News

മദര്‍തെരേസയ്‌ക്കെതിരെ ബിജെപി എംപി യോഗി ആദിത്യനാഥ്;ഇന്ത്യയെ ക്രൈസ്തവവല്‍ക്കരിക്കുവാനാണ് മദര്‍ ശ്രമിച്ചതെന്ന് ആക്ഷേപം

സ്വന്തം ലേഖകന്‍ 25-06-2016 - Saturday

മുംബൈ: മദര്‍തെരേസയ്‌ക്കെതിരെ അവഹേളനപരമായ പരാമര്‍ശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്ത്. രാമകഥാ സമ്മേളനം എന്ന പേരില്‍ നടത്തപ്പെട്ട ഒരു ഹിന്ദു വിശ്വാസികളുടെ പരിപാടിയിലാണ് യോഗി ആദിത്യനാഥ് മദര്‍തെരേസയ്‌ക്കെതിരെ രംഗത്ത് വന്നത്. വടക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബസ്തി എന്ന സ്ഥലത്താണ് ആദിത്യനാഥ് പങ്കെടുത്ത രാമകഥാ സമ്മേളനം നടന്നത്. ഇന്ത്യയെ പൂര്‍ണ്ണമായും ക്രൈസ്തവവല്‍ക്കരിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ എത്തിയ വനിതയാണ് മദര്‍തെരേസയെന്നും യോഗി ആദിത്യനാഥ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യക്കാരെ ക്രൈസ്തവരാക്കിയതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദ സംഘങ്ങള്‍ ശക്തമായി മുന്നേറുകയാണെന്ന ആരോപണവും യോഗി ആദിത്യനാഥ് ഉന്നയിച്ചു. അവിടെ പോയി കാര്യങ്ങള്‍ കണ്ടാല്‍ മാത്രമേ അത് മറ്റുള്ള ഹിന്ദുക്കള്‍ക്ക് മനസിലാകുവെന്നും ബിജെപി എംപി ആരോപിക്കുന്നു. പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീര്‍ന്നിരിക്കുകയാണെന്നും ഇതു ക്രൈസ്തവരും മുസ്ലീങ്ങളുമായി ഹിന്ദുവിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തുന്നതിനാലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

മുമ്പും തീവ്രഹൈന്ദവ നേതാക്കളുടെ ഭാഗത്തു നിന്നും മദര്‍തെരേസയെ സ്‌നേഹിക്കുന്നവരുടെ മനസില്‍ മുറിവുണ്ടാക്കുന്ന പ്രസ്താവന നടന്നിട്ടുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും മദറിനെതിരെ രംഗത്ത് വന്നിരുന്നു. മദര്‍ സാധുവായി അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ആളുകളെ മതം മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് ആരോപിച്ചിരുന്നു.

മദറിനെതിരെ യോഗി ആദിത്യനാഥ് എംപി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷിയസ് രംഗത്ത് വന്നു. യോഗി ആദിത്യനാഥ് അടിസ്ഥാന രഹിതമായ ആരോപണം പിന്‍വലിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യപോലെയുള്ള ഒരു വലിയ രാജ്യത്ത് ആളുകളെ വിഭചിക്കുവാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ കൊണ്ടു കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ബേനിയക്കാരിയായ മദര്‍തെരേസ ഇന്ത്യയില്‍ എത്തിയ ശേഷം തുടങ്ങിയ മിഷ്‌നറീസ് ഓഫ് ചാരിറ്റി എന്ന സംഘടന ലക്ഷക്കണക്കിനു നിരാലംബര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി മാറി. ജാതിമത വര്‍ഗ വര്‍ണ്ണ ഭേദമില്ലാതെ എല്ലാവരും സ്‌നേഹിച്ച വ്യക്തിത്വമായി മാറുവാന്‍ മദര്‍തെരേസയ്ക്കു കഴിഞ്ഞിരുന്നു. നോബല്‍ സമ്മാനവും ഭാരതരത്‌നയും നേടിയ മദര്‍തെരേസ 1997-ലാണ് ഇഹലോക വാസം വെടിഞ്ഞത്.

ഇന്ത്യന്‍ ചരിത്രത്തില്‍ രണ്ടു പേര്‍ക്കു മാത്രമാണ്, സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ഔദ്യോഗികമായി രാജ്യം സംസ്‌കാര ചടങ്ങുകള്‍ നടത്തി നല്‍കിയത്. ഇത്തരത്തില്‍ ആദ്യം സംസ്‌കാരം നടത്തി രാജ്യം ആദരിച്ചത് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെയാണ്. രണ്ടാമത്തെ വ്യക്തി കൊല്‍ക്കത്തയുടെ മദര്‍തെരേസയും. ഈ സംഭവം തന്നെ ഇന്ത്യക്കാര്‍ക്ക് ആരാണ് മദര്‍തെരേസ എന്നതിന്റെ തെളിവാണ്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലാം തീയതി മദര്‍തെരേസയെ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.


Related Articles »