News

ലെയോ പാപ്പ ഇന്ന് ലൂർദിൽ: സ്വീകരിക്കാൻ ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍

പ്രവാചകശബ്ദം 26-09-2026 - Saturday

ലൂർദ്: ഫ്രാൻസിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ലൂർദിലേക്ക് മാർപാപ്പ എത്തുന്നതിന്റെ ഭാഗമായി ഒരുക്കങ്ങൾ പൂർത്തിയായി. നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസില്‍ തുടരുന്ന പാപ്പ, ഇന്ത്യന്‍ സമയം ഇന്നു രാത്രി പത്തരയോടെയാണ് ലൂര്‍ദ്ദില്‍ എത്തിച്ചേരുക. പാപ്പയെ സ്വീകരിക്കാൻ ഒന്നര ലക്ഷത്തിലധികം വിശ്വാസികൾ ലൂർദിലെ ഗ്രോട്ടോ പരിസരത്ത് എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പാപ്പയുടെ വരവിനോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഫ്രഞ്ച് ഭരണകൂടവും തീർത്ഥാടന കേന്ദ്രം അധികൃതരും ചേർന്ന് ലൂർദിൽ ഒരുക്കിയിരിക്കുന്നത്. സന്ദർശന വേളയിൽ, ലെയോ പാപ്പ ലൂര്‍ദ് ഗ്രോട്ടോയിൽ പ്രാർത്ഥിക്കുകയും പ്രദക്ഷിണത്തിൽ പങ്കെടുക്കുകയും ചെയ്യും. 1983-ലും 2004-ലും ജോൺ പോൾ രണ്ടാമന്‍ പാപ്പയും, 2008-ൽ ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ലൂര്‍ദ് സന്ദര്‍ശിച്ചിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു പാപ്പ ലൂര്‍ദ് സന്ദര്‍ശിക്കുന്നത്.

1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ 2017-ല്‍ അഭിപ്രായപ്പെട്ടിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »