News - 2025

ഞാന്‍ ദൈവവിശ്വാസി; വൈദികനോടൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ലേഡി ഗാഗ

സ്വന്തം ലേഖകന്‍ 17-05-2016 - Tuesday

വാഷിംഗ്ടണ്‍: പോപ് ഗായിക ലേഡി ഗാഗ വൈദികനൊപ്പം നല്‍ക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ബ്ലസ്ഡ് സാക്രമെന്റ് ദേവാലയത്തിലെ വൈദികനായ ജോണ്‍ ബുഫല്ലിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണു ലേഡി ഗാഗ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനോടുള്ള കടപാടിന്റെ ഭാഗമായിട്ടാണു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അവര്‍ ഇതോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ചിത്രമാണിത്.

"വിശുദ്ധ കുര്‍ബാന നീതിമാന്‍മാര്‍ക്കു വേണ്ടിയുള്ള സമ്മാനമല്ലെന്നും ദൈവപിതാവ് നമുക്കു നല്‍കിയിരിക്കുന്ന രക്ഷയുടെ ഭക്ഷണമാണെന്നും അങ്ങ് പറഞ്ഞു. എന്നെ ഏറെ ചിന്തിപ്പിക്കുകയും മനസില്‍ ഏറെ ആഹ്ലാദം നല്‍കുകയും ചെയ്യുന്ന വാക്കുകളാണിത്". ലേഡി ഗാഗ കുറിക്കുന്നു. സ്റ്റിഫാനി ജര്‍മ്മനോട്ട എന്നതാണു കത്തോലിക്ക സഭ വിശ്വാസിയായ ലേഡി ഗാഗയുടെ ശരിയായ നാമം. പോപ് ഗായികയും ഗാനരചയിതാവുമായതിനു ശേഷമാണു ലേഡി ഗാഗയെന്ന പേരില്‍ സ്റ്റിഫാനി അറിയപ്പെടുവാന്‍ തുടങ്ങിയത്. പല വിവാദങ്ങളിലും ചെന്നു പെട്ടിട്ടുള്ള ലേഡി ഗാഗ ഒരു കത്തോലിക്ക വെബ്‌സൈറ്റിലെ ചില വാചകങ്ങള്‍ തനിക്കുള്ള ചില താക്കിതുകള്‍ പോലെയാണു തോന്നിയതെന്നും മാനസാന്തരത്തിലേക്കുള്ള വഴിയാണിതുമൂലം തുറന്നു കിട്ടിയതെന്നും പറയുന്നു.

താന്‍ ദൈവ വിശ്വാസിയാണെന്നും യേശുക്രിസ്തുവിലും പരിശുദ്ധ സഭയിലും താന്‍ ആഴമായി വിശ്വസിക്കുന്നുവെന്നും 2010-ല്‍ ലേഡി ഗാഗ പറഞ്ഞിരുന്നു. ഫോട്ടോയെ വിമര്‍ശിച്ച ഒരാള്‍ക്കു മഗ്ദലനക്കാരി മറിയയുടെ കഥയിലൂടെ ലേഡി ഗാഗ മറുപടിയും നല്‍കിയിട്ടുണ്ട്. നാം എല്ലാം പാപികളാണെന്നും എന്നാല്‍ പാപികളെ ആഴമായി സ്‌നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും അവര്‍ മറുപടിയില്‍ പറയുന്നു.


Related Articles »