News

അപ്പസ്തോലിക തീക്ഷ്ണത കൈവിടരുത്, പുതിയ ദേശങ്ങളിലേക്ക് എത്തണം: ജീസസ് യൂത്തിനെ അഭിസംബോധന ചെയ്ത് ലെയോ പാപ്പ

പ്രവാചകശബ്ദം 25-10-2026 - Sunday

വത്തിക്കാന്‍ സിറ്റി: ജീസസ് യൂത്ത് അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജീസസ് യൂത്തിന്റെ നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചേർന്ന് പത്രോസിന്റെ പിൻഗാമിയുമായി ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തി. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കുവാനെത്തിയവരാണ് പോള്‍ ആറാമന്‍ ഹാളില്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ജീസസ് യൂത്ത് അംഗങ്ങൾക്കും, അവർക്ക് മാർഗനിർദേശം നൽകുന്ന മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും പാപ്പ പ്രാർത്ഥനാശംസകൾ നേർന്നു.

പ്രസ്ഥാനം ആരംഭിച്ചതിന്റെ നാൽപ്പതാം വാർഷിക വേളയിൽ, കഴിഞ്ഞ മൂന്ന് വർഷമായി നടത്തിവരുന്ന സിനഡൽ രീതിയിലുള്ള കൂടിയാലോചനകളുടെ ഫലങ്ങൾ പുതിയ ആത്മീയ ചൈതന്യത്തോടെയും ദൗത്യബോധത്തോടെയും ഏറ്റെടുക്കാൻ അംഗങ്ങളെ പാപ്പ ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവ് നൽകിയ വരദാനങ്ങളെ കൂടുതൽ ഉദാരമനസ്സോടെ വിനിയോഗിക്കാനും സുവിശേഷപ്രഘോഷണ യാത്ര തുടരാനും ആത്മീയ സമ്മേളനം വഴിതുറക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലൂടെ ചെറുപ്പക്കാർ തന്നെ സ്വമേധയാ തുടക്കമിട്ട പ്രസ്ഥാനമാണ് ജീസസ് യൂത്തെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. സഭയിലെ ഏതൊരു ആധികാരിക നവീകരണത്തിന്റെയും ആരംഭം യേശുവിന്റെ സ്നേഹത്തെക്കുറിച്ചുള്ള തിരിച്ചറിവാണെന്ന് പറഞ്ഞ പാപ്പ, പ്രാർത്ഥനാ കൂട്ടായ്മകളിൽ പങ്കെടുത്ത ചെറുപ്പക്കാർ തങ്ങൾക്ക് ലഭിച്ച ആത്മീയ അനുഭവം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ദൗത്യം തുടരുന്നതിനുമായി ഒന്നിച്ച് അണിനിരക്കുകയായിരുന്നുവെന്നും വിശ്വാസത്തോടുള്ള അപ്പസ്തോലിക തീക്ഷ്ണത നഷ്ടപ്പെടുത്താതെ അത് പുതിയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും, ഓര്‍മ്മിപ്പിച്ചു.

ക്രിസ്ത്യാനികൾ ന്യൂനപക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരാണെങ്കിലും, യേശുവുമായുള്ള സൗഹൃദത്തിന് സാക്ഷ്യം വഹിക്കാൻ ഭയപ്പെടരുത്. കുടുംബങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും വിവാഹമെന്ന ദൈവവിളിയെ പിന്തുണയ്ക്കാനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കണം. പൗരോഹിത്യത്തിനും സമർപ്പിത ജീവിതത്തിനും പുറമെ, വിവാഹമെന്ന ദൈവവിളിയും വിശുദ്ധിക്കായുള്ള മാർഗമാണ്. ജീസസ് യൂത്തിലൂടെ യുവജനങ്ങൾ വിവാഹിതരാവുകയും, തുടർന്ന് മാതാപിതാക്കളായി സുവിശേഷപ്രചാരകരായ കുടുംബങ്ങളായി മാറുകയുമാണ് ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.

പ്രസ്ഥാനത്തിന്റെ മുഖമുദ്രയായ പ്രാർത്ഥനാ ജീവിതവും ദരിദ്രർക്കുള്ള സേവനവും വിശ്വസ്തതയോടെ തുടർന്നു കൊണ്ടുപോകാൻ പാപ്പ ജീസസ് യൂത്ത് അംഗങ്ങളോട് അഭ്യർത്ഥിച്ചു. പ്രസ്ഥാനത്തിലെ ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിലും ഐക്യം കാത്തുസൂക്ഷിക്കണം. ചെറുപ്പക്കാരുടെ ആത്മീയ നന്മ ലക്ഷ്യമാക്കി റീത്തുകളുടെ വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ മെത്രാന്മാരും വൈദികരും പിതൃസഹജമായ വീക്ഷണത്തോടെ പ്രവർത്തിക്കണം. അപ്പസ്തോലിക ആശീർവാദം നല്‍കിക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »