Friday Mirror
തന്റെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിച്ച് കൊണ്ട് അനേകം യുവാക്കളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിച്ച് ഒരു ചൈനീസ് യുവതി
സ്വന്തം ലേഖകന്‍ 01-01-1970 - Thursday
തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസം, ഉയര്‍ന്ന ജീവിത നിലവാരം നല്‍കുവാന്‍ സാധിക്കുന്ന തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടും ക്രിസ്തുവിനു വേണ്ടി എല്ലാം ഉപേക്ഷിച്ച ഒരു യുവതിയുണ്ട് ചൈനയില്‍. യുവാക്കളുടെ ഇടയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജിന്‍ യാനിന്റെ ജീവിതസാക്ഷ്യം ഹോങ്കോംഗ് രൂപതയുടെ 'ട്രൈപ്പോഡ്' എന്ന മാസികയില്‍ അടുത്തിടെ വന്നിരുന്നു.
1980-ല്‍ ചൈനയിലെ ഒരു കത്തോലിക്ക കുടുംബത്തിലാണ് ജിന്‍ യാന്‍ ജനിച്ചത്. ജിന്നിന്‍റെ അമ്മ കത്തോലിക്ക വിശ്വാസിയായിരുന്നതിനാല്‍ ക്രൈസ്തവ വിശ്വാസത്തിലൂന്നിയ ജീവിതമായിരിന്നു അവര്‍ നയിച്ചിരിന്നത്. എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ അവര്‍ ദേവാലയത്തിലേക്ക് പോകുമായിരുന്നു. ശനിയാഴ്ചയിലെ രാത്രി കാലങ്ങളില്‍ തന്റെ മാതാപിതാക്കള്‍ ബൈബിളിലെ പാഠങ്ങള്‍ പറഞ്ഞു തന്നിരുന്നതായും ജിന്‍ യാന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ബെയ്ജിംഗ് നഗരത്തില്‍, ആ കാലത്ത് ആകെയുണ്ടായിരുന്നത് നാലോ അഞ്ചോ ക്രൈസ്തവ കുടുംബങ്ങളാണ്. അവര്‍ തന്നെ വലിയ ഭയത്തിലും ആശങ്കകളിലുമാണ് ജീവിച്ചിരുന്നത്. സ്ഥിരമായി പള്ളിയില്‍ പോകുന്ന തങ്ങളോട് 'പള്ളിയില്‍ നിന്നും ശമ്പളം തരപ്പെടുന്നുണ്ടോ' എന്ന് ചോദിച്ച് കളിയാക്കിയ സംഭവങ്ങള്‍ അയല്‍ക്കാരുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നതായും ജിന്‍ ഓര്‍ക്കുന്നു. ചൈനയിലെ സ്‌കൂള്‍ വിദ്യാഭ്യാസം നിരീശ്വരവാദത്തേയും രാഷ്ട്രീയ താല്‍പര്യങ്ങളെയും ഏറെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുള്ളതാണ്. ദൈവത്തിലുള്ള തന്റെ വിശ്വാസം ഒരു ഭാഗത്തും; പുതിയ ആശയങ്ങള്‍ മറുഭാഗത്തും വന്നു നിറഞ്ഞ സമയം തന്റെ മാതാപിതാക്കളാണ് തന്നിലെ വിശ്വാസത്തിന്റെ തിരി അണയാതെ സൂക്ഷിച്ചതെന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ ആത്മീയകാര്യങ്ങളില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയായിരുന്നു ജിന്‍ യാന്‍. എന്നാല്‍ തന്റെ സമപ്രായക്കാരായ ആരും തന്നെ വിശ്വാസികള്‍ അല്ലായിരുന്നതിനാല്‍ വിശ്വാസപരമായ ആശയങ്ങള്‍ തന്റെ ഉള്ളില്‍ മാത്രം ഉറങ്ങി കിടന്നു. തന്റെ ഉള്ളിലെ വിശ്വാസബോധ്യങ്ങള്‍ പങ്കുവയ്ക്കുവാന്‍ സമപ്രായക്കാരായ ആരേയും പെണ്‍കുട്ടിക്ക് ആ കാലത്ത് ലഭിച്ചിരുന്നില്ല. ഒരു പരിധി വരെ വിശ്വാസം പലപ്പോഴും കൈവിട്ടു പോകുന്ന തരത്തിലേക്ക് സ്‌കൂളിലെ പല പാഠഭാഗങ്ങളും പെണ്‍കുട്ടിയെ മാറ്റി. എന്നിരിന്നാലും ഞായറാഴ്ചകളില്‍ ദേവാലയത്തില്‍ പങ്കെടുക്കുവാന്‍ പോയിരുന്ന പെണ്‍കുട്ടി തന്റെ ഉള്ളിലെ ദൈവീക വിശ്വാസം അണയാതെ സൂക്ഷിച്ചു. താന്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുമ്പോള്‍ അവള്‍ ക്രിസ്തുവിനെ വിളിച്ച് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും മാതാപിതാക്കളുടെ സഹായം തേടുകയും ചെയ്തിരുന്നു.
