India - 2025
കാരുണ്യത്തിന്‍റെ സംസ്‌ക്കാരം കുടുംബങ്ങളില്‍നിന്നും രൂപപ്പെടുന്നു: മാര്‍ ജേക്കബ് മുരിക്കന്‍
അമൽ സാബു 03-04-2016 - Sunday
കൊച്ചി (പാലാ): കാരുണ്യത്തിന്റെ സംസ്‌ക്കാരം കുടുംബങ്ങളില്‍ നിന്നും രൂപപ്പെടുന്നുവെന്നും അതില്‍ അമ്മമാരുടെ പ്രാധാന്യം വളരെ വലുതാണെന്നും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. കെസിബിസി പ്രൊലൈഫ് സമിതിയുടെ കാരുണ്യയാത്രയോടനുബന്ധിച്ച് പാലാ ശാലോം പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രൊലൈഫ് സമിതി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെ കനല്‍ എല്ലാ ഹൃദയങ്ങളിലും ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതിനെ കണ്ടറിഞ്ഞ് ജ്വലിപ്പിക്കുന്ന ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം. വിശുദ്ധരുടെ ജീവിതത്തെ അടുത്തറിയുമ്പോള്‍ അവര്‍ ദൈവത്തിന്റെ കരുണയെക്കുറിച്ച് ധ്യാനിക്കുകയും അതില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്ക് കാരുണ്യത്തിന്‍റെ പ്രകാശം പരത്താന്‍ പരിശ്രമിച്ചവരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനോടുളള സംരക്ഷണവും കരുതലുമാണ് ഏറ്റവും വലിയ കാരുണ്യ പ്രവൃത്തിയെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊലൈഫ് സമിതി ഡയറക്ടറുമായ ഫാ. പോള്‍ മാടശ്‌സേരി പറഞ്ഞു. പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ ജോണ്‍സണ്‍ പുള്ളിറ്റ്, ഫാ. തോമസ് മേനാച്ചേരില്‍, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ്ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, വൈസ് പ്രസിഡന്റ് യുഗേഷ് തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എഫ്‌സിസി, ബ്രദര്‍ തോമസ് ഏഴുംകാട്ടില്‍, ഫ്രാന്‍സിസ്ക എന്നിവര്‍ പ്രസംഗിച്ചു.
