Faith And Reason
സല്‍മാന്‍ തസീർ, ഷബാസ് ഭട്ടി: ആസിയ ബീബി കേസിലെ ധീര രക്തസാക്ഷികള്‍
സ്വന്തം ലേഖകന്‍ 10-05-2019 - Friday
ഇസ്ലാമാബാദ്: വ്യാജ മതനിന്ദാക്കേസിനെ തുടര്‍ന്നു വധശിക്ഷക്ക് വിധിക്കപ്പെടുകയും ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതയാകുകയും ചെയ്ത ക്രൈസ്തവ വനിത ആസിയാ ബീബി സുരക്ഷിതയായി കാനഡയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആഗോള ക്രൈസ്തവ സമൂഹം. ലോകം മുഴുവന്‍ പാക്കിസ്ഥാന് നേരെ വിമര്‍ശനം ഉന്നയിച്ച രാജ്യത്തെ മതനിന്ദാ നിയമത്തിന്റെ ഇരയായ ആസിയാ ബീബി കേസുമായി, ബന്ധപ്പെട്ട് രക്തസാക്ഷിത്വം വരിച്ചവരാണ് സല്‍മാന്‍ തസീര്‍, ഷബാസ് ഭട്ടി എന്നിവര്‍. കാനഡയില്‍ ആസിയ സുരക്ഷിതമായ ജീവിതം നയിക്കുവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷമുള്ളപ്പോള്‍ തന്നെ ഈ രണ്ടുപേരുടെയും ദാരുണമായ മരണം പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ തീരാകണ്ണീരാണ്.
സല്‍മാന്‍ തസീര്‍
തലസ്ഥാനമായ ഇസ്ലാമാബാദിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ചാണ് പഞ്ചാബ് ഗവര്‍ണറായ സല്‍മാന്‍ തസീര്‍ കൊല്ലപ്പെട്ടത്. മറ്റ് പാക്കിസ്ഥാനി നേതാക്കളില്‍ നിന്നും വിരുദ്ധമായി സല്‍മാന്‍ തസീര്‍ മതനിന്ദാ നിയമത്തെ കറുത്ത നിയമമെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആസിയാ ബീബിയെ പിന്തുണച്ചിരിന്നു. അവളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റ് സര്‍ദാരിയോട് തുടര്‍ച്ചയായി അപേക്ഷ സമര്‍പ്പിച്ചത് തീവ്ര ഇസ്ളാമിക വിശ്വാസികളെ ചൊടിപ്പിക്കുകയായിരിന്നു.
തുടര്‍ന്നു 2011 ജനുവരി 4-ന് സ്വന്തം അംഗരക്ഷകനാലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മതനിന്ദാ നിയമത്തെ ഗവര്‍ണര്‍ കറുത്ത നിയമം എന്ന് വിളിച്ചതാണ് അദ്ദേഹത്തെ കൊല്ലുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു തസീറിന്റെ കൊലയാളിയായ മാലിക് മുംതാസ് ഹുസൈന്‍ ക്വാദ്രി പിന്നീട് കോടതിയില്‍ മൊഴി നല്‍കിയിരിന്നു. എന്നാല്‍ തീവ്ര ഇസ്ലാമിക ചിന്തകര്‍ കൈയില്ലെടുത്ത വാടകകൊലയാളിയായാണ് പലരും മാലിക് മുംതാസിനെ വിലയിരുത്തിയത്.
ക്ലമന്റ് ഷബാസ് ഭട്ടി
2008 മുതല്‍ പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ അംഗമായിരുന്ന ക്ലമന്റ് ഷബാസ് ഭട്ടി മതന്യൂനപക്ഷ വകുപ്പിലെ ആദ്യത്തെ ക്രിസ്തീയ വിശ്വാസിയായ മന്ത്രിയായിരിന്നു. ആസിയ വിവാദം രാജ്യത്തു കത്തി നില്‍ക്കുമ്പോഴായിരിന്നു ഇദ്ദേഹവും ദാരുണമായി കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയില്‍ 2009 ല്‍ ഉണ്ടായ ഗോജ്രാ കലാപത്തിനു ഇരയായ ക്രിസ്ത്യാനികളെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത് മുതല്‍ ഇദ്ദേഹത്തിനു വധഭീഷണികള്‍ ഉണ്ടായിരുന്നു.
ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും ഇസ്ളാമിക സംഘടനകളെ ചൊടിപ്പിച്ചു. ക്രൈസ്തവര്‍ അടക്കമുള്ള പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരേ പോരാടിയ ഷബാസ് ഭട്ടി, ന്യൂനപക്ഷങ്ങള്‍ക്ക് സംവരണവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനു ശക്തമായ നേതൃത്വമാണ് നല്‍കിയത്.
തന്റെ മരണം അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് പറയുവാന്‍. ഇതിനെ സാധൂകരിക്കുന്ന വാക്കുകള്‍ അദ്ദേഹം നാളുകള്‍ക്ക് മുന്‍പ് തുറന്ന്‍ പറഞ്ഞിരിന്നു. “നമ്മുക്ക് വേണ്ടി സ്വജീവന്‍ പോലും ബലികഴിച്ച യേശു ക്രിസ്തുവിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അതിനു വേണ്ടി മരിക്കുവാന്‍ പോലും ഞാന്‍ തയ്യാറാണ്. എന്റെ സമുദായത്തിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അവരുടെ അവകാശങ്ങളുടെ സംരക്ഷണത്തിന് മരിക്കുവാനും ഞാന്‍ തയ്യാറാണ്”- ഭട്ടി പറഞ്ഞത് ഇപ്രകാരമായിരിന്നു.
2011 മാര്‍ച്ച് 2-ന് ഇസ്ലാമാബാദില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് അദ്ദേഹം വിടവാങ്ങിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിന്നീട് തെഹ്രീക്-ഇ-താലിബാന്‍ എന്ന തീവ്രവാദി സംഘടന ഏറ്റെടുക്കുകയുണ്ടായി. ക്രിസ്തുവിലുള്ള വിശ്വാസത്തെ ഭയം കൂടാതെ പ്രഘോഷിച്ചു രക്തസാക്ഷിയായ അദ്ദേഹത്തിന്‍റെ നാമകരണ നടപടികള്‍ ഇപ്പോള്‍ നടക്കുകയാണ്. ഭട്ടിയുടെ നാമകരണനടപടിയെ സ്കോട്ടിഷ് കര്‍ദ്ദിനാള്‍ കെയിത്ത് ഒബ്രിയനടക്കമുള്ള നിരവധി പേര്‍ പിന്തുണക്കുന്നുണ്ട്. അദ്ദേഹം ഉപയോഗിച്ചിരിന്ന ബൈബിള്‍ ഇറ്റലിയിലെ സാന്‍ ബര്‍ത്തലോമിയോയില്‍ പ്രത്യേകം സൂക്ഷിക്കുന്നുണ്ടെന്നതും ശ്രദ്ധേയം.
നീണ്ട ഒന്‍പത് വര്‍ഷത്തെ പ്രാര്‍ത്ഥനക്കും ഉപവാസത്തിനും പരിത്യാഗ പ്രവര്‍ത്തികള്‍ക്കും ഒടുവില്‍ ആസിയ കാനഡയില്‍ എത്തിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ നവമാധ്യമങ്ങളില്‍ സല്‍മാന്‍ തസീറിനെയും ഷബാസ് ഭട്ടിയെയും കുറിച്ചുള്ള ദീപ്ത സ്മരണ പുതുക്കുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം. നമ്മുക്കും ഓര്‍ക്കാം ആ പുണ്യപുഷ്പങ്ങളെ..!