സ്‌കൂളില്‍ നിന്നും മികച്ച മാര്‍ക്ക് വാങ്ങി പാസായ ജിന്‍ യാനിന് ഭാഷാ പഠനത്തിനു ചൈനയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചു. വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മാറി നില്‍ക്കുവാന്‍ നിര്‍ബന്ധിതയായ തനിക്ക് വലിയ ദുഃഖമാണ് ഈ സമയം നേരിടേണ്ടി വന്നിരുന്നതെന്ന് ജിന്‍ പറയുന്നു. 'തന്റെ വിശ്വാസങ്ങളെ മാനിക്കുന്ന ഒരു പറ്റം വിശ്വാസികളായ സുഹൃത്തുക്കളെ നല്‍കേണമേ' എന്ന് ദൈവത്തോട് ജിന്‍ പ്രാര്‍ത്ഥിച്ചു. അത്ഭുതകരമായി ജിന്നിന്‍റെ പ്രാര്‍ത്ഥന ദൈവം കേട്ടു. ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ഒരു കൂട്ടം ക്രൈസ്തവരായ യുവാക്കളെ നഗരത്തില്‍ അവള്‍ക്ക് സുഹൃത്തുക്കളായി ലഭിച്ചു.
അവരുമായുള്ള സൗഹൃദം തന്നെ വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പിച്ചതായി ജിന്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ ആഴ്ചകളിലും ഒരു പ്രാര്‍ത്ഥന കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പ്രാര്‍ത്ഥനയിലൂടെ അവര്‍ മുന്നേറി. ദൈവവചനം ആഴത്തില്‍ ധ്യാനിക്കുവാനും പഠിക്കുവാനും തുടങ്ങി. യോഗത്തിനു ശേഷം ചെറിയ ഒരു സ്‌നേഹവിരുന്നോടെ എല്ലാ ആഴ്ചയിലും അവര്‍ പിരിഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് അവര്‍ ഒരുമിച്ച് ദേവാലയത്തിലേക്ക് പോയി. സമാന്തരമായി പഠനവും മുന്നേറി. അവധിക്ക് നാട്ടില്‍ എത്തുമ്പോള്‍ രൂപത സംഘടിപ്പിക്കുന്ന സമ്മര്‍, വിന്റര്‍ ക്യാമ്പുകളിലും പങ്കെടുക്കാന്‍ അവള്‍ക്ക് അവസരം ലഭിച്ചു. അങ്ങനെ അവള്‍ക്ക് കൂടുതല്‍ ക്രൈസ്തവ സുഹൃത്തുകളെ ലഭിച്ചു.
പഠനം പൂര്‍ത്തീകരിച്ചു വെളിയില്‍ വന്ന ജിന്നിന് ഒരു ജോലി ലഭിക്കുക എന്നത് വെറു നിസാരമായ കാര്യമായിരുന്നു. കാരണം ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം ഉയര്‍ന്ന മാര്‍ക്കോടെ നേടി ജയിച്ച അവള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ വലിയ പ്രതിഫലം ലഭിക്കുന്ന ജോലികള്‍ ഉറപ്പായിരുന്നു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നഗരത്തില്‍ വലിയ വീടും കാറും എല്ലാം അവള്‍ക്ക് സ്വന്തമാക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ നഗര ജീവിതം മടുത്ത് തന്റെ സ്വന്തം നാട്ടിലേക്ക് തിരികെ പോകണമെന്ന് അവള്‍ തീരുമാനിച്ചു. പണവും ഭൗതീക സുഖങ്ങളുമല്ല തന്റെ ശരിയായ ജീവിതലക്ഷ്യമെന്ന് അവള്‍ മനസിലാക്കി. നാട്ടിലേക്ക് തന്റെ പഠനത്തിനു ശേഷം ജിന്‍ യാന്‍ മടങ്ങി.
