News - 2025

വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ഇംഗ്ലണ്ടിലും വിപുലമായി ആഘോഷിച്ചു

സ്വന്തം ലേഖകന്‍ 31-05-2016 - Tuesday

ലണ്ടന്‍: ഇംഗ്ലണ്ടിലും വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും എഴുന്നള്ളിച്ച് പുരോഹിതരും വിശ്വാസികളും ചേര്‍ന്നു നടത്തിയ പ്രദിഷണത്തില്‍ ആയിരങ്ങള്‍ വിശ്വാസപൂര്‍വ്വം പങ്കെടുത്തു. അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് മെനിനിയുടെ നേതൃത്വത്തിലാണ് ലണ്ടനില്‍ ചടങ്ങുകള്‍ നടന്നത്. വാര്‍വിക് സ്ട്രീറ്റിലെ ഔര്‍ ലേഡി ഓഫ് അസംപ്ഷനില്‍ നിന്നും ആരംഭിച്ച ചടങ്ങുകള്‍ സ്പാനീഷ് പാലസിലെ സെന്റ് ജെയിംസ് പള്ളിയില്‍ ആണ് അവസാനിച്ചത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇംഗ്ലണ്ടില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആഘോഷിക്കപ്പെടുന്നത്.

സോഹോയിലെ സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ നിന്നും ആരംഭിച്ച ചടങ്ങുകള്‍ സെന്റ് ഗിലസിംഗിലാണ് അവസാനിച്ചത്. വഴിവക്കില്‍ കൂടി നിന്നവര്‍ക്ക് വിശുദ്ധ കൂര്‍ബ്ബാനയുടെ തിരുനാളുമായി ബന്ധപ്പെട്ട വിഷങ്ങളില്‍ അറിവ് പകരുന്നതിനായി ചെറു ലേഖനങ്ങള്‍ വിശ്വാസികള്‍ വിതരണം ചെയ്തു. ആശീര്‍വാദ പ്രാര്‍ത്ഥന സെന്റ് ഗിലസിംഗില്‍ വച്ചാണ് നടത്തപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്ത പ്രദിഷിണമാണ് ഇവിടെ നടത്തപ്പെട്ടത്. ഷിഫിള്‍ഡിലെ സെന്റ് മരിയാസ് കത്തീഡ്രലില്‍ നിന്നും ആരംഭിച്ച ചടങ്ങുകള്‍ക്ക് ബിഷപ്പ് റാല്‍ഫ് ഹെസ്‌കെട്ട് നേതൃത്വം നല്‍കിയപ്പോള്‍, ബിഷപ്പ് എലക്റ്റ് പോള്‍ മേസണ്‍ വെസ്റ്റര്‍ഹാമിലെ സെന്റ് ജോണ്‍ ദ ബാപ്പിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചു.

ഓക്‌സ്‌ഫോഡില്‍ ബിഷപ്പ് റോബര്‍ട്ട് ബിര്‍നിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ആഘോഷപൂര്‍വ്വം നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം വീഥികളിലൂടെ വിശുദ്ധ കുര്‍ബ്ബാനയും വഹിച്ചുള്ള പ്രദിഷിണം നടന്നു. ബ്ലാക്ഫ്രിയേഴ്‌സില്‍ വച്ച് ഫാദര്‍ റോബര്‍ട്ട് ഉംബ്രസ് ധ്യാനപ്രസംഗം നടത്തി. വത്തിക്കാനില്‍ കഴിഞ്ഞ വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പയാണ് വിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളിനു നേതൃത്വം വഹിച്ചത്. റോമിന്റെ വീഥികളിലൂടെ എഴുന്നള്ളിച്ച വിശുദ്ധ കുര്‍ബ്ബാനയുടെ മുന്നില്‍ ആയിരങ്ങള്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിച്ചു.


Related Articles »