News - 2026

ഗ്വാഡലൂപ്പ ജൂബിലി വർഷം പ്രഖ്യാപിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 16-09-2026 - Wednesday

ഗ്വാഡലൂപ്പ: മെക്സിക്കോയിലെ ഗ്വാഡലൂപ്പ ബസിലിക്കയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച്, ലെയോ പതിനാലാമൻ പാപ്പ ജൂബിലി വർഷം പ്രഖ്യാപിച്ചു. 1976 ഒക്ടോബർ 12-ന് നടന്ന ഗ്വാഡലൂപ്പയിലെ പുതുക്കിയ ബസിലിക്കയുടെ സമർപ്പണത്തിന്റെയും, ദൈവമാതാവിന്റെ തിരുസ്വരൂപത്തിന്റെ കൈമാറ്റത്തിന്റെയും 50-ാം വാർഷികത്തോടനുബന്ധിച്ച്, വത്തിക്കാനിലെ അപ്പസ്തോലിക പെനിറ്റെൻഷ്യറി വഴിയായി, ലെയോ പതിനാലാമൻ പാപ്പ ഗ്വാഡലൂപ്പ ജൂബിലി വർഷം അനുവദിച്ചതായി, കർദ്ദിനാൾ കാർലോസ് അഗിയർ രേത്തെസ് പ്രഖ്യാപിച്ചു.

ഗ്വാഡലൂപ്പ മാതാവിന്റെ പൊന്തിഫിക്കൽ കിരീടധാരണത്തിന്റെ 131-ാം വാർഷികം ആഘോഷിക്കുന്ന ഒക്ടോബർ 12നു, ജൂബിലിയുടെ തുടക്കം കുറിച്ചുകൊണ്ട് വിശുദ്ധ കുർബാനയർപ്പിക്കും. 2027 ഒക്ടോബർ 12ന് ജൂബിലി ആചരണത്തിന് സമാപനമാകും. ഈ നാളുകളില്‍ ബസിലിക്കയില്‍ തീര്‍ത്ഥാടനം നടത്തുകയും സഭ അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നവര്‍ക്ക് ദണ്ഡവിമോചനം സ്വീകരിക്കാന്‍ അവസരമുണ്ട്. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.

തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. 1990 ൽ മെക്സിക്കോ സന്ദർശിച്ച വി. ജോൺ പോൾ രണ്ടാമൻ പാപ്പ ജുവാന്‍ ഡിഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2002 ൽ അദ്ദേഹം വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെട്ടു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »