News

ചരിത്രത്തിലെ മുറിവുകൾ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവും: യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ

പ്രവാചകശബ്ദം 20-07-2026 - Monday

കീവ്: യൂറോപ്പിന്റെ ചരിത്രത്തിലെ മുറിവുകൾ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവുമാണെന്ന് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭാതലവൻ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. രാജ്യത്തെ ലത്തീൻ സഭാസംവിധാനത്തിന്റെ പുനഃസംഘടനയുടെ മുപ്പത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് ഗല്ലാഘർ യുക്രൈനിൽ എത്തിയ അവസരത്തിലാണ് യുക്രൈന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം.

വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ സന്ദർശനത്തെ അനുസ്മരിച്ച ഷെവ്ചുക്ക്, ക്ഷമിക്കുകയും ക്ഷമ സ്വീകരിക്കുകയും ചെയ്യുന്നതാണ്, മനുഷ്യമനസ്സുകളിലെ യുദ്ധമുറിവുകൾ സുഖപ്പെടുത്താനുള്ള ഔഷധമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നുവെന്നത് പ്രത്യേകം എടുത്തുപറഞ്ഞു. ക്ഷമയിലൂടെ മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർത്താൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ്, യൂറോപ്യൻ ജനതയുടെ ചരിത്രമുറിവുകൾ സൗഖ്യപ്പെടുത്താനുള്ള മാർഗ്ഗം ക്ഷമയുടേതാണെന്ന് അഭിപ്രായപ്പെട്ടു.

ദീർഘനാളുകളായി യുക്രൈൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളും ആക്രമണങ്ങളും മൂലം പ്രദേശത്തെ സാധാരണജനം ദുരിതമനുഭവിക്കുന്ന അവസ്ഥയിൽ പാപ്പയുടെ പ്രതിനിധികൾ തങ്ങൾക്കിടയിലേക്കു എത്തിയത് ആത്മീയ ആശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാപ്പയുടെ പ്രതിനിധികൾക്കൊപ്പം പ്രാർത്ഥിക്കുന്നത് സാർവ്വത്രിക സഭയോടും പരിശുദ്ധ പിതാവിനോടും ചേർന്ന് പ്രാർത്ഥിക്കുന്ന അനുഭവമാണ് നൽകുന്നതെന്നും, സഭ യുക്രൈനിലെ ജനത്തെ ചേർത്തുപിടിക്കുന്നുവെന്ന ഉറപ്പാണ് ഇതിലൂടെ നൽകുന്നതെന്നുമാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ വിഷമകരമട സാഹചര്യത്തിലും കത്തോലിക്കരും ഓർത്തഡോക്സ് സഭാംഗങ്ങളും പ്രൊട്ടസ്റ്റന്റുകാരും, യഹൂദരും ഇസ്ലാം മതവിശ്വാസികളുമുൾപ്പെടെ ഏവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, ജീവൻ രക്ഷിക്കുന്നതിൽ മതപരമായ അതിർത്തികൾക്കപ്പുറമുള്ള സഹകരണം ഉണ്ടാകുന്നുണ്ടെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഉക്രൈനിൽ അൻപത് ലക്ഷത്തോളം ആളുകൾ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അവരിൽ ഇരുപത് ലക്ഷം പേർക്ക് മാത്രമാണ് ആവശ്യമായ സഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »