News - 2026

കൊളംബിയയിലെ ഭൂകമ്പബാധിതർക്ക് ഒരു ലക്ഷം യൂറോയുടെ അടിയന്തര സഹായവുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 13-08-2026 - Thursday

വത്തിക്കാന്‍ സിറ്റി: കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി ഒരു ലക്ഷം യൂറോ ( ഒരു കോടി പത്തുലക്ഷത്തോളം രൂപ)യുടെ പ്രാഥമിക സഹായവുമായി ലെയോ പതിനാലാമൻ പാപ്പ. കൂടുതൽ സഹായം തുടർന്നും എത്തിക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. ശക്തമായ ഭൂകമ്പത്തിൽ ദുരിതത്തിലായ കൊളംബിയൻ ജനതയോടുള്ള തന്റെയും ആഗോള കത്തോലിക്ക സഭയുടെയും ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ലെയോ പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ആദ്യ ഗഡു കൈമാറിയിരിക്കുന്നത്.

ഓഗസ്റ്റ് 10ന് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറ്റിഅന്‍പതില്‍ അധികം ആളുകൾ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരിന്നു. പാപ്പയുടെ നിർദേശപ്രകാരം കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് സഹായം കൈമാറിയിരിക്കുന്നത്. മറ്റുള്ളവരുടെ വേദനയും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് സഹോദരസ്നേഹത്തോടും കാര്യക്ഷമതയോടും പ്രതികരിക്കുന്ന ദൈവജനത്തിന്റെ കുടുംബമാണ് സഭ” എന്ന സന്ദേശത്തോടെയാണ് സഹായ പ്രവർത്തനങ്ങൾക്ക് സഭ നേതൃത്വം നൽകുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ലൂയീസ് മരീൻ ദേ സാൻ മർത്തീൻ പ്രസ്താവിച്ചു.

ദുരിതബാധിത പ്രദേശങ്ങളിലെ രൂപതകളിലേക്ക് സഹായം എത്തിക്കുന്നതിനായി, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന കേന്ദ്രമായി പ്രവർത്തിക്കുന്ന കൊളംബിയൻ മെത്രാൻ സമിതിയുടെ സാമൂഹ്യ അജപാലന വിഭാഗത്തിലേക്കാണ് തുക നൽകിയിരിക്കുന്നത്. ദുരിതബാധിതപ്രദേശങ്ങളിലെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ആദ്യ സഹായമാണിതെന്നും, ഭൂകമ്പബാധിത മേഖലകളിലെ യഥാർത്ഥ ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തിയശേഷം കൂടുതൽ സഹായങ്ങൾ നൽകുമെന്നും വത്തിക്കാൻ അറിയിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »