News

ലെയോ പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ല: വത്തിക്കാന്‍

പ്രവാചകശബ്ദം 27-10-2026 - Tuesday

റോം: ശ്വാസകോശത്തിലെ അർബുദബാധയെ തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമൻ പാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്ന പശ്ചാത്തലത്തില്‍ പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ മാറ്റമില്ലായെന്ന് വത്തിക്കാന്‍. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര മുൻകൂട്ടി നിശ്ചയിച്ചതുപോലെ പാപ്പ സന്ദര്‍ശനം നടത്തുമെന്ന് പ്രസ് ഓഫീസ് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വത്തിക്കാനിലേക്ക് മടങ്ങിയെത്തിയതു മുതൽ പാപ്പ തന്റെ ദിനചര്യകളിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനഃരാരംഭിച്ചിട്ടുണ്ട്. പ്രധാന ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിർവ്വഹിച്ചു വരുന്നുവെന്നും ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എടുത്തു പറയുന്നു. പ്രധാനപ്പെട്ട കൂടിക്കാഴ്ചകളിലും പൊതുപരിപാടികളിലും പങ്കെടുത്ത പാപ്പ ദിനംപ്രതിയുള്ള ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും കൃത്യമായ വിശ്രമം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ പരിശോധനാ ഫലങ്ങൾ പ്രകാരം പാപ്പയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പാപ്പയുടെ വ്യക്തിഗത ഡോക്ടർ കൂടിയായ, ഡോ. ലൂയിജി കർബോൺ പറഞ്ഞു. ലഭ്യമായ ക്ലിനിക്കൽ റിപ്പോർട്ടുകളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി, വരാനിരിക്കുന്ന ലാറ്റിനമേരിക്കൻ അപ്പസ്തോലിക യാത്ര നടത്തുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. നവംബർ 6 മുതൽ 17 വരെ 12 ദിവസങ്ങളിലായി 3 രാജ്യങ്ങളിലെ 14 സ്ഥലങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്.

2015 മുതൽ ലെയോ പാപ്പയ്ക്ക് പൗരത്വമുള്ള രാജ്യമാണ് പെറു. മുന്‍പ് 2014-ല്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും 2015 സെപ്റ്റംബർ മുതല്‍ ചിക്ലായോയിലെ ബിഷപ്പായും ലെയോ പാപ്പ സേവനം ചെയ്ത രാജ്യമാണ് പെറു. അന്നത്തെ തങ്ങളുടെ മെത്രാന്‍ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് പെറുവിലെ വിശ്വാസികള്‍. ഉറുഗ്വേയിലും അർജന്റീനയിലും പാപ്പയുടെ സന്ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടന്നുവരുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »