News
ഓരോ ക്രൈസ്തവനും മിഷ്ണറി ദൗത്യത്തിൽ നിര്‍ണ്ണായക പങ്ക്, സുവിശേഷം പങ്കുവെയ്ക്കണം: ലെയോ പാപ്പ
പ്രവാചകശബ്ദം 10-10-2026 - Saturday
വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണ, മിഷ്ണറി ദൗത്യങ്ങളിൽ പങ്കാളികളാകാൻ എല്ലാ വിശ്വാസികൾക്കുമുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിച്ച് ലെയോ പാപ്പ. ലോക മിഷൻ ദിന സ്ഥാപനത്തിന്റെ നൂറാം ശതാബ്‌ദി ആഘോഷിക്കുന്ന വേളയ്ക്കായി തയാറാക്കിയിരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് സുവിശേഷ പ്രഘോഷണ ദൗത്യത്തിൽ തങ്ങളുടെ വിളിയും കഴിവുകളും അനുസരിച്ച് പങ്കാളികളാകാൻ എല്ലാ വിശ്വാസികളും തയ്യാറാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചത്. "ക്രിസ്തുവിൽ ഒന്നായി, മിഷ്ണറി നിയോഗത്തിൽ ഒരുമിച്ച്" എന്ന പ്രമേയത്തോടെ ഒക്ടോബർ 18 ഞായറാഴ്ചയാണ് ശതാബ്‌ദി ദിനം സഭ ലോകമെമ്പാടും ആചരിക്കുക.
മാമ്മോദീസാ വഴി ക്രിസ്തുവിന്റെ ശരീരത്തിലെ അംഗമാകുന്ന ഓരോ വിശ്വാസിക്കും സുവിശേഷ ദൗത്യത്തിൽ സവിശേഷമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ, ക്രിസ്തുവിലുള്ള വിശ്വാസ കൂട്ടായ്മയിലേക്ക് എല്ലാവരെയും നയിക്കുന്നതിൽ വിശ്വാസികൾക്കുള്ള ഉത്തരവാദിത്വം പ്രത്യേകമായ വിധത്തിൽ ഓർമ്മിപ്പിച്ചു. തന്റെ യൗവ്വനകാലവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പ, മിഷൻ ദിനവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ മിഷ്ണറി ജീവിതത്തിലേക്കുള്ള തന്റെ ദൈവവിളിക്ക് വഴിയൊരുക്കിയത് പ്രത്യേകം അനുസ്മരിച്ചു.
തങ്ങളുടേതായ വിളിയും, തങ്ങൾക്ക് ലഭിച്ച കൃപകളും അനുസരിച്ച്, സ്നേഹത്തിന്റെ പ്രവർത്തനമായ സുവിശേഷവത്കരണത്തിൽ പങ്കുചേരാൻ പാപ്പ ആഹ്വാനം ചെയ്തു. സ്നേഹത്തിന്റെ സുവിശേഷം എല്ലാവരിലേക്കും, പ്രത്യേകിച്ച് പാവപ്പെട്ടവരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ മനുഷ്യരിലേക്ക് എത്തിക്കുന്നതിൽ പ്രാർത്ഥനകളും സമൂർത്തമായ സംഭാവനകളും വലിയ സഹായമായിരിക്കുമെന്നും പാപ്പ പറഞ്ഞു. മിഷ്ണറി നിയോഗം, സുവിശേഷവത്കരണമേഖലയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന, മിഷൻ പ്രവർത്തനങ്ങൾക്ക് നൽകേണ്ട പിന്തുണ തുടങ്ങിയവയുടെ പ്രാധാന്യം എല്ലാ രൂപതകളിലേക്കും ഇടവകകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ, പിയൂസ് പതിനൊന്നാം പാപ്പയാണ് നൂറ് വർഷങ്ങൾക്ക് മുൻപ് ലോക മിഷന്‍ ദിനം സ്ഥാപിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















