News - 2026

കത്തോലിക്ക സന്യാസിനികളുടെ അന്താരാഷ്ട്ര നേതൃത്വം ബ്രിട്ടീഷ് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 17-07-2026 - Friday

ബക്കിങ്ങാം കൊട്ടാരം: ആറുലക്ഷത്തോളം വരുന്ന സന്യാസിനികളുടെ അന്താരാഷ്ട്ര യൂണിയൻ നേതൃത്വം ലണ്ടനിൽ ബ്രിട്ടീഷ് രാജ്ഞി കമില്ലയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹ്യസേവനങ്ങൾ, അജപാലനശുശ്രൂഷ, പ്രകൃതിപരിപാലനം, തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടേതായ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സംരക്ഷണം, മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇടം പിടിച്ചു. 2025 ഒക്ടോബറിൽ റോമിൽ വച്ചുനടന്ന സുപ്രധാന കൂടിക്കാഴ്ചയ്ക്ക് ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ് കൂടിക്കാഴ്ച.

സർക്കാരുകൾ, സന്യാസ സമൂഹങ്ങൾ, പൊതുസമൂഹം എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാനുള്ള സംയുക്ത പ്രതിബദ്ധതയുടെ ഭാഗമായാണ് കത്തോലിക്കാ സന്യാസിനികളുടെ അന്താരാഷ്ട്ര കൂട്ടായ്മ കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിൽ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ദുർബല സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തസ്സും സുരക്ഷയും, അവർക്ക് ജീവിത വിജയത്തിനായുള്ള അവസരങ്ങളും ഉറപ്പാക്കുന്നതിനുവേണ്ടി കത്തോലിക്ക സന്യാസിനികൾ നടത്തിയ പ്രവർത്തനങ്ങൾ ആഗോള സംഘടന രാജ്ഞിയുമായി പങ്കുവച്ചു.

മനുഷ്യക്കടത്ത്, സായുധ സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ, കുടിയേറ്റം, ദാരിദ്ര്യം, വിവേചനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സമൂഹങ്ങൾക്കൊപ്പം, അവരുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് സന്യാസിനി സമൂഹത്തിന്റെ നേതൃത്വം കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സുപ്പീരിയർ ജനറൽമാരുടെ യൂണിയൻ എക്സിക്യൂട്ടീവ് സെക്രട്ടറി സിസ്റ്റർ റോക്സാൻ ഷാരസ്, മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖല തലിത്താ കുമിന്റെ കോ-ഓർഡിനേറ്റർ സിസ്റ്റർ ആബി അവെലിനോ, നീതി - സമാധാനം- സൃഷ്ടിയുടെ സമഗ്രത എന്നിവയ്ക്കായുള്ള സംഘടനയുടെ കമ്മീഷന്റെ സഹ എക്സിക്യൂട്ടീവ് സെക്രട്ടറി സിസ്റ്റർ മാമാലിഫാർ എം. പോരെകു എന്നിവരാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »