News - 2025
നേതൃഗുണവും പൗരോഹിത്യവും വിശദമായി പരാമര്‍ശിക്കുന്ന കത്ത് കത്തോലിക്ക ബിഷപ്പുമാര്‍ക്ക് വത്തിക്കാനില്‍ നിന്നും അയച്ചു
സ്വന്തം ലേഖകന്‍ 15-06-2016 - Wednesday
വത്തിക്കാന്‍ സിറ്റി: സഭയുടെ ദൗത്യ നിര്‍വഹണത്തിനു പുരോഹിത ആധിപത്യവും നേതൃത്വപരമായ അധികാരങ്ങളേയും എങ്ങനെ കാണണമെന്നതു സംബന്ധിച്ച് കത്തോലിക്ക സഭയിലെ എല്ലാ മെത്രാന്‍മാര്‍ക്കും വിശ്വാസ പ്രമാണങ്ങളുടെ സമിതി (ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്ത്) വിശദമായ കത്ത് നല്‍കി. 'ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്തിന്റെ' ചുമതലകള്‍ വഹിക്കുന്ന കര്‍ദിനാള്‍ ലുഡ് വിഗ് മുള്ളര്‍, ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാറിയ എന്നിവരുടെ കയ്യെഴുത്തോടെയാണ് കത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. കത്തിന്റെ ആമുഖത്തില്‍ സഭയുടെ ദൗത്യനിര്‍വഹണത്തിനായുള്ള പരിശുദ്ധാത്മാവിന്റെ ദാനങ്ങളെ കുറിച്ചും, വിവിധ സഭകളുടെ രൂപീകരണങ്ങളെ കുറിച്ചും, ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന കത്തിന്റെ ഉദ്ദേശത്തെ കുറിച്ചുമാണ് പറയുന്നത്.
അഞ്ച് പ്രധാന കാര്യങ്ങളില്‍ ഊന്നിയാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. നേതാക്കളെ സംബന്ധിച്ചുള്ള പുതിയ നിയമത്തിലെ പഠിപ്പിക്കലുകളാണ് ആദ്യമായി പറയുന്ന കാര്യം. പൗരോഹിത്യ അധിപത്യവും നേതൃത്വഗുണവും തമ്മില്‍ സഹവര്‍ത്തിത്വമുള്ള വിഷയങ്ങളാണെന്നും സഭയുടെ ജീവകരമായ പ്രവര്‍ത്തനത്തിനു ഇത് അത്യാവശ്യ ഘടകമാണെന്നും ഈ ഭാഗം വിശദീകരിക്കുന്നു. രണ്ടു തരത്തിലാണ് സഭയുടെ ദൗത്യത്തിനുള്ള വിളി ലഭിക്കുക. ആദ്യത്തേത് പൗരോഹിത്യവും സന്യസ്ത ജീവിതവും സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന കൈവയ്പ്പിനാല്‍ ആണ്. രണ്ടാമതായി പരിശുദ്ധാത്മ ദാനം വഴിയായി സൗജന്യമായി ഇത് നല്‍കപ്പെടുന്നു.
രണ്ടാമതായി പൗരോഹിത്യ അധിപത്യവും നേതൃത്വഗുണമെന്ന ദാനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് സഭയുടെ പഠിപ്പിക്കലുകള്‍ എന്താണെന്നു കത്തില്‍ പറയുന്നു. ക്രൈസ്തവ മൂല്യങ്ങളുടെ പ്രചാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളും സംഘടനകളും സഭയോട് ചേര്‍ന്നു പോകുന്നതിനെ കുറിച്ച് വിശദമായി ഈ ഭാഗം പഠിപ്പിക്കുന്നു. സഭയിലെ തന്നെ ഫലവത്തായ ഇത്തരം പ്രസ്താനങ്ങള്‍ അവര്‍ക്കു ലഭിച്ചിരിക്കുന്ന നേതൃഗുണവും കൃപയും നല്ലരീതിയില്‍ ഉപയോഗിക്കണം. സഭയുടെ നിലപാടുകളില്‍ നിന്നും നിയമങ്ങളില്‍ നിന്നും ഒഴിവാകുവാന്‍ ഇത്തരം പ്രസ്താനങ്ങള്‍ക്ക് കഴിയുകയില്ല. സ്ഥാപനം എന്ന തലത്തില്‍ സഭ ചില ഇടപെടലുകള്‍ നടത്തും. കരുണയുടെ തീവ്രവക്താക്കളെന്ന നിലയിലും സഭ ഇടപെടും. ഇതിനെ വിഭിന്നമായ സഭയുടെ മുഖമായി കാണരുത്. പരസ്പര പൂരകങ്ങളായി വേണം ഇതിനെ കാണുവാന്‍.
