News

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്രാൻസിസ് പാപ്പയുടെ ചുവർചിത്രം അർജന്റീനയിൽ

പ്രവാചകശബ്ദം 04-08-2025 - Monday

ബ്യൂണസ് അയേഴ്സ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്രാൻസിസ് പാപ്പയുടെ ചുവർചിത്രം അർജന്റീനയിൽ അനാച്ഛാദനം ചെയ്തു. ജൂലൈ 26ന് അർജന്റീനയിലെ ലാ പ്ലാറ്റയിലെ അമലോത്ഭവ മാതാവിന്റെ കത്തീഡ്രലിന് സമീപമുള്ള കെട്ടിടത്തിലാണ് ചുവര്‍ ചിത്രം അനാച്ഛാദനം ചെയ്തിരിക്കുന്നത്. പ്രശസ്ത കലാകാരനായ മാർട്ടിൻ റോൺ വരച്ച ചുവർചിത്രത്തിന് 50 മീറ്റർ ഉയരമുണ്ട് (164 അടി). ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വലിയ ചുവർചിത്രമെന്ന ഖ്യാതിയോടെയാണ് അനാച്ഛാദനം ചെയ്തത്.

അർജന്റീന സ്വദേശി കൂടിയായ ഫ്രാന്‍സിസ് പാപ്പയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ലാ പ്ലാറ്റ സിറ്റി കൗൺസിൽ മുന്‍കൈയെടുത്ത് കലാസൃഷ്ടി ഒരുക്കുകയായിരിന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായും ഭാവിയിൽ പ്രാർത്ഥനയ്ക്കും തീർത്ഥാടനത്തിനും സാധ്യമായ ഒരു സ്ഥലമായും ഇത് കണക്കാക്കപ്പെടുന്നു. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ശ്രദ്ധ നേടിയ ചിത്രമാണ് കലാസൃഷ്ടിയില്‍ ഒരുക്കിയത്. പറക്കാൻ തയ്യാറായ ഒരു പ്രാവിനെ പിടിച്ചുകൊണ്ട് പാപ്പ പുഞ്ചിരിക്കുന്നതാണ് ചിത്രം.





ഡീഗോ മറഡോണ, ലയണൽ മെസ്സി തുടങ്ങിയ അർജന്റീനിയൻ ഇതിഹാസങ്ങളുടെ ചുവർ ചിത്രങ്ങൾ വരയ്ക്കുന്നതിൽ പ്രശസ്തനാണ് മാർട്ടിൻ റോൺ. ചുമർചിത്രകല ആളുകളുടെ മനസ്സിൽ പ്രധാനപ്പെട്ട വ്യക്തികളെ നിലനിർത്താൻ സഹായിക്കുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ്പ് ഗുസ്താവോ കരാര ചിത്രം ആശീര്‍വദിച്ചു. ലാ പ്ലാറ്റ മേയർ, ദേവാലയ നേതൃത്വം, സ്കൂൾ കുട്ടികൾ, വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ വലിയ ജനക്കൂട്ടമാണ് ചുവര്‍ ചിത്രത്തിന്റെ അനാച്ഛാദനത്തില്‍ പങ്കെടുത്തത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »