News

ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ കൊളംബിയന്‍ കന്യാസ്ത്രീയ്ക്കു 4 വര്‍ഷത്തിന് ശേഷം മോചനം

പ്രവാചകശബ്ദം 10-10-2021 - Sunday

ബമാകോ: നാല് വർഷം മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നു ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കൊളംബിയൻ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാർവീസിനു ഒടുവില്‍ മോചനം. മാലിയുടെ തലസ്ഥാനമായ ബമാകോയിൽ നിന്ന് 400 കിലോമീറ്റർ കിഴക്കായി കൊട്ടിയാലയിൽ മിഷ്ണറിയായി ശുശ്രൂഷ ചെയ്യുന്നതിനിടെ 2017 ലാണ് സിസ്റ്റര്‍ ഗ്ലോറിയ ബന്ദിയാക്കപ്പെട്ടത്. സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ട വിവരം മാലി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറംലോകം അറിഞ്ഞത്. സിസ്റ്ററുടെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ബമാക്കോ ആർച്ച് ബിഷപ്പ് ജീൻ സെർബോ, സന്യാസിനിയുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. സിസ്റ്ററുടെ മോചനത്തിനായി തങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിരിന്നുവെന്നും മോചനം സാധ്യമാക്കിയ മാലി അധികാരികൾക്കും മറ്റ് എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തില്‍ സഹോദരൻ എഡ്ഗാർ നർവീസ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പിയോട് അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും തനിക്ക് ചിത്രങ്ങൾ അയച്ചു തന്നുവെന്നും സഹോദരി ആരോഗ്യവതിയാണെന്നും അദ്ദേഹം പറഞ്ഞു.

2017 ഫെബ്രുവരി ഏഴാം തീയതിയാണ് അൽക്വയ്ദയുമായി ബന്ധമുള്ള ഇസ്ളാമിക തീവ്രവാദി സംഘടന ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റർ ഗ്ലോറിയയെ സാഹെലിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിറ്റേവര്‍ഷം തന്നെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ചുള്ള സിസ്റ്ററുടെ വീഡിയോ പുറത്തുവന്നിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബർ എട്ടിന് തീവ്രവാദികൾ ബന്ധികളാക്കിയിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനായ ഫാ. പിയർലൂയിജി മക്കാലി, സോഫി പെട്രോനിന്‍ എന്നിവരുൾപ്പെടെയുള്ള നാലംഗ സംഘത്തെ വിട്ടയച്ചതോടെ സിസ്റ്റര്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായിരിന്നു.

സിസ്റ്റർ ഗ്ലോറിയ സെസിലിയയുടെ ഒപ്പമായിരിന്നു താന്‍ കഴിഞ്ഞിരിന്നതെന്നും സിസ്റ്ററുടെ ജീവിതാവസ്ഥ പരിതാപകരമാണെന്നും മോചനത്തിനായി ഇടപെടണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് സോഫി പെട്രോനിന്‍ അന്ന്‍ ആവശ്യപ്പെട്ടിരിന്നു. ഇതിനിടെ 57 വയസ്സുള്ള സിസ്റ്റർ ഗ്ലോറിയ സഹോദരനായ എഡ്ഗർ നർവേസിന് ഇക്കഴിഞ്ഞ ഫെബ്രുവരി മാസം അയച്ച കത്ത് പുറത്തുവന്നു. സന്നദ്ധ സംഘടനയായ റെഡ്ക്രോസ് വഴി സിസ്റ്റർ സഹോദരന് അയച്ച കത്തില്‍ താന്‍ ഇപ്പോള്‍ പുതിയ സംഘടനയുടെ കീഴില്‍ ബന്ദിയാണെന്നും ഇപ്പോൾ തടങ്കലിൽ വച്ചിരിക്കുന്നത് 'ദി ഗ്രൂപ്പ് ഫോർ ദി സപ്പോർട്ട് ഓഫ് ഇസ്ലാം ആൻഡ് മുസ്ലീംസ്' എന്ന സംഘടനയാണെന്നും പരാമര്‍ശമുണ്ടായിരിന്നു.

അടുത്ത നാളില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതിന്റെ നാലാം വാര്‍ഷികത്തില്‍ കൊളംബിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ മിഷ്ണറി ആനിമേഷന്‍ വിഭാഗത്തിന്റെ പ്രസിഡന്റായ ബിഷപ്പ് ഫ്രാന്‍സിസ്കോ മുനേറ സിസ്റ്റര്‍ ഗ്ലോറിയയുടെ മോചനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാഹ്വാനം നടത്തിയിരിന്നു. അന്താരാഷ്ട്ര തലത്തില്‍ സിസ്റ്ററുടെ മോചനത്തിനായി പ്രാര്‍ത്ഥനയും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് മോചനത്തിന്റെ സദ്വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »