Faith And Reason - 2025
“കുരിശു കാണുന്നത് ഇഷ്ടമല്ലെങ്കില്‍, നിങ്ങൾ അങ്ങോട്ട് നോക്കേണ്ട”: നിരീശ്വരവാദികളുടെ നീക്കത്തെ പരാജയപ്പെടുത്തിക്കൊണ്ട് പ്രദേശവാസികള്‍
സ്വന്തം ലേഖകന്‍ 17-05-2019 - Friday
ടെക്സാസ്: കുരിശുകള്‍ നീക്കം ചെയ്യുവാനുള്ള നിരീശ്വരവാദികളുടെ നീക്കത്തെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തി. ടെക്സാസിലെ ചരിത്രമുറങ്ങുന്ന സാന്‍ ജസിന്തോ കൗണ്ടി കോര്‍ട്ട്ഹൗസിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട തീവ്ര നിരീശ്വരവാദി സംഘടനക്ക് വായടപ്പിക്കുന്ന മറുപടിയാണ് തദ്ദേശവാസികൾ നൽകിയത്. “കുരിശു കാണുന്നത് ഇഷ്ടമല്ലെങ്കില്‍, നിങ്ങൾക്ക് അങ്ങോട്ട് നോക്കേണ്ട” എന്ന് പറഞ്ഞുകൊണ്ടാണ് അവർ കോര്‍ട്ട്ഹൗസിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന 5 കുരിശുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് പരാതിപ്പെട്ട വിസ്കോന്‍സിന്‍ ആസ്ഥാനമായുള്ള നിരീശ്വരവാദി സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ (FFRF) ന്റെ വായടപ്പിച്ചത്.
ടെക്സാസ് കോര്‍ട്ട്ഹൗസിന്റെ മുകളിലെ ജനാലകളിലാണ് പ്രസ്തുത കുരിശുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിന് ഈ കുരിശുകള്‍ ദീപാലങ്കാരങ്ങള്‍ കൊണ്ട് അലങ്കരിക്കാറുണ്ട്. ഈ കുരിശുകള്‍ നീക്കണമെന്ന FFRF-ന്റെ ആവശ്യത്തെ അംഗീകരിക്കേണ്ടതില്ലെന്ന് കൗണ്ടി കമ്മീഷണേഴ്സ് കോടതി ഹിതപരിശോധനയിലൂടെ ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍ ഏതാണ്ട് 600-ഓളം പേര്‍ പങ്കെടുത്തു.
ക്രിസ്തുമതത്തോടുള്ള ഭരണകൂടത്തിന്റെ അനുഭാവത്തേയാണ് ഈ കുരിശുകള്‍ സൂചിപ്പിക്കുന്നതെന്നായിരുന്നു എഫ്.എഫ്.ആര്‍.എഫ് പ്രാദേശിക ജഡ്ജിയായ ഫ്രിറ്റ്സ് ഫോള്‍ക്കറിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പ്രദേശവാസികളും ഈ പരാതിക്കെതിരെ ഒന്നിക്കുകയായിരുന്നു. നിങ്ങള്‍ക്കിത് ഇഷ്ടമല്ലെങ്കില്‍ അങ്ങോട്ട് നോക്കണ്ട എന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്. അവസാനം ഈ കുരിശുകള്‍ ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്യുന്നില്ലെന്ന നിഗമനത്തിലാണ് അധികാരികള്‍ എത്തിയത്.
പ്രദേശവാസികളുടെ ഈ വിജയത്തെ ഗോലിയാത്തിന്റെ മേലുള്ള ദാവീദിന്റെ വിജയത്തോടാണ് പ്രാദേശിക റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായ ഡ്വൈന്‍ റൈറ്റ് വിശേഷിപ്പിച്ചത്. എത്ര ചെറിയ സമൂഹമാണെങ്കിലും ഒരുമിച്ചുനിന്നാല്‍ നമ്മുടെ കൈസ്തവ വിശ്വാസത്തെ തൊട്ടുകളിക്കുന്ന സാമൂഹ്യവിരുദ്ധരെ പരാജയപ്പെടുത്തുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. “നമുക്ക് മതത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമല്ല വേണ്ടത്; നമുക്ക് വേണ്ടത് മതസ്വാതന്ത്ര്യമാണ്” റൈറ്റ് പറഞ്ഞു.
ജസിന്തോ കൗണ്ടി അധികാരികളെ പിന്തുണച്ചുകൊണ്ട് ടെക്സാസ് ഫസ്റ്റ് അസിസ്റ്റന്റ് അറ്റോര്‍ണി ജെനറല്‍ ജെഫ് മാട്ടീര്‍ അയച്ച കത്തില്‍, നിരീശ്വരവാദി സംഘടനയുടെ പരാതി നിരസിക്കുവാനുള്ള അധികാരം കൗണ്ടി അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നു വ്യക്തമാക്കി.
