News - 2025

സ്വവര്‍ഗവിവാഹിതരെ ഉള്‍പ്പെടെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടിലേക്ക് സഭ മാറണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 27-06-2016 - Monday

വത്തിക്കാന്‍: സ്വവര്‍ഗവിവാഹിതരേ കൂടി സഭയിലേക്ക് ഉള്‍ക്കൊള്ളുന്ന തരത്തില്‍ അവരോടുള്ള നിലപാട് മാറ്റപെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജര്‍മ്മന്‍ കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് മാര്‍ക്ക്‌സിന്റെ ഇതു സംബന്ധിച്ച പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് മാര്‍പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. അര്‍മേനിയന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങവേ തന്റെ വിമാനത്തിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയപ്പോഴാണ് പാപ്പ സ്വവര്‍ഗവിവാഹിതരെ കുറിച്ച് പരാമര്‍ശിച്ചത്. സഭ ഇത്രയും നാള്‍ സ്വവര്‍വിവാഹിതരോട് സ്വീകരിച്ചു വന്ന നിലപാട് തിരുത്തണമെന്നും, ഇത്രയും നാള്‍ അവരെ മാറ്റി നിര്‍ത്തിയതില്‍ മാപ്പ് ചോദിക്കണമെന്നുമായിരുന്നു കര്‍ദിനാള്‍ റെന്‍ഹാര്‍ഡ് പറഞ്ഞത്.

"ഇത്തരം പ്രശ്‌നങ്ങള്‍ മൂലം വലയുന്നവരോട് സഭ അനുഭാവപൂര്‍ണമായ നിലപാട് തന്നെ വേണം സ്വീകരിക്കുവാന്‍. സഭയുടെ വിശ്വാസവും അങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നത്. അവരെ കൂടി ചേര്‍ത്തു നിര്‍ത്തിയ ശേഷം അവര്‍ക്ക് വൈദികരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു നല്‍കണം. ഒരു വ്യക്തിയുടെ ഒരു പ്രത്യേക തരം അവസ്ഥയായി ഇതിനെ പരിഗണിക്കണം". പാപ്പ പറഞ്ഞു. റിയോഡീജനീറോയില്‍ നിന്നും 2013-ല്‍ മടങ്ങി വന്നപ്പോള്‍ സ്വവര്‍ഗവിവാഹത്തെ സംബന്ധിക്കുന്ന ചോദ്യത്തിന് പാപ്പ നല്‍കിയ മറുപടി, നല്ല വ്യക്തിയും ദൈവത്തെ അന്വേഷിക്കുന്നവനുമായ ഒരു വ്യക്തിയേ വിധിക്കുവാന്‍ നമ്മള്‍ ആരാണ് എന്നതായിരുന്നു.

സ്വവര്‍ഗവിവാഹക്കാരോടു മാത്രമല്ല സഭ മാപ്പു പറയേണ്ടതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. "സഭ പാവങ്ങളോടും ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളോടും കുട്ടികളോടും മനുഷ്യകടത്തിന് ഇരയാകുന്നവരോടും എല്ലാം മാപ്പ് പറയണം. ക്രൈസ്തവരും ഇത്തരത്തില്‍ തന്നെയാണ്. നിരവധി കുടുംബങ്ങളോടും വിവിധ സാഹചര്യങ്ങളോടും എല്ലാം ക്രൈസ്തവര്‍ മാപ്പ് പറയണം. മാപ്പ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് വെറും ക്ഷമ പറയുക എന്നതല്ല". സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ സഭയുടേതും ക്രൈസ്തവവിശ്വാസികളുടേതും കൂടിയാണെന്ന കാഴ്ച്ചപാട് ഉള്‍കൊണ്ട് മാര്‍പാപ്പ പറഞ്ഞു.

ഗോതമ്പിന്റെ ഇടയില്‍ കിളിര്‍ത്തു വരുന്ന കളകളുടെ ഉപമയും മാര്‍പാപ്പ പറഞ്ഞു. കളകളും പാഴ്‌ച്ചെടികളും വളര്‍ന്നുവരരുതെ എന്നും ഗോതമ്പിനെ മാത്രം വളര്‍ത്തേണമേ എന്നും ദൈവത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. എല്ലാവരിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഉള്ളതിനാല്‍ നാം എല്ലാം തന്നെ വിശുദ്ധരാണ്. എന്നാല്‍ ഇതെ സമയം തന്നെ നമ്മള്‍ പാപികളുമാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.


Related Articles »