News - 2025

വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസിനെ ജൂണ്‍ അഞ്ചാം തീയതി വിശുദ്ധനായി പ്രഖ്യാപിക്കും

സ്വന്തം ലേഖകന്‍ 31-05-2016 - Tuesday

വാര്‍സോ: വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസ് പാപ്‌സിന്‍കിയെ ജൂണ്‍ അഞ്ചാം തീയതി വിശുദ്ധനായി പ്രഖ്യാപിക്കും. പോളണ്ടില്‍ ആദ്യത്തെ വൈദികരുടെ കോണ്‍ഗ്രിഗേഷനായ മരിയന്‍സ് ഓഫ് ഇമാകുലിന്‍ തുടങ്ങിയത് വൈദികനായ സ്റ്റാനിസ്ലോസ് ആണ്. ഇന്ന് 500 വൈദികരുള്ള ഈ സമൂഹം 19 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്നു. കൊല്ലപണിക്കാരായ മാതാപിതാക്കളുടെ മകനായി 1631-ല്‍ ആണ് വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസ് ജനിച്ചത്. 1654-ല്‍ അദ്ദേഹം സ്‌പേയിന്‍ ആസ്ഥാനമായ പിയറിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ വൈദികനായി പഠനം ആരംഭിച്ചു. 1661-ല്‍ പട്ടം ഏറ്റ അദ്ദേഹം ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് പോളണ്ടില്‍ വൈദികര്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചത്. യുദ്ധവും പട്ടിണിയും മൂലം പൊറുതി മുട്ടിയ പോളണ്ടില്‍ അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും.

യുദ്ധത്തില്‍ മരിച്ച ആയിരക്കണക്കിനു പട്ടാളക്കാര്‍ക്ക് തങ്ങളുടെ നാഥനായ ദൈവത്തെ ശരിയായി മനസിലാക്കുവാന്‍ സാധിച്ചിട്ടില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ സേവന പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വിട്ടത്. പതിനേഴാം നൂറ്റാണ്ടില്‍ അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ രോഗികളെ ചികിത്സിക്കുന്നതിനായി ക്ലിനിക്കുകള്‍ ആരംഭിച്ചു. അശരണരെ പാര്‍പ്പിക്കുന്നതിനു സ്ഥാപനങ്ങള്‍ അദ്ദേഹം പണിതു. മദ്യപാന ആസക്തിയില്‍ മുഴുകിയ യുവാക്കളെ ചികിത്സിക്കുവാനും അവര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുവാനുമുള്ള സ്ഥാപനങ്ങളും വാഴ്ത്തപ്പെട്ട സ്റ്റാനിസ്ലോസ് ആരംഭിച്ചു. ഒരു പട്ടാള ക്യമ്പില്‍ ചാപ്ലിനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1683-ല്‍ നടന്ന വിയന്ന യുദ്ധത്തിന്റെ സമയത്ത് രാജാവായിരുന്ന ജാന്‍ സോബിസ്‌കിയുടെ ആത്മീയ ഗുരുവും സ്റ്റാനിസ്ലോസ് ആയിരുന്നു.

പോളണ്ടിലെ പള്ളികളില്‍ പുതിയ വിശുദ്ധനെ ലഭിക്കുന്നതിലുള്ള സന്തോഷം അലയടിക്കുകയാണ്. ദൈവത്തിന്റെ കരുണയെ പറ്റി ചിന്തിക്കുകയും ദൈവത്തിന്റെ ഹൃദയം എല്ലാര്‍ക്കുമായി തുറന്നിരിക്കുകയുമാണെന്ന കാര്യം ഈ അവസരത്തില്‍ നാം സ്മരിക്കണമെന്നു പോളണ്ട് ബിഷപ്പ് ആഹ്വാനം ചെയ്തു. ദൈവകൃപയോടു മറുത്തു നില്‍ക്കാതെ അവിടുത്തെ കാരുണ്യത്തില്‍ ശരണം പ്രാപിക്കുന്നവര്‍ക്കാണു രക്ഷ ലഭിക്കുകയെന്നും, ബിഷപ്പ് വിശുദ്ധ പ്രഖ്യാപനത്തിനു മുമ്പ് പള്ളികളിലേക്ക് അയിച്ച ലേഖനത്തില്‍ പറയുന്നു. 2007-ല്‍ ലിച്ചനില്‍ സ്ഥിതി ചെയ്യുന്ന മാതാവിന്റെ ദേവാലയത്തില്‍ വച്ചാണ് സ്റ്റാനിസ്ലോസ് പാപ്‌സിന്‍കിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ജൂണ്‍ അഞ്ചാം തീയതി നടക്കുന്ന ചടങ്ങു കാണുവാന്‍ വിവിധ സ്ഥലങ്ങളില്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.


Related Articles »