News
പുതപ്പുകളും ഭക്ഷ്യവസ്തുക്കളുമായി വത്തിക്കാൻ സംഘം വീണ്ടും യുക്രൈനിലെ യുദ്ധഭൂമിയിലേക്ക്
പ്രവാചകശബ്ദം 26-10-2026 - Monday
വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ തീരാവേദനകളിലൂടെ കടന്നുപോകുന്ന യുക്രൈനിലെ ജനതയെ സന്ദർശിക്കുന്നതിനും, പരിശുദ്ധ പിതാവിന്റെ അടുപ്പം അറിയിക്കുന്നതിനുമായി, പാപ്പയുടെ ജീവകാരുണ്യ സേവനത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് മോൺസിഞ്ഞോർ ലൂയിസ് മാരിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ യുക്രൈൻ സന്ദർശിക്കും. സന്ദര്‍ശനത്തിനിടെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ, കമ്പിളിപ്പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടവലുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുള്‍പ്പെടെ സഹായവും വത്തിക്കാന്‍ സംഘം ലഭ്യമാക്കുന്നുണ്ട്.
നാളെ ഒക്ടോബർ 27 മുതൽ 30 വരെയാണ് സന്ദർശനം. യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭയുമായും ലത്തീൻ സഭയുമായും സഹകരിച്ച്, കീവ്, സപോറീഷ്യ, ഡിനിപ്രോ, ഫാസ്റ്റീവ് തുടങ്ങിയ നഗരങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. വത്തിക്കാനിലെ ജീവനക്കാരുടെയും വിശ്വാസികളുടെയും പങ്കാളിത്തത്തോടെ യുക്രൈനിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യകാലത്തെ നേരിടാൻ വിപുലമായ സഹായ ശേഖരണം നടന്നു വരികയാണ്. ഇപ്പോള്‍ തന്നെ നിരവധി വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം വത്തിക്കാന്റെ സഹായവും ചേര്‍ത്തു യുക്രൈനിലേക്ക് എത്തിക്കുവാനാണ് പാപ്പയുടെ പ്രതിനിധി സംഘം തീരുമാനിച്ചിട്ടുള്ളത്.
റഷ്യൻ അധിനിവേശത്തെത്തുടർന്ന് വൻ മാനുഷിക പ്രതിസന്ധി നേരിടുന്ന ഖേർസൺ മേഖലയിലെ ഒലേഷ്കി നഗരത്തിൽ അടിയന്തര വെടിനിർത്തലും സമാധാന അന്തരീക്ഷവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലെയോ പാപ്പ അടുത്തിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനുമായും, യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ കാലയളവ് മുതല്‍ ദശലക്ഷക്കണക്കിന് യൂറോയുടെ സഹായം വത്തിക്കാൻ യുക്രൈനിൽ ലഭ്യമാക്കിയിരിന്നു. ലെയോ പാപ്പ അധികാരമേറ്റതിനു ശേഷമുള്ള ഒരു വര്‍ഷത്തിനിടെയും നിരവധി തവണ യുദ്ധമേഖലയില്‍ പരിശുദ്ധ സിംഹാസനം സഹായം കൈമാറിയിരിന്നു.


















