ബിഷപ്പ് തോമസിനെ രൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി നിയമിക്കുകയും ചെയ്തു. കാലക്രമേണ, ലോവർ ആസാമിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഹോസ്റ്റലുകൾ ഉൾപ്പെടെ നിരവധി വിദ്യാലയങ്ങൾ അദ്ദേഹം സ്ഥാപിച്ചു.

അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് 2000-ൽ ബോംഗൈഗാവ് എന്ന പുതിയ രൂപത നിലവിൽ വന്നത്. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള പ്രശസ്തമായ മാഷിയോ അവാർഡ് 1998-ൽ ആർച്ച് ബിഷപ്പ് തോമസ് മേനാംപറമ്പിലിന് ലഭിച്ചു. 'സമാധാനത്തിന്റെ പ്രവാചകൻ' എന്നാണ് ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരിന്നത്. 2012-ൽ 75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ രാജി ബെനഡിക്റ്റ് പതിനാറാമൻ പാപ്പ സ്വീകരിച്ചു. വിരമിച്ചതിനുശേഷം, റവ. വിൻസെന്റ് കിംപാറ്റിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന്, 2014 മുതൽ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററായും ആർച്ച് ബിഷപ്പ് സേവനമനുഷ്ഠിച്ചിരിന്നു.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »