News - 2026

അക്രമികളുടെ മാനസാന്തരത്തിനായി ഗ്വാഡലൂപ്പ മരിയന്‍ ബസിലിക്കയിൽ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 17-03-2026 - Tuesday

മെക്സിക്കോ സിറ്റി: മെക്സിക്കോയെ കീറിമുറിക്കുന്ന കുറ്റവാളികളുടെ മാനസാന്തരത്തിനായി ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ച മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെക്സിക്കോയിലെ ഗ്വാഡലൂപ്പ ബസിലിക്കയിൽ മെത്രാന്റെ പ്രാര്‍ത്ഥന. ഇക്കഴിഞ്ഞ നോമ്പുകാലത്തിന്റെ നാലാം ഞായറാഴ്ച തീര്‍ത്ഥാടന കേന്ദ്രത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ, അക്രമികളോട് കൊല്ലുന്നത് അവസാനിപ്പിച്ച് ഹൃദയങ്ങൾ കർത്താവിലേക്ക് തുറക്കുവാന്‍ മെക്സിക്കോ സിറ്റി അതിരൂപതയുടെ സഹായ മെത്രാനായ മോൺസിഞ്ഞോർ ഫ്രാൻസിസ്കോ ജാവിയർ അസെറോ അഭ്യര്‍ത്ഥിച്ചു. മാഫിയ കുറ്റകൃത്യങ്ങളിൽ നിന്നുമുള്ള പണം രക്തപ്പണമാണെന്നും അതില്‍ നിന്നും ദുഷ്ടശക്തിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ ജുവാൻ ഡീഗോയുടെ തിരുനാൾ ദിനത്തിൽ അത്ഭുതകരമായി പതിഞ്ഞ കന്യകാമറിയത്തിന്റെ ചിത്രത്തിന് മുന്നിൽ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ അക്രമം കൊണ്ട് പൊറുതി മുട്ടിയ മെക്സിക്കോയുടെ മാനസാന്തരത്തിനായിട്ടായിരിന്നു പ്രാര്‍ത്ഥന. മെക്സിക്കോ പീസ് ഇൻഡക്സ് 2025 പ്രകാരം രാജ്യത്തു കാണാതാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2010 മുതൽ, ഇതുവരെ മെക്സിക്കോയിൽ ഏകദേശം 292,000 ആളുകളെ കാണാതായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിലധികവും കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ് സംഭവിച്ചതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് 132,000-ത്തിലധികം കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ കുട്ടികളെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ എല്ലാ ദിവസവും രാവിലെ ഉണരുന്ന കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയാണെന്നും സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥന ശക്തമായ രീതിയില്‍ തുടരേണ്ടതുണെന്നും ബിഷപ്പ് പറഞ്ഞു. അക്രമങ്ങളും കൊലപാതകങ്ങളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച മെക്സിക്കോയാണ് വൈദിക നരഹത്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »