News - 2026
ഫാ. തോമസ് ആനിമൂട്ടില്‍ കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍
പ്രവാചകശബ്ദം 27-08-2026 - Thursday
കാക്കനാട്: കോട്ടയം ക്നാനായ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചു. നിലവില്‍ കോട്ടയം അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ മുപ്പതിനാലാമത്തെ സിനഡ് സമ്മേളനത്തിനു പിന്നാലെയാണ് ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയൻ സമയം ഉച്ചയ്ക്ക 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു 3.30നു കാക്കനാട് മൗണ്ട് സെൻ്റ് തോമസിലും നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് സഭയിലെ നിയമനം പ്രഖ്യാപിച്ചത്.
ഫാ. തോമസ് ആനിമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ലെയോ പാപ്പയുടെ അംഗീകാരത്തോടെയുള്ള മേജർ ആര്‍ച്ച് ബിഷപ്പിന്റെ ഉത്തരവ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ വായിച്ചു. തുടർന്ന് മേജർ ആർച്ചു ബിഷപ്പും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടും ചേർന്നു ഫാ. തോമസ് ആനിമൂട്ടിലിനെ മെത്രാൻ്റെ സ്‌ഥാനചിഹ്നങ്ങൾ അണിയിച്ചു. അതിരൂപത സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിയും ഗീവർഗീസ് മാർ അപ്രേമും ചേർന്നു ബൊക്കെ നല്‌കി അനുമോദിച്ചു. പുതിയ നിയമനത്തോടെ കോട്ടയം അതിരൂപതയില്‍ സഹായ മെത്രാന്മാരുടെ എണ്ണം മൂന്നായി.
1962 ജനുവരി 13-ന് പയ്യാവൂരിലാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ ജനനം. പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ പുത്രനാണ്. പയ്യാവൂരിൽ പ്രാഥമിക-സെക്കൻഡറി വിദ്യാഭ്യാസവും മൈസൂരിൽ സർവകലാശാല പഠനവും പൂർത്തിയാക്കിയ ശേഷം, വൈദിക പരിശീലനത്തിനായി അദ്ദേഹം കോട്ടയത്തെ സെന്റ് സ്റ്റാനിസ്‌ലാവോസ് മൈനർ സെമിനാരിയിൽ ചേർന്നു. വൈദിക പരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയിൽനിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റ് നേടി.
വയനാട് പുളിഞ്ഞാൽ ക്രിസ്‌തുരാജ പള്ളി, ശ്രീപുരം സെൻ്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരി, വിവിധ സ്‌കൂളുകളിൽ മാനേജർ, കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രൽ അഡ്‌മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റ്റർ ഡയറക്‌ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്‌ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ചലസില്‍ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യുക്കേഷൻ പൂർത്തിയാക്കി. അമേരിക്കയിൽ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടറായും ക്നാനായ കാത്തലിക് കോൺഗ്രസിന്റെ സ്പിരിച്വൽ ഡയറക്ടറായും ശുശ്രൂഷചെയ്തു. 11 വർഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്‌ടർ എന്ന നിലയിലും സേവനം ചെയ്തു. അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായി സേവനമനുഷ്ഠിച്ച് വരികെയാണ് നിര്‍ണ്ണായകമായ പുതിയ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.

















