Friday Mirror

മേഘങ്ങളില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ട അത്ഭുതം; 169 വർഷങ്ങൾക്കു ശേഷവും മെക്‌സികോയിലെ ദേവാലയത്തിലേക്ക് എത്തുന്നത് ആയിരങ്ങള്‍

സ്വന്തം ലേഖകന്‍ 20-05-2016 - Friday

പെറു: 1847 ഒക്ടോബര്‍ മൂന്നാം തീയതി ഞായറാഴ്ച മെക്‌സിക്കൊയിലെ ഒകോട്‌ലാനിലെ ജനങ്ങള്‍ തെളിഞ്ഞ ആകാശത്ത് ഒരു അത്ഭുത കാഴ്ച കണ്ടു. തങ്ങളുടെ നാഥനും രക്ഷകനുമായ ക്രിസ്തു കുരിശില്‍ തറയ്ക്കപ്പെട്ടു കിടക്കുന്ന ദൃശ്യം ആകാശത്തു മേഘങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. രണ്ടായിരത്തില്‍ അധികം ആളുകള്‍ അരമണിക്കൂര്‍ ഈ ദൃശ്യം കണ്ടുനിന്നു. തങ്ങളുടെ ദൃഷ്ടിയില്‍ കാണുന്ന അത്ഭുതത്തെ അവര്‍ തിരിച്ചറിഞ്ഞു. അവര്‍ നിലവിളിക്കുവാനും ദൈവത്തെ ആരാധിക്കുവാനും തുടങ്ങി. 'മിറക്കിള്‍ ഓഫ് ഒകോട്‌ലന്‍' എന്നു പിന്നീട് അറിയപ്പെട്ട സംഭവമാണിത്.

"ഞായറാഴ്ച പകല്‍ സെമിത്തേരിക്കു സമീപമുള്ള ദേവാലയത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുവാന്‍ ഒരുങ്ങി വന്നതാണ് എല്ലാവരും. പെട്ടെന്നു തന്നെ വടക്കുപടിഞ്ഞാറന്‍ ആകാശത്തു രണ്ടു വെള്ള മേഘങ്ങള്‍ കൂടി ചേരുന്നത് എല്ലാവര്‍ക്കും ദൃശ്യമായി. പിന്നീട് ഇവിടെ ക്രിസ്തുവിന്റെ ക്രൂശിത രൂപം തെളിഞ്ഞു വന്നു. വിശുദ്ധ ബലിക്കായി ഒരുങ്ങിവന്നവരും പ്രദേശത്തുണ്ടായിരുന്നവരും ഓടിക്കൂടി. പിന്നെ ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കുവാനും ആരാധിക്കുവാനും തുടങ്ങി". സംഭവ ദിനം ബലിയര്‍പ്പിക്കുവാന്‍ വന്ന വൈദികന്‍ ജൂലിയന്‍ നവാരോ അന്നുപറഞ്ഞ വാക്കുകളാണിത്.

'കരുണയുടെ കര്‍ത്താവ്' എന്ന പേരില്‍ ക്രിസ്തുവിന്റെ ഈ പ്രത്യക്ഷപ്പെടല്‍ പിന്നീട് അറിയപ്പെടുവാന്‍ തുടങ്ങി. 'മിറക്കിള്‍ ഓഫ് ഒകോട്‌ലന്‍' 1911-ല്‍ സഭ ഔദ്യോഗികമായി അംഗീകരിച്ചു. സംഭവം നടന്ന പ്രദേശത്തു 1875-ല്‍ പുതിയ ദേവാലയം ഉയര്‍ന്നു വന്നു. ഈ അത്ഭുതം സഭ അംഗീകരിച്ചത് നിരവധി പേര്‍ ഇതിനു ദൃക്‌സാക്ഷികളായി എന്നതിനാലാണ്. 2000-ല്‍ അധികം വരുന്ന സാക്ഷികളില്‍ വൈദികരും ഉള്‍പ്പെടുന്നു. മേഘങ്ങളില്‍ ക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനും ഒരു ദിവസം മുമ്പ് ജലിസ്‌കോ എന്ന പട്ടണത്തില്‍ വലിയ നാശം വിതച്ച ഒരു ഭൂകമ്പം ഉണ്ടായിരുന്നു. 40 ആളുകള്‍ സംഭവത്തില്‍ മരിച്ചിരുന്നു. ഇതിനു ശേഷം ഭീതിയിലായിരുന്ന ജനതയ്ക്കു വലിയ പ്രത്യാശയും ആശ്വാസവുമാണു നാഥന്റെ പ്രത്യക്ഷപ്പെടല്‍ നല്‍കിയത്.

പതിമൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. സെപ്റ്റംബര്‍ 20-നു തുടങ്ങി ഒക്ടോബര്‍ രണ്ടാം തീയതി വരെ ഇതു നീണ്ടു നില്‍ക്കുന്നു. 1912 മുതലാണ് ഇവിടെ ആഘോഷപൂര്‍വ്വമായി തിരുനാള്‍ നടത്തുവാന്‍ തുടങ്ങിയത്. ക്രൂശിത രൂപം മേഘങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ 150-ാം വാര്‍ഷികം ആഘോഷിച്ചത് 1997-ല്‍ ആണ്. അന്നു മാര്‍പാപ്പയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ശ്ലഹീക വാഴ്‌വുകള്‍ നല്‍കി തിരുനാള്‍ ആഘോഷിക്കുവാന്‍ എത്തിയവരെ ആശീര്‍വദിച്ചിരുന്നു.


Related Articles »