സഭയുടെ പുരോഹിതരേയും അവരുടെ വാക്കുകളേയും അനുസരണയോടെ വേണം സ്വീകരിക്കുവാന്‍, നേതൃത്വഗുണമെന്ന കൃപ സഭയില്‍ നിന്നും ഒരിക്കലും നഷ്ടമാകുവാന്‍ ഇടയാകരുതെന്നും കത്തില്‍ പറയുന്നു. പക്വമായ സഭയെന്ന ലക്ഷ്യത്തിലേക്ക് നേതൃത്വഗുണം മൂലം എത്തുവാന്‍ സാധിക്കണം. സന്തോഷമുള്ളതും ഉപകാരമുള്ളതുമായി സഭ അതിന്റെ ഉള്ളില്‍ തന്നെ തീരണം. സഭയുടെ സുവിശേഷ ദൗത്യത്തിന്റെ ഭാഗമാകുവാനും അതിനെ വളര്‍ത്തുവാനും ഇടയന്‍മാരായവര്‍ക്ക് കഴിയണം.
മൂന്നാമതായി നേതൃത്വഗുണവും പൗരോഹിത്യത്തിന്റെ ആധിപത്യവും തമ്മിലുള്ള ദൈവശാസ്ത്ര പരമായ ബന്ധങ്ങളെ കുറിച്ചാണ് കത്ത് പരാമര്‍ശിക്കുന്നത്. നേതൃത്വഗുണം സഭയുടെ ദൗത്യത്തിന്റെ ഒരു ഉപകരണമാകുവാന്‍ കഴിയും വിധം ഉപയോഗിക്കുവാന്‍ സാധിക്കണമെന്ന് ഈ ഭാഗം പരാമര്‍ശിക്കുന്നു. വിശ്വാസത്തില്‍ ഉറച്ച് കത്തോലിക്ക സഭയുടെ പഠിപ്പിക്കലുകള്‍ മനസിലാക്കി മുന്നോട്ട് നീങ്ങുവാന്‍ കഴിയണം. പരിശുദ്ധാത്മ വരങ്ങളായ സന്തോഷം,സമാധാനം, ധാനധര്‍മ്മം തുടങ്ങിയവ നേതൃത്വഗുണത്തിലൂടെയുള്ള ദൈവകൃപയാല്‍ പ്രാപിക്കണം.
സഭയുടെ ദൗത്യത്തില്‍ നേതൃത്വഗുണവും പൗരോഹിത്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് നാലാമതായി കത്ത് പരാമര്‍ശിക്കുന്നത്. സഭയുടെ ദൗത്യത്തിന്റെ ഭാഗമായി നേതൃത്വഗുണം ഉപയോഗിക്കുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന ഈ ഭാഗത്തില്‍ സഭയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന രീതികളും പൗരോഹിത്യത്തിനെ ബഹുമാനിക്കാതെ എതിര്‍ത്ത് നില്‍ക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് നിര്‍ദേശിക്കപ്പെടുന്നു. അവസാനമായി പൗരോഹിത്യ അധിപത്യവും നേതൃത്വഗുണവും സഭയുടെ ചട്ടകൂടുമായി എങ്ങനെ വേണം ഒത്തു പോകുവാന്‍ എന്നു വിശദീകരിക്കുന്നു. സാര്‍വത്രിക സഭയുമായുള്ള ബന്ധത്തെ ഇവിടെ സൂചിപ്പിക്കുന്നു. പൗരോഹിത്യം, സന്യാസം, വിവാഹം തുടങ്ങിയ ജീവിത അന്തസുകളിലേക്ക് പ്രവേശിച്ചവര്‍ ക്രിസ്തുവിന്റെ സാക്ഷികളായി അതാതു തലങ്ങളില്‍ സഭയ്ക്കു വേണ്ടി ജീവിക്കേണ്ടതിനെ കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ അനുസരണവും വിനയവും ദൈവഹിതത്തിനു വേണ്ടിയുള്ള ത്യാഗവും ഓര്‍മ്മിപ്പിച്ചാണ് കത്ത് അവസാനിക്കുന്നത്. ദൈവമാതാവിന്റെ മധ്യസ്ഥതയാല്‍ പൗരോഹിത്യവും നേതൃത്വ ഗുണവും മറ്റെല്ലാ ദൈവീക ദാനങ്ങളും ക്രിസ്തുവിനായി കൂടുതല്‍ ഫലം കായ്ക്കുന്ന വിധത്തില്‍ മാറട്ടെ എന്ന് എഴുത്ത് അവസാനഭാഗത്ത് ആശംസിക്കുന്നു.