തന്റെ സ്വന്തം രൂപതയുടെ ഓഫീസിലേക്കാണ് അവള്‍ ആദ്യം തന്നെ പോയത്. രൂപതയുടെ പുതിയ ഓഫീസും മറ്റ് സ്ഥാപനങ്ങളും അതിന്റെ പ്രാരംഭ ദിശയിലായിരുന്നു. രൂപതയുടെ കീഴിലുള്ള യുവാക്കളെ സംഘടിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ കൂട്ടായ്മ നല്‍കുകയുമായിരുന്നു ജിന്നിനെ രൂപത ഏല്‍പ്പിച്ച ആദ്യ കര്‍ത്തവ്യം. ആദ്യം വളരെ ദുഷ്‌കരമായ ഒരു ദൗത്യമായിട്ടാണ് അത് അവള്‍ക്ക് അനുഭവപ്പെട്ടത്. എന്നാല്‍ അവളെ സഹായിക്കുവാനായി ദൈവം പല സ്ഥലങ്ങളിലും നിരവധി ആളുകളെ ഒരുക്കി. യുവാക്കളെ കണ്ടെത്തുവാനും അവരെ വിശ്വാസത്തിന്റെ പാതയില്‍ നയിക്കുവാനുമുള്ള ചുമതല കാര്യക്ഷമമായി ജിന്‍ നിര്‍വഹിച്ചു.
തന്റെ സാക്ഷ്യത്തില്‍ ജിന്‍ യാന്‍ ഇങ്ങനെ പറയുന്നു."എന്റെ മാതാപിതാക്കളുടെ ദൈവം എന്റെ ദൈവമാണ്. കത്തോലിക്ക വിശ്വാസം എന്നില്‍ ആഴത്തില്‍ പാകപ്പെട്ട ഒരു വിത്താണ്. അത് മുളയ്ക്കുക തന്നെ ചെയ്യും. എല്ലാ പ്രതിസന്ധികളുടെ നടുവിലും അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നെ സഹായിക്കും. അതെനിക്ക് ഉറപ്പാണ്".
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ധൂര്‍ത്തപുത്രന്റെ കഥയില്‍ പറയുന്ന മൂത്ത പുത്രന്റെ മനോഭാവമായിരുന്നു പലപ്പോഴും തനിക്കെന്ന് ജിന്‍ പറയുന്നു. തന്നെ നയിക്കുവാന്‍ ആരും ഇല്ലായിരുന്നു. ഇതിനാല്‍ തന്നെ താന്‍ വല്ലാത്ത ഒരു മാനസിക അവസ്ഥയിലായിരുന്നു. കരുണയുള്ള ദൈവപിതാവിന്റെ സ്‌നേഹം തനിക്ക് പലപ്പോഴും മനസിലാക്കുവാന്‍ കഴിയാതെ പോയി. എന്നാല്‍ ഒരിക്കല്‍ താന്‍ ഇതിനു വേണ്ടി ശക്തമായി പ്രാര്‍ത്ഥിച്ചു. ഇതേ തുടര്‍ന്നു പിതാവായ ദൈവത്തിന്റെ സ്‌നേഹം മനസിലാക്കിയ അനുഭവത്തിലൂടെ കടക്കുവാന്‍ തനിക്കു കഴിഞ്ഞതായി ജിന്‍ യാന്‍ സാക്ഷ്യപ്പെടുത്തുന്നു.
തന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുട്ടികളും യുവാക്കളുമല്ല ചൈനയില്‍ ഇപ്പോള്‍ ഉള്ളത്. ഇതിനാല്‍ തന്നെ അവരുടെ ഇടയിലെ പ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണ്. ദൈവവചനം പകര്‍ന്ന് നല്‍കാന്‍ ആളില്ലാത്തതിനാല്‍ നിരാശരാകുന്ന വലിയ ഒരു സമൂഹത്തിന്റെ ദാഹം അകറ്റുവാന്‍ ജിന്നിന് ഇന്നു സാധിക്കുന്നുണ്ട്. അവരുടെ ഉള്ളിലേക്ക് പകരുന്ന സുവിശേഷത്തിന്റെ വെളിച്ചത്തില്‍ തന്റെ ജീവിതത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ ശ്രമിക്കുകയാണ് ജിന്‍യാന്‍.
#Repost
