News
ഉഗാണ്ടയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയ അധ്യാപകനെ തല്ലിക്കൊന്നു
പ്രവാചകശബ്ദം 31-10-2026 - Saturday
കംപാല: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർക്ക് അഭയം നൽകിയിരുന്ന 45 വയസ്സുകാരനായ ക്രൈസ്തവ അധ്യാപകനെ ഉഗാണ്ടയുടെ പടിഞ്ഞാറൻ മേഖലയിൽ മർദിച്ചുകൊലപ്പെടുത്തി. ബെഞ്ചമിൻ കുലെ മയാനി എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു മാസം മുന്‍പ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവ ദിവസം തന്നെ ഉഗാണ്ടൻ പോലീസിന് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചിരിന്നുവെങ്കിലും വിശ്വാസപരമായ കാരണങ്ങളുമായി ബന്ധപ്പെട്ടു രഹസ്യമായി സൂക്ഷിക്കുകയായിരിന്നു. ക്രൈസ്തവ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമമായ 'മോർണിംഗ് സ്റ്റാർ ന്യൂസ്' ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പീഡിത ക്രൈസ്തവരെ പിന്തുണയ്ക്കുന്ന വോയ്സ് ഓഫ് ദി മാർട്ടിയേഴ്സ് ഉൾപ്പെടെയുള്ള സംഘടനകളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട ബെഞ്ചമിൻ കസെസെ ജില്ലയിൽ കാസൊകെറോ ഗ്രാമത്തിൽ താമസിച്ചിരുന്ന എക്സലന്റ് നഴ്സറി ആൻഡ് പ്രൈമറി സ്കൂളിലെ അധ്യാപകനായിരുന്നു. അധ്യാപന ജോലിക്കു പുറമേ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവർക്ക് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തില്‍ അഭയവും സഹായവും നൽകുന്ന പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു. സംഭവ ദിവസം ഇസിഫു മർജാനി എന്നയാൾ ഫോണിൽ വിളിച്ച് സ്കൂളിലേക്ക് വരാൻ ആവശ്യപ്പെട്ടതനുസരിച്ച് മയാനിയും സഹപ്രവർത്തകനായ പാസ്കൽ മുഹിൻഡോയും യാത്രതിരിക്കുകയായിരുന്നു.
സ്കൂളിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ അകലെവച്ച് മൂന്നു പേർ ഇവരെ തടഞ്ഞുനിർത്തി. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഷരീഫ എവിടെയാണെന്ന് അക്രമികൾ അന്വേഷിക്കുകയായിരിന്നു. ഇതിനിടെ ഒരാൾ വലിയ വടികൊണ്ട് അധ്യാപകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മയാനിക്കൊപ്പമുണ്ടായിരുന്ന മുഹിൻഡോ അവിടെനിന്ന് ഓടി രക്ഷപ്പെട്ട് നാട്ടുകാരെ കൂട്ടി തിരിച്ചെത്തിയപ്പോഴേക്കും മയാനി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donate


















