News

യുക്രൈനിലെ യുദ്ധബാധിതർക്കു വീണ്ടും സഹായം വിതരണം ചെയ്ത് വത്തിക്കാന്‍ സംഘം

പ്രവാചകശബ്ദം 31-10-2026 - Saturday

കീവ്: റഷ്യ - യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കിടയിൽ ലെയോ പാപ്പയുടെ പേരിലുള്ള സഹായഹസ്തം ദുരിതബാധിതര്‍ക്ക് കൈമാറി. യൂറോപ്പിലെ ശൈത്യകാലത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിലെ കുട്ടികൾക്കും അഭയാർത്ഥികൾക്കും ഉപവി കാര്യാലയം ഭക്ഷണമുൾപ്പെടെയുള്ള വിവിധ അവശ്യവസ്തുക്കൾ എത്തിച്ചു. ആർച്ച് ബിഷപ്പ് ലൂയിസ് മരീൻ ദേ സാൻ മർത്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഹായം ലഭ്യമാക്കിയത്. കീവ്, സപൊറീഷ്യ, പോൾട്ടാവ തുടങ്ങിയ നഗരങ്ങളിലെ ദുരിതബാധിതരെ വത്തിക്കാന്‍ സംഘം സന്ദര്‍ശിച്ചിരിന്നു.

ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി, യുക്രൈനിലെ ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് ആളുകൾക്ക് ഭക്ഷണവും താമസസൗകര്യവും മാനസിക സഹായവും നൽകുന്ന അഭയകേന്ദ്രങ്ങളും സഭാസമൂഹങ്ങളും സന്ദർശിച്ച സംഘം പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനകൾ അറിയിക്കുകയും സഹായമെത്തിക്കുകയും ചെയ്തു. ഒക്ടോബർ 27 ചൊവ്വാഴ്ച പോളണ്ടിലെ വാർസോ നഗരത്തിൽനിന്ന് 12 മണിക്കൂറുകൾ റോഡ് മാർഗ്ഗം യാത്ര ചെയ്‌ത്‌ കീവിലെത്തിയ സംഘം ഇന്നലെ വെള്ളിയാഴ്ച റോമിലേക്ക് മടങ്ങി.

രോഗികളായി കഴിയുന്നവർക്കുവേണ്ട മരുന്നുകൾ, ശൈത്യകാല വസ്ത്രങ്ങൾ, ഹീറ്ററുകൾ, കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക ഡയപ്പറുകൾ തുടങ്ങിയ വസ്തുക്കളും സംഘം കൈമാറി. ദുരിതവും ദാരിദ്ര്യവും പട്ടിണിയുമനുഭവിക്കുന്ന ജനതയുടെ നിലവിളിയുടെ ശബ്ദത്തിന് പ്രത്യുത്തരം നൽകുന്നതിന്റെ ഭാഗമായാണ് പാപ്പായുടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അദ്ധ്യക്ഷനും സംഘവും രാജ്യത്തെത്തിയത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »