News

പീഡിത ക്രൈസ്തവരുടെ സ്മരണയിൽ നവംബർ 14 മുതൽ 22 വരെ 'ചുവപ്പ് വാരാചരണം'

പ്രവാചകശബ്ദം 24-10-2026 - Saturday

ന്യൂയോര്‍ക്ക്: ലോകമെമ്പാടും പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ക്രൈസ്തവർക്കായുള്ള പ്രാർത്ഥനയുടെയും ഐക്യദാർഢ്യത്തിന്റെയും ഭാഗമായി നവംബർ 14 മുതൽ 22 വരെയുള്ള ആഴ്ചയിൽ 'ചുവപ്പ് വാരമായി' ആചരിക്കും. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’ ആചരണത്തിന്റെ ഭാഗമായാണ് പ്രാര്‍ത്ഥനാവാരം ഒരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 130 കത്തീഡ്രലുകൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേവാലയങ്ങളും മറ്റു സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിപ്പിക്കും. ക്രിസ്തുവിനുവേണ്ടി സാക്ഷ്യം നൽകുന്നതിന്റെയും, ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുന്നതിന്റെയും പേരിൽ മതപീഡനങ്ങളും മറ്റു ദുരിതങ്ങളും അനുഭവിക്കാൻ നിർബന്ധിതരാകുന്ന വിശ്വാസികളെ അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് ആചരണം നടത്തുന്നതെന്ന് എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ വ്യക്തമാക്കി.

ആഗോള ക്രൈസ്തവര്‍ നേരിടുന്ന പീഡനത്തിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനായി 2015-ൽ സംഘടന ആരംഭിച്ച "ചുവപ്പുബുധൻ" (Red Wednesday) എന്ന പേരിൽ അറിയപ്പെടുന്ന പരിപാടിയുടെ ഈ വർഷത്തെ ആചരണത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒന്നേകാൽ ലക്ഷത്തിലധികം ആളുകൾ സവിശേഷമായ രീതിയിൽ പങ്കെടുക്കുമെന്നും സംഘടന അറിയിച്ചു. ചുവന്ന നിറവും പ്രകാശവും ഉപയോഗിക്കുന്നതിന് പുറമെ, പ്രാർത്ഥനാസമ്മേളനങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പൊതുപരിപാടികൾ, വിദ്യാലയങ്ങളിൽ നടത്തുന്ന പ്രത്യേക പരിപാടികൾ, മതപീഡനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നുള്ള ക്രൈസ്തവരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയും ഒരുക്കുന്നുണ്ട്.

ലോകത്ത് നാൽപ്പത്തിയൊന്ന് കോടിയിൽപ്പരം ക്രൈസ്തവർ, മതസ്വാതന്ത്ര്യത്തിനെതിരായ ഗുരുതരമായ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും, ഇരുപത്തിരണ്ട് കോടിയോളം ക്രൈസ്തവർ മതപീഡനവുമായി ബന്ധപ്പെട്ട ഭീഷണികൾ നേരിടുന്നുണ്ടെന്നും പൊന്തിഫിക്കല്‍ സംഘടന വ്യക്തമാക്കി. മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന ഇന്നത്തെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ ക്ഷണിക്കാനും, വിശ്വാസത്തിന്റെ പേരിൽ വിവേചനവും പീഡനങ്ങളും നേരിടുന്നവരെ അനുസ്മരിക്കാനും, അവർക്ക് പിന്തുണ നൽകാനുമാണ് ഈ ആഗോള സംരംഭമെന്ന്, സംഘടനയുടെ അന്താരാഷ്ട്ര എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പ്രസ്താവിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »