News

നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും അധികാരത്തിന്റെ ഉപകരണമാകരുത്, മനുഷ്യന്റെ ശുശ്രൂഷയ്ക്കായി മാറണം: യുനെസ്കോയില്‍ ലെയോ പാപ്പ

പ്രവാചകശബ്ദം 26-09-2026 - Saturday

പാരീസ്: സാങ്കേതികവിദ്യയും നിർമ്മിതബുദ്ധിയും മനുഷ്യന്റെ ശുശ്രൂഷയ്ക്ക് ഉപകരിക്കേണ്ടതിന് പകരം അധികാരത്തിന്റെയും അനീതിയുടെയും ഉപകരണങ്ങളാക്കി മാറ്റരുതെന്ന് ലെയോ പാപ്പ. ഫ്രാന്‍സില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്നതിനിടെ വിദ്യാഭ്യാസവും സംസ്കാരവും വഴി ലോകസമാധാനം വളർത്തുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘടനയായ യുനെസ്കോയുടെ ആസ്ഥാന ഓഫീസില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മനുഷ്യാന്തസ്സ്, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, നിർമ്മിതബുദ്ധിയും സാങ്കേതികവിദ്യയും ഉയർത്തുന്ന വെല്ലുവിളികൾ, യുദ്ധം, പരിസ്ഥിതി സംരക്ഷണം, ദുർബലരുടെയും അവഗണിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ, മതങ്ങളുടെ സാമൂഹിക പങ്ക് തുടങ്ങിയ വിഷയങ്ങൾ പാപ്പ പങ്കുവെച്ചു.

ശാസ്ത്രവും കഴിവുകളും സൃഷ്ടിക്കും നന്മയ്ക്കും ഉപയോഗിക്കാമെങ്കിലും യുദ്ധത്തിൽ അവ നശീകരണത്തിനുള്ള ഉപകരണങ്ങളായി മാറുന്നത് വലിയ ദുരന്തമാണെന്നു പാപ്പ പറഞ്ഞു. നിർമ്മിതബുദ്ധിക്ക് വിവരങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുമെങ്കിലും മനുഷ്യജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അതിന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ സാങ്കേതിക പുരോഗതിക്കിടയിൽ മനുഷ്യന്റെ അനിഷേധ്യമായ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്ന് ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസം അറിവ് കൈമാറുന്നതിൽ മാത്രം ഒതുങ്ങരുതെന്നും മനുഷ്യജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കണമെന്നും മനുഷ്യനെ കൂടുതൽ സമ്പന്നനാക്കുക എന്നതിലുപരി കൂടുതൽ പൂർണമായ മനുഷ്യനായി വളരാൻ സഹായിക്കുന്നതായിരിക്കണമെന്നും പാപ്പ ചൂണ്ടിക്കാട്ടി. ജനനകാലം മുതൽ മറ്റുളളവരുടെ സഹായം ആവശ്യമുള്ളവനാണ് മനുഷ്യനെന്നും, അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിൽ പരസ്പര ഉത്തരവാദിത്തത്തിനും കുടുംബബന്ധങ്ങൾക്കും ഏറെ പ്രാധാന്യമുണ്ടെന്നും പാപ്പ ഓർമ്മിപ്പിച്ചു.

രോഗം, വൈകല്യം, വാർദ്ധക്യം, വേദന തുടങ്ങിയവ ഒരാളുടെയും അന്തസ്സ് കുറയ്ക്കുന്നില്ലെന്നും ജീവിതത്തിന്റെ അവസാനഘട്ടംവരെ സ്നേഹപൂർവമായ പരിചരണം ഏവർക്കും ലഭിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. ക്രൈസ്തവ വിശ്വാസത്തിൽ മനുഷ്യന്റെ യഥാർത്ഥ സ്വഭാവം ക്രിസ്തുവിലാണ് പൂർണമായി വെളിപ്പെടുന്നതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, ഓരോ വ്യക്തിയും ദൈവം സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണെന്ന വിശ്വാസം മനുഷ്യാന്തസ്സിനോടുള്ള സഭയുടെ സമീപനത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.

ഗർഭസ്ഥ ശിശുക്കൾ, യുദ്ധമേഖലകളിലെ കുട്ടികൾ, വൈകല്യമുള്ളവർ, വയോധികർ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ, സമൂഹം അവഗണിക്കുന്നവർ എന്നിവരോടുള്ള സമീപനമാണ് മനുഷ്യാന്തസ്സിനോടുള്ള യഥാർത്ഥ പ്രതിബദ്ധതയുടെ അളവുകോലെന്നും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണമെന്നും പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »