News

ദൈവത്തിന് മഹത്വം നല്‍കിക്കൊണ്ട് ബിസിനസ് തുടരുന്നു: ഞായറാഴ്ചകളിലെ അവധിയെ കുറിച്ച് മനസ്സ് തുറന്ന് ചിക്-ഫിൽ-എ സിഇഒ

പ്രവാചകശബ്ദം 31-10-2026 - Saturday

അറ്റ്‌ലാന്റ: തങ്ങളുടെ റെസ്റ്റോറന്റുകൾ ഞായറാഴ്ചകളിൽ അടച്ചിടുന്ന പരമ്പരാഗത നയം മാറ്റമില്ലാതെ തുടരുമെന്ന് വ്യക്തമാക്കി പ്രമുഖ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്-ഫിൽ-എ (Chick-fil-A) കമ്പനിയുടെ സിഇഒ ആൻഡ്രൂ കാത്തി. ദൈവീക വിശ്വാസത്തിലും ജീവനക്കാരുടെ ക്ഷേമത്തിലും അധിഷ്ഠിതമായി സ്ഥാപിക്കപ്പെട്ട ഈ രീതി ബിസിനസിന്റെ വളർച്ചയെക്കാൾ മൂല്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 1940-കളിൽ അറ്റ്‌ലാന്റയിൽ മുത്തശ്ശനും മുത്തശ്ശന്റെ സഹോദരൻ ബെനും ചേർന്ന് ചെറിയ റെസ്റ്റോറന്റ് തുടങ്ങിയ കാലത്ത് ഞായറാഴ്ചകളിൽ പല സ്ഥാപനങ്ങളും അടച്ചിടുന്ന പതിവുണ്ടായിരുന്നുവെന്ന് ആൻഡ്രൂ അനുസ്മരിച്ചു.

പള്ളിയിൽ പോകാനും വിശ്രമിക്കാനും, അതുപോലെ മറ്റുള്ളവർക്കും വിശ്രമിക്കാൻ അവസരമൊരുക്കാനും അവർ ആഗ്രഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി വ്യാപിച്ച് കിടക്കുന്ന തങ്ങളുടെ ബിസിനസ്സ് ശൃംഖല ഞായറാഴ്ചകളിൽ അടച്ചിടുക എന്ന തീരുമാനം ഇന്നും തുടരുയാണെന്നും 'ചിക്ക്-ഫിൽ-എ' എന്ന സ്ഥാപനത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽത്തന്നെ ഈ രീതി അലിഞ്ഞുചേർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചകളിൽ തുറന്നുപ്രവർത്തിക്കാത്തതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ അധിക വരുമാനം നഷ്ടപ്പെടുന്നുണ്ടെങ്കിലും, ഞായറാഴ്ച റെസ്റ്റോറന്റുകൾ തുറക്കുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്ന് കാത്തി വെളിപ്പെടുത്തി.

ക്രിസ്തീയ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ മറ്റുള്ളവരോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടിയ ആതിഥ്യം പ്രകടിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ചിക്കൻ സാൻഡ്‌വിച്ചുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ ശൃംഖലകളില്‍ ഒന്നാണ് 'ചിക്ക്-ഫിൽ-എ'. അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലും പ്യൂർട്ടോ റിക്കോ, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുമായി ആകെ മൂവായിരത്തിലധികം റെസ്റ്റോറന്റുകളാണ് കമ്പനിയ്ക്കുള്ളത്.

'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.

സംഭാവന നൽകുക / Donate

Related Articles »