News - 2025
ആസിഫിനും മതനിന്ദാ നിയമത്തിന്റെ ഇരകള്‍ക്കും നീതി ലഭിക്കണം: പാക്ക് ക്രൈസ്തവരുടെ നിരാഹാരസമരം
പ്രവാചക ശബ്ദം 11-09-2020 - Friday
കറാച്ചി: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിനെതിരെ നാഷ്ണല്‍ ക്രിസ്ത്യന്‍ പാര്‍ട്ടി ചെയര്‍മാന്‍ ഷാബ്ബിര്‍ ഷഫ്കാത്തിന്റെ നേതൃത്വത്തില്‍ പാക്ക് ക്രൈസ്തവര്‍ സെപ്റ്റംബര്‍ ഒന്‍പതിന് കറാച്ചിയില്‍ നിരാഹാര സമരം നടത്തി. വ്യാജ മതനിന്ദ കേസിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസിയായ ആസിഫ് പെര്‍വേസ് മസീഹ് എന്ന യുവാവിനെ വധശിക്ഷക്ക് വിധിച്ച സാഹചര്യത്തിലാണ് ക്രൈസ്തവരുടെ നിരാഹാര സമരം. ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ചതിനാണ് വ്യാജ മതനിന്ദ കേസ് ആരോപിക്കപ്പെട്ടതെന്ന് ആസിഫിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിന്നു. ശരിയായ രീതിയിലുള്ള യാതൊരു അന്വേഷണം നടന്നിട്ടില്ലെന്നും തെളിവുകളില്ലാത്ത വ്യാജ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസ് നടപടിയെന്നും ഷഫ്കാത്ത് ആരോപിച്ചു.
ആസിഫ് പെര്‍വേസിന് വധശിക്ഷ വിധിച്ചതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ക്രൈസ്തവരുമായി പ്രസ് ക്ലബ്ബിലെത്തിയ ഷഫ്കാത്ത് നിരാഹാരമിരിക്കുകയായിരുന്നു. ലാഹോറിലെ ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന ആസിഫ് തന്റെ മുസ്ലീം സുപ്പര്‍വൈസറിന് മതനിന്ദാപരമായ സന്ദേശങ്ങള്‍ അയച്ചുവെന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് വധശിക്ഷക്ക് വിധിക്കപ്പെടുന്നത്. ഇതിന്റെ പേരില്‍ 2013 മുതല്‍ ജയില്‍ കഴിഞ്ഞുവരികയാണ് ആസിഫ്. ഗാര്‍മെന്റ് ഫാക്ടറിയിലെ തന്റെ ജോലി വിട്ടതിന് ശേഷമാണ് ആസിഫിനെതിരെ മതനിന്ദാ ആരോപണമുയരുന്നതെന്നതും ശ്രദ്ധേയമാണ്. തീവ്ര നിലപാടുള്ള ഇസ്ലാം മതസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ധത്തെ ഭയന്നിട്ടാണ് കോടതി വിധിയെന്നു നിരീക്ഷിക്കപ്പെടുന്നു.
ഇതിനിടെ മതനിന്ദയുടെ പേരില്‍ അന്യായമായി ജയിലില്‍ കഴിയുന്ന 25 ക്രൈസ്തവരുടെ പേരടങ്ങിയ പട്ടിക ഷഫ്കാത്ത് പുറത്തുവിട്ടു. നദീം സാംസണ്‍, പാട്രുസ് മസി, ഹാമ്യോന്‍ ഫൈസല്‍, സാവന്‍ മസി, അന്‍വര്‍ മസി, ആസിഫ് സ്റ്റീഫന്‍, അമൂണ്‍ അയൂബ്, സഫര്‍ മസി, ഷഹ്ബാസ് മസി, കൈസര്‍ അയൂബ്, ഇമ്രാന്‍ ഗഫൂര്‍, നോമന്‍ അസ്ഘര്‍, ഇഷ്ഫാക് മസി, അദ്നാന്‍ പ്രിന്‍സ്, ഡേവിഡ്, സണ്ണി മുഷ്താക്, നോബീല്‍ മസി, സലിം മസി, നദീം ജെയിംസ്, ഫഫ്കാത്ത് ഇമ്മാനുവല്‍, സ്റ്റീഫന്‍ മസി, യാക്കൂബ് ബാഷിഫ്, ഷഗുഫ്ത കൊസര്‍ തുടങ്ങിയവരുടെ പേരുകള്‍ പട്ടികയിലുണ്ട്. പാക്കിസ്ഥാനിലെ മതനിന്ദാനിയമം രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണം ആഗോളതലത്തില്‍ തന്നെ ശക്തമാണ്. യു.എന്‍ മനുഷ്യാവകാശ കാര്യാലയം ഇതിനെതിരെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെങ്കിലും നിലപാടില്‍ ഉറച്ചാണ് പാക്ക് ഭരണകൂടം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
