News - 2025
'ഫാമിലി ആന്റ് ലൈഫ്' എന്ന പേരില്‍ പുതിയ കോണ്‍ഗ്രിഗേഷനു മാര്‍പാപ്പ അംഗീകാരം നല്‍കി
സ്വന്തം ലേഖകന്‍ 07-06-2016 - Tuesday
വത്തിക്കാന്‍: ലത്തീന്‍ ക്രമത്തില്‍ പുതിയ ഒരു കോണ്‍ഗ്രിഗേഷന്‍ കൂടി രൂപീകരിക്കുവാന്‍ മാര്‍പാപ്പ അനുവാദം നല്‍കി. ഫാമിലി ആന്റ് ലൈഫ് എന്നതാണ് പുതിയ കോണ്‍ഗ്രിഗേഷന്റെ പേര്. തന്റെ ഒന്‍പതംഗ ഉപദേശക സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പാപ്പ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കുടുംബത്തിന്റെയും ജീവന്റെയും അടിസ്ഥാന തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് പുതിയ കോണ്‍ഗ്രിഗേഷന്‍ ലത്തീന്‍ ക്രമത്തില്‍ ആരംഭിക്കുക. സെപ്റ്റംബര്‍ ഒന്നാം തീയതി മുതലാണ് ഔദ്യോഗികമായി പുതിയ കോണ്‍ഗ്രിഗേഷന്‍ നിലവില്‍ വരിക. വത്തിക്കാനിലെ ഏറ്റവും ഉയര്‍ന്ന കോണ്‍ഗ്രിഗേഷന്‍ എന്ന പ്രത്യേകതയും ഫാമിലി ആന്റ് ലൈഫ് കോണ്‍ഗ്രിഗേഷന് ഉണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ കോണ്‍ഗ്രിഗേഷനു കര്‍ദിനാളുമാരുടെ സംഘം അന്ത്യമ രൂപം നല്‍കിയത്. ഒരു മുഖ്യപുരോഹിതന്റെ അധ്യക്ഷതയില്‍ നിലവില്‍ വരുന്ന പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമതലകളില്‍ സഹായിക്കുവാന്‍ ഒരു സഹായക സെക്രട്ടറിയും മൂന്നു അണ്ടര്‍ അസിസ്റ്റന്‍ഡ് സെക്രട്ടറിമാരും കാണും. സെക്രട്ടറിയുടെയും അണ്ടര്‍ സെക്രട്ടറിമാരുടെയും പദവി ആല്‍മായരായിരിക്കും വഹിക്കുക. ഒരു ആര്‍ച്ച് ബിഷപ്പോ, കര്‍ദിനാളോ ആണ് അധ്യക്ഷ പദവില്‍ എത്തുക. സെക്രട്ടറിമാരുടെ സ്ഥാനത്തേക്കു വിവാഹിതരായ ദമ്പതിമാരെ പരിഗണിക്കുവാനും പാപ്പ ആലോചിക്കുന്നതായാണ് വത്തിക്കാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
വിശുദ്ധ വിവാഹത്തിലൂടെ സ്ഥാപിതമായിരിക്കുന്ന കുടുംബം എന്ന ദൈവത്തിന്റെ പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനത്തിനായിരിക്കും ഫാമിലി ആന്റ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ ശ്രദ്ധ പതിപ്പിക്കുക. ഗര്‍ഭഛിദ്രവും സമാനമായ പലതിന്മകളും നിലനില്‍ക്കുന്ന സമൂഹത്തില്‍ ജീവന്റെ സംരക്ഷണത്തിനു കോണ്‍ഗ്രിഗേഷന്‍ അതിന്റെ ശുശ്രൂഷയിലൂടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പ്രത്യുല്‍പാദത്തില്‍ പ്രകൃതിയുടെ നിയമം പിന്‍തുടരുകയെന്നതിനുള്ള പ്രചാരണവും സഭ പുതിയ കോണ്‍ഗ്രിഗേഷനിലൂടെ നല്‍കും.
