News - 2026

യുദ്ധ ഭീതി ഒഴിഞ്ഞു; ദുബായിലെ കത്തോലിക്ക ദേവാലയങ്ങള്‍ പൂര്‍ണ്ണമായും തുറന്നു

പ്രവാചകശബ്ദം 03-07-2026 - Friday

ദുബായ്: മധ്യപൂര്‍വ്വേഷ്യയെ ആശങ്കയിലാഴ്ത്തിയ ആക്രമണങ്ങള്‍ക്കു ശമനമായതോടെ മേഖലയില്‍ മൂന്നു മാസമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ശേഷം ദുബായിലെ രണ്ട് പ്രധാന കത്തോലിക്ക ദേവാലയങ്ങള്‍ വീണ്ടും പൂർണ്ണമായും തുറന്നു. എമിറേറ്റ്സില്‍ കഴിയുന്ന പതിനായിരകണക്കിന് പ്രവാസികളായ ക്രൈസ്തവര്‍ക്ക് സാധാരണ വിശ്വാസ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ദക്ഷിണ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് പൗലോ മാർട്ടിനെല്ലി, ഔദ് മേത്തയിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലും ജബൽ അലിയിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസീസ്സി പള്ളിയിലും പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

ഇടവക സമൂഹങ്ങളിൽ ക്രിസ്തീയ ജീവിതം പൂർണ്ണമായി പുനരാരംഭിക്കുന്നതിനുള്ള സമയം വന്നിരിക്കുന്നുവെന്ന് കരുതുകയാണെന്നും മൂന്ന് മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം, രണ്ട് ഇടവകകളിലെയും പ്രവർത്തനങ്ങൾ പൂർണ്ണമായി പുനരാരംഭിക്കുന്നതു സംബന്ധിച്ച അറിയിപ്പിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണെന്നും ബിഷപ്പ് പൗലോ മാർട്ടിനെല്ലി പ്രസ്താവനയില്‍ അറിയിച്ചു. സങ്കീർണ്ണമായ സമയത്ത് തങ്ങളുടെ സുരക്ഷ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച അധികാരികൾക്ക് ആത്മാർത്ഥമായ നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിവിൽ നിയമങ്ങൾ ആത്മാർത്ഥമായി പാലിച്ചുകൊണ്ട്, പരസ്പരം ബഹുമാനവും പരിഗണനയും കരുതലും പുലർത്തുന്ന മനോഭാവം നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും ബിഷപ്പ് പൗലോ മാർട്ടിനെല്ലി പറഞ്ഞു. നേരത്തെ യുഎസ് - ഇസ്രായേൽ- ഇറാൻ യുദ്ധത്തിൽ ഇറാന്റെ ശത്രുതാപരമായ ആക്രമണത്തില്‍ യു‌എ‌ഇ വിധേയമായതോടെ ദുബായിയുടെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുക്കൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലിലെ വിശുദ്ധ വാരത്തിലാണ് പള്ളികളിലെ പൊതു ആരാധനകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ഇതോടെ ദേവാലയങ്ങളില്‍ നിന്നു പൊതു ആരാധനക്രമവും ഒത്തുചേരലും ഒഴിവാക്കുകയായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »