News
ഫാത്തിമയിലെ മൂന്നാം രഹസ്യം: പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നു വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 23-05-2016 - Monday
വത്തിക്കാന്‍: ഫാത്തിമയില്‍ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട മൂന്നാം രഹസ്യം, പൂര്‍ണ്ണമായും വെളിപ്പെടുത്തിയിട്ടില്ലെന്നു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‍ വത്തിക്കാന്‍. അടുത്തിടെ ഒരു ബ്ലോഗിലാണ് ഇതു സംബന്ധിക്കുന്ന ചില പരാമര്‍ശങ്ങള്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയെന്ന തരത്തില്‍ വാര്‍ത്ത വന്നത്. ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ടു 2000-ല്‍ പ്രഖ്യാപിച്ച സംഭവങ്ങള്‍ തെറ്റാണെന്നും, ഇവയില്‍ പലകാര്യങ്ങളും കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണെന്നും ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ തന്നോടു പറഞ്ഞുവെന്നാണ് ഒരു പ്രഫസര്‍ ഓണ്‍ലൈന്‍ ബ്ലോഗില്‍ എഴുതിയത്.
ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഫാത്തിമയിലെ മൂന്നാം രഹസ്യം വെളിപ്പെടുത്തിയത്. അന്ന്‍ വിശ്വാസ സംബന്ധമായ കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ഇവയെല്ലാം വെറും കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണെന്നും ഒന്നും പൂര്‍ണ്ണമായ സത്യങ്ങളല്ലെന്നും തന്നോടു പറഞ്ഞതായാണ് പ്രഫസര്‍ ഇന്‍ഗോ ഡോളിംഗര്‍ ആണ് ബ്ലോഗില്‍ കുറിച്ചത്. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗറാണു പിന്നീട് മാര്‍പാപ്പയായ ബനഡിക്ട് പതിനാറാമന്‍.
"ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലുമായി ബന്ധപ്പെട്ട ഒരു വിഷയവും ഞാന്‍ പ്രഫസറോടു പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ചു അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകള്‍ ഒന്നും തന്നെ ശരിയല്ല. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഫാത്തിമയിലെ മാതാവുമായി ബന്ധപ്പെട്ടു നടത്തിയ മൂന്നാമത്തെ രഹസ്യം പൂര്‍ണ്ണവും, ശരിയും, സത്യവുമാണ്". ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍റെ പ്രതികരണം ഇങ്ങനെ ആയിരിന്നു.
പോര്‍ച്ചുഗലില്‍ 1917 മേയ് 13-ാം തീയതിയാണ് ആടിനെ മേയിച്ചു നടന്ന മൂന്നു സഹോദരങ്ങള്‍ക്കു ദൈവമാതാവ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ച്ചയായ പഠനങ്ങള്‍ക്ക് ശേഷം 1930-ല്‍ പരിശുദ്ധ കത്തോലിക്ക സഭ ഇതിനെ അംഗീകരിക്കുകയും മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ദേവാലയം പണിയുകയും ചെയ്തു. പോള്‍ ആറാമനാണ് അവിടം സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ. ജോണ്‍ പോള്‍ രണ്ടാമനും ബനഡിക്ടറ്റ് പതിനാറാമനും ഫാത്തിമയിലെ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. 2017-ല്‍ ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുന്നുണ്ട്.
