News

ന്യൂയോര്‍ക്കിലെ അഗ്നിശമനസേനാ ക്യാപ്റ്റന്‍ 60-മത്തെ വയസ്സില്‍ വൈദിക ജീവിതത്തിലേക്ക്.

സ്വന്തം ലേഖകന്‍ 02-06-2016 - Thursday

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക്‌ സിറ്റിയിലെ അഗ്നിശമന വിഭാഗത്തില്‍ നിന്ന്‍ വിരമിച്ച സൈനികന്‍, ശനിയാഴ്ച സെന്റ് പാട്രിക്ക് കത്തീഡ്രല്‍ പള്ളിയില്‍ കത്തോലിക്കാ വൈദികനായി. അഗ്നിശമന സേന വിഭാഗത്തില്‍ 20 കൊല്ലം തുടര്‍ച്ചയായി സേവനം ചെയ്ത തോമസ് കൊളൂക്കി തന്റെ 60-മത്തെ വയസ്സിലാണ് അഭിഷിക്തനായത്. തീപിടിത്തത്തിനിടയില്‍ രക്ഷാപ്രവര്‍ത്തന മദ്ധ്യേ സംഭവിച്ച ഒരു പൊട്ടിത്തെറിയെ തുടര്‍ന്ന് നടത്തിയ മസ്തിഷ്‌ക്ക ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം നേരത്തെ ഒരു സന്യാസാശ്രമത്തിലാണ് വിശ്രമ ജീവിതം നയിച്ചിരിന്നത്.

1985-ല്‍ കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് FDNY യില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ ദൈവം കൂടെ ഉണ്ടായിരുന്നു. പദവികളുടെ ഉന്നതപടവുകള്‍ കയറി ലെഫ്റ്റനന്റ് ആയി ഉയര്‍ന്നപ്പോഴും, അവസാനം ക്യാപ്റ്റന്‍ ആയപ്പോഴും ദൈവം കൂടെയുണ്ടായിരുന്നു. സി‌ബി‌എസ് ന്യൂയോര്‍ക്ക് പ്രതിനിധിയുടെ മുന്നില്‍ തോമസ് കൊളൂക്കി തന്റെ മനസ്സ് തുറന്നു.

"2011 സെപ്റ്റംബര്‍ 11 നുണ്ടായ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞപ്പോള്‍ വൈദിക സമൂഹത്തില്‍ ചേരണമെന്ന തീരുമാനം വളരെ ശക്തമായി അനുഭവപ്പെട്ടു. ഓരോരുത്തരുടെയും മനുഷ്യത്വത്തിനു മുന്നില്‍ ഏറ്റവും വലിയ തിന്മ കണ്ട ദിവസമായിരിന്നു അത്; എന്നാല്‍ എന്നെ സംബന്ധിച്ചു അത് പൌരോഹിത്യത്തിലേക്കും നയിച്ചു".

''ആ ദിവസം ക്രിസ്തു എവിടെയായിരുന്നു?'' ദുരന്തമുണ്ടായ ദിവസം പലരും ചോദിച്ച ഒരു ചോദ്യമാണ്. ഇതിന് ഞാന്‍ മറുപടി തരാം, "ദൈവം അവിടെ തന്നെയുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കൂടെ ദൈവമുണ്ടായിരിന്നത് ഞാന്‍ അവിടെ ദര്‍ശിച്ചു'' തോമസ് കൊളൂക്കി തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു.

''സെമിനാരിയിലെ സാഹോദര്യം, പട്ടാളത്തിലെ സാഹോദര്യത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല. തീ പിടിത്തം ഉണ്ടാകുമ്പോഴും, കായികാഭ്യാസം ചെയ്യുമ്പോഴും, ഒരുമിച്ച് പരിശീലനം നടത്തുമ്പോഴും, ഞങ്ങളും യജ്ഞം പൂര്‍ത്തീകരിക്കാനുള്ള യത്‌നം നടത്തുവാനായി, ഇവിടുത്തേപ്പോലെ പരസ്പരം പ്രോത്സാഹനം നല്‍കും. എന്നാല്‍ ഒരു വൈദികന്റെ സമ്മര്‍ദ്ദങ്ങളെ FDNY യുടെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യാന്‍ പറ്റുകയില്ല. തന്റെ മുഴുവന്‍ ജീവിതത്തിനും താന്‍ കടപ്പെട്ടിരിക്കുന്നത് ദൈവത്തോടാണ്" അദ്ദേഹം പറഞ്ഞു.

"13 വൈദിക വിദ്യാര്‍ത്ഥികളോടൊപ്പമുള്ള സെമിനാരിയിലെ പഠനം 7വര്‍ഷമായിരിന്നു. ഒരഗ്നിശമന ജീവനക്കാരനായിരിക്കാനുള്ള കൃപ അവിടുന്ന് എനിക്ക് തന്നു, അത് എനിക്ക് ആകും വിധം ഏറ്റവും നന്നായി ഞാന്‍ ചെയ്തു. ഇപ്പോള്‍ ഒരു വൈദികനാകാനുള്ള കൃപ നല്‍കിയിരിക്കുന്നു; എനിക്കാകും വിധം ഭംഗിയായി അത് ഞാന്‍ നിര്‍വഹിക്കും.'' അദ്ദേഹം കൂട്ടിചേര്‍ത്തു.

CBS NewYork പുറത്തുവിട്ട വീഡിയോ കാണാം