India
സീറോ മലബാര്‍ സഭയ്ക്ക് ഔദ്യോഗിക മൊബൈല്‍ ന്യൂസ് ആപ്പ്
സ്വന്തം ലേഖകന്‍ 29-06-2016 - Wednesday
കൊച്ചി: ലോകമെങ്ങുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കും മറ്റുള്ളവര്‍ക്കും സഭാവാര്‍ത്തകളും പ്രതികരണങ്ങളും അറിയിപ്പുകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുന്ന ഔദ്യോഗിക മൊബൈല്‍ ആപ്പ് തയാറായി. 'സീറോമലബാര്‍ ന്യൂസ്' എന്നപേരില്‍ സഭയുടെ പബ്ലിക്ക് റിലേഷന്‍സ് ഓഫീസാണ് മൊബൈല്‍ ന്യൂസ് ആപ്പ് തയാറാക്കിയിട്ടുള്ളത്.
സഭയിലെ നാല്‍പ്പത്തിയഞ്ചു ലക്ഷത്തോളം വരുന്ന വിശ്വാസികളില്‍ പതിനഞ്ചു ലക്ഷം പേരും കേരളത്തിനു പുറത്താണു ജീവിക്കുന്നത്. ഇന്ത്യയ്ക്കു പുറത്തു മാത്രം ഏഴര ലക്ഷത്തോളം പേരുണ്ട്. ഇവര്‍ക്കും മറ്റുള്ളവര്‍ക്കും സഭാവിശേഷങ്ങള്‍ വേഗത്തില്‍ അറിയാനും പങ്കുവയ്ക്കാനും മൊബൈല്‍ ആപ്പ് സഹായകമാകുമെന്നു സഭയുടെ ഔദ്യോഗിക വക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു.
സഭാകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പുകള്, ഔദ്യോഗിക പരിപാടികള്‍, സാമൂഹ്യവിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍, പത്രക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മൊബൈല്‍ ആപ്പില്‍ ലഭിക്കും. വിശ്വാസികളുടെ സഭാജീവിതം കൂടുതല്‍ സജീവമാക്കാന്‍ ഉപകരിക്കുന്ന മൊബൈല്‍ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കു പ്ലേ സ്റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാനാകും. വിന്‍ഡോസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ വഴി സീറോ മലബാര്‍ന്യൂസ് ആപ്പില്‍ എത്താനാകും